
ഇടുക്കി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഒഫീസില്‍ വെച്ച് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ നേതാവിന് മര്‍ദ്ദനം. പരിക്കേറ്റ കാരിക്കോട് സ്വദേശി തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് ജാഫര്‍ഖാനെതിരെ പൊലീസ് കേസെടുത്തു.
ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്റെ യോഗം നടക്കുന്നതിനിടെയാണ് കയ്യേറ്റമുണ്ടായത്. രാജീവ് ഭവന്റെ ഒന്നാം നിലയിലായിരുന്നു സംഭവം.
ഫെഡറേഷന്‍ തൊടുപുഴ ബ്ലോക്ക് പ്രസിഡണ്ടിന്റെ ചുമതലയുള്ള തൈപറമ്പില്‍ ഹലീലിനാണ് മര്‍ദ്ദനമേറ്റത്. ജില്ലാ കമ്മിറ്റി ഓഫീസില്‍ യോഗം ചേര്‍ന്നത് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് തൊടുപുഴ ബ്ലോക്ക് കമ്മിറ്റി ആക്ടിങ് പ്രസിഡണ്ട് ജാഫര്‍ ഖാന്‍ മര്‍ദ്ദിക്കുകയായിരുന്നു. ഡിസിസി പ്രസിഡണ്ട് ഇബ്രാഹിംകുട്ടി കല്ലാറിന്റെ സാന്നിധ്യത്തിലായിരുന്നു അക്രമം.
സംഭവത്തില്‍ തൊടുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചു. ജാഫര്‍ഖാനെതിരെ പാര്‍ട്ടി തലത്തില്‍ നടപടി ആവശ്യപ്പെട്ട് ഡിസിസി, കെപിസിസി പ്രസിഡണ്ടുമാരെ നേരില്‍ കണ്ട് പരാതി ബോധിപ്പിക്കാനാണ് ഹലീലിന്റെ തീരുമാനം.
നടപടിയുണ്ടായില്ലെങ്കില്‍ പാര്‍ട്ടി ഒഫീസിന് മുന്നില്‍ സത്യാഗ്രഹം നടത്തുമെന്നും ഹലീല്‍ വ്യക്തമാക്കി. അതേസമയം, വിഷയത്തില്‍ പ്രതികരിക്കാന്‍ ജാഫര്‍ഖാനും ഡിസിസി പ്രസിഡണ്ട് ഇബ്രാഹിംകുട്ടി കല്ലാറും തയ്യാറായില്ല

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here