‘ജയശങ്കര്‍ എന്ത് തെമ്മാടിത്തരം പറഞ്ഞാലും കേട്ടിരിക്കാന്‍ വിധിക്കപ്പെട്ടയാളല്ല താന്‍; അയാള്‍ വെല്ലുവിളിക്കട്ടെ മര്യാദ പഠിപ്പിക്കും’: എംബി രാജേഷ്

ചാനല്‍ ചര്‍ച്ചയില്‍ അഡ്വക്കറ്റ് ജയശങ്കറിന്റെ പതിവ് ആരോപണ രീതിക്ക് അങ്ങോട്ട് വിളിച്ച് മറുപടി പറഞ്ഞ് എംബി രാജേഷ്.

തെലങ്കാന എന്‍കൗണ്ടര്‍ കേസില്‍ ഒരു സ്വകാര്യ ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് ജയശങ്കര്‍ എംബി രാജേഷിന് നേരെ വ്യക്തിപരമായ ആരോപണമുന്നയിച്ചത്.

വാളയാര്‍ കേസില്‍ പ്രതികളെ രക്ഷിച്ചത് സിപിഐഎം നേതാവ് എംബി രാജേഷിന്റെ ഇടപെടലോടെയാണെന്നാണ് ജയശങ്കര്‍ ചര്‍ച്ചയില്‍ ഉന്നയിച്ചത്.

എന്നാല്‍ ജയശങ്കറിന്റെ പരാമര്‍ശത്തിന് ചര്‍ച്ചയിലേക്ക് വിളിച്ച് എംബി രാജേഷ് മറുപടി പറഞ്ഞു. ജയശങ്കറിന്റെ ആരോപണം ശ്രദ്ധയില്‍പെട്ട പ്രേക്ഷകരാണ് തന്നെ വിളിച്ചു പറഞ്ഞതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് എംബി രാജേഷ് പറഞ്ഞു.

‘ആദ്യം ഇത്തരം അപമാനകരമായ ആരോപണം ഉന്നയിച്ച് ഹിന്ദു ഐക്യവേദി നേതാവായ ശശികലയാണ്. മറ്റു ചിലരും ഈ ആരോപണം ഉന്നയിച്ചു. അവര്‍ക്കെതിരായി ഡി.ജി.പിക്കു പരാതിയും കൊടുത്തിട്ടുണ്ട്, ക്രിമിനല്‍ നടപടിയും ആരംഭിച്ചിട്ടുണ്ട്.

ജയശങ്കറിന് ആരെയും എന്തു പുലഭ്യവും പറയാന്‍ ജന്മാവകാശമുണ്ടെന്നു കരുതുന്നയാളാണ്. സര്‍വത്ര പുച്ഛം, പരപുച്ഛം, പുലഭ്യം പറച്ചില്‍, ഇതൊക്കെ ഒരലങ്കാരമായി കൊണ്ടുനടക്കുന്നയാളാണ്. ഞാന്‍ അയാളെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ല.

പക്ഷേ എന്തു തെമ്മാടിത്തരം പറഞ്ഞാലും കേട്ടിരിക്കാന്‍ വിധിക്കപ്പെട്ട ഒരാളല്ല എന്നു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിയമനടപടി ജയശങ്കറിനു നേരെയും സ്വീകരിക്കും.’- രാജേഷ് പറഞ്ഞു.

‘നിയമനടപടിയെ ഭയപ്പെടുന്നയാളൊന്നുമല്ല അഡ്വ. ജയശങ്കര്‍. അദ്ദേഹത്തിന്റെ നേതാവായ സഖാവ് പിണറായി വിജയന്‍ പണ്ട് എനിക്കെതിരെ മാനനഷ്ടത്തിന് നോട്ടീസ് അയച്ചിട്ടുള്ളതാണ്. വെറും 50 ലക്ഷം രൂപയേ ചോദിച്ചുള്ളൂ. എന്തായാലും അദ്ദേഹം പിന്നീട് കേസ് കൊടുക്കുകയുണ്ടായില്ല.

എന്തായാലും ആ അവസരം രാജേഷിന് കൈവന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഞാന്‍ പറഞ്ഞതില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. അദ്ദേഹം കേസ് കൊടുക്കട്ടെ.’ ഇതായിരുന്നു ജയശങ്കറിന്റെ മറുപടി

ഇതിനും രാജേഷ് മറുപടി നല്‍കി- ‘ജയശങ്കര്‍ വെല്ലുവിളിക്കട്ടെ. ജയശങ്കറിനെക്കൊണ്ടു മര്യാദ പഠിപ്പിക്കും. ആരെക്കുറിച്ചും എന്തും വിളിച്ചുപറയാമെന്നാണോ. ജയശങ്കര്‍ അതൊരു ശീലമാക്കിയിരിക്കുകയാണ്.

എന്നെക്കുറിച്ച് അതു പറഞ്ഞാല്‍ എനിക്കതില്‍ പൂര്‍ണമായ ബോധ്യമുള്ളതുകൊണ്ടും അതംഗീകരിച്ചു കൊടുക്കാന്‍ സൗകര്യപ്പെടാത്തതുകൊണ്ടും അതില്‍ ഭയപ്പെടേണ്ട കാര്യമില്ലാത്തതുകൊണ്ടും ജയശങ്കര്‍ വെല്ലുവിളിക്കട്ടെ. ടെലിവിഷന്‍ ചാനലിലിരുന്ന് പുച്ഛിക്കലും വെല്ലുവിളിക്കലുമാണല്ലോ ജോലി. മര്യാദ പഠിപ്പിച്ചിരിക്കും.’- അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here