ഹൈദരാബാദില്‍ 26കാരിയായ വെറ്ററിനറി ഡോക്ടറെ കൂട്ട ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളേയും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് പൊലീസ്. ഹൈദരാബാദില്‍ ഇന്നലെ രാത്രിയാണ് സംഭവം. അന്വേഷണത്തിന്റെ ഭാഗമായി കൊലപാതകം പുനരാവിഷ്‌കരിക്കുന്നതിനിടയിലാണ് സംഭവം. തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്‌ക്കേണ്ടി വന്നതെന്ന് പൊലീസ് വ്യക്തമാക്കി.

പൊലീസില്‍ നിന്നും തോക്ക് പിടിച്ചെടുത്ത് വെടിയുതിര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതികളെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. നാല് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി.

നവംബര്‍ 7ന് പുലര്‍ച്ചെയാണ് ഹൈദരാബാദിലെ ഔട്ടര്‍ റിങ് റോഡിലെ അടിപ്പാതയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. നവംബര്‍ 6ന് രാത്രി 9.22 ന് പെണ്‍കുട്ടി സഹോദരിയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ടോള്‍ പ്ലാസയില്‍ നിര്‍ത്തിയിട്ടിരുന്ന തന്റെ സ്‌കൂട്ടിയുടെ ടയര്‍ പഞ്ചറായ വിവരം യുവതി സഹോദരിയെ അറിയിച്ചിരുന്നു.