
തെലങ്കാനയില്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ സംഭവത്തില്‍ വ്യത്യസ്തപ്രതികരങ്ങളാണ് സോഷ്യല്‍മീഡിയയിലുള്ളത്.
പ്രതികളെ ഓടിച്ചിട്ട് വെടിവെച്ചുകൊല്ലുന്നത് നീതി നടപ്പാക്കലാണോയെന്ന് ഒരു വിഭാഗം ചോദിക്കുന്നു. യുവതിയെ ക്രൂരമായി കൊന്നവരെ, വെടിവച്ചു തന്നെ കൊല്ലണമെന്നും മറുഭാഗം വാദിക്കുന്നു.
സംഭവത്തില്‍ ജനാധിപത്യ മഹിള അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അംഗം സുകന്യ നാരായണന്‍ എഴുതിയ കുറിപ്പ്:
തെലുങ്കാന പോലീസിനെ പ്രകീര്‍ത്തിക്കുന്നവര്‍ മറന്നു പോവുന്നു. നവം. 27ന് രാത്രി പരാതിയുമായി സ്റ്റേഷനില്‍ ചെന്ന യുവതിയുടെ സഹോദരിയെ ഒരു സ്റ്റേഷനില്‍ നിന്ന് മറ്റൊരിടത്തേക്ക് ഓടിച്ചതും ഒടുവില്‍ പുലര്‍ച്ചെ നാലുമണിയാവുമ്പോള്‍ മാത്രം പരാതി രേഖപ്പെടുത്താന്‍ തയ്യാറായതും ഇതേ പോലീസായിരുന്നു.
അന്നു രാത്രിയിലെ വീഴ്ച ഭംഗിയായി മറച്ചുവയ്ക്കാന്‍ ഈ ‘ഏറ്റുമുട്ടലിലൂടെ’ അവര്‍ക്കു കഴിഞ്ഞു. അതില്‍ വീണു പോകാന്‍ നമ്മളും ഉന്നാവോ യില്‍ കോടതിയിലേക്ക് പോവും വഴി ആക്രമിക്കപ്പെട്ട 90% പൊള്ളലേറ്റ മറ്റൊരു പെണ്‍കുട്ടിയുണ്ട്.
ആ കേസിലെ പ്രതികളെയും ഇങ്ങനെ ശിക്ഷിക്കുമോ? ബിജെപി എംഎല്‍എയുണ്ടല്ലോ ഉന്നാവോയില്‍ത്തന്നെ ബലാല്‍സംഗക്കേസില്‍ പ്രതിയായിട്ട്.
ആ പെണ്‍കുട്ടിയെ വാഹനമിടിച്ച് കൊല്ലാനല്ലേ ശ്രമിച്ചത്? അയാളെയും വെടിവയ്ക്കുമോ? ബി ജെ പി എം പിയായിരുന്ന ചിന്മയാനന്ദ് Rape Case ല്‍ പ്രതിയാണ്. അതിലെന്താ പോലീസിന്റെ നിലപാട്?
പറയാതിരിക്കാന്‍ വയ്യ… ഇതല്ല അതിക്രമങ്ങള്‍ കുറയ്ക്കാനുള്ള വഴി. നമുക്കു വേണ്ടത് കൃത്യമായി കേസ് ചാര്‍ജ് ചെയ്യുന്ന പോലീസും അതിവേഗ കോടതികളുമൊക്കെയാണ്. നമുക്കു വേണ്ടത് സ്ത്രീയോടുള്ള, സമൂഹത്തിന്റെ മനോഭാവത്തിലെ മാറ്റമാണ്.
കത് വയിലെ പെണ്‍കുട്ടിക്ക് നീതി വേണമെന്നത് fb profile ആക്കിയ ആളെ മലപ്പുറത്തെ തീയേറ്ററിനകത്ത് പിഞ്ചുകുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റു ചെയ്തത് ഓര്‍മയുണ്ടല്ലോ. ഇന്ന് ആര്‍ത്ത് അട്ടഹസിക്കുന്നവരിലും അത്തരക്കാര്‍ ഉണ്ടാകുമല്ലോ എന്ന തോന്നല്‍ തന്നെ പേടിപ്പിക്കുന്നതാണ്.
അത്തരക്കാരോടല്ല, ക്രിമിനലുകള്‍ക്ക് കടുത്ത ശിക്ഷ വേണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന നിഷ്‌കളങ്കരായ മനുഷ്യരോട് മാത്രമാണ് പറയാനുള്ളത്, ഇതല്ല വഴി…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here