നടപ്പുവര്‍ഷം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച അഞ്ച് ശതമാനം മാത്രമായിരിക്കുമെന്ന് റിസര്‍വ് ബാങ്ക്. ഏഴ് ശതമാനം വളര്‍ച്ച നേടുമെന്ന കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം ഇതോടെ പൊളിഞ്ഞു. മൊത്തം ആഭ്യന്തരോല്‍പ്പാദനം (ജിഡിപി) അഞ്ച് ശതമാനമായിരിക്കുമെന്നാണ് പണനയ അവലോകനസമിതിക്കുശേഷം ആര്‍ബിഐ പ്രഖ്യാപിച്ചത്.
വിലക്കയറ്റം രൂക്ഷമായതിനാല്‍ റിപോ നിരക്കില്‍ മാറ്റംവരുത്തേണ്ടതില്ലെന്നും ആര്‍ബിഐ സമിതി തീരുമാനിച്ചു. റിസര്‍വ് ബാങ്ക് വാണിജ്യബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാലവായ്പകളുടെ പലിശനിരക്കായ റിപോ 5.15 ശതമാനമായി നിലനിര്‍ത്തി. കഴിഞ്ഞ അഞ്ച് തവണയും നിരക്ക് കുറച്ചിരുന്നു.
വിപണിയില്‍ പണലഭ്യത കൂട്ടാന്‍ ഇക്കുറിയും നിരക്ക് കുറയ്ക്കുമെന്നായിരുന്നു പ്രതീക്ഷ. സമിതിയുടെ അടുത്തയോഗം 2020 ഫെബ്രുവരി നാലുമുതല്‍ ആറുവരെ നടക്കും. വരും മാസങ്ങളിലും സാമ്പത്തികവളര്‍ച്ച ഇടിയുമെന്നാണ് ആര്‍ബിഐ നല്‍കിയ മുന്നറിയിപ്പ്.
Get real time update about this post categories directly on your device, subscribe now.