കാക്കിയുടെ കാട്ടുനീതി; പ്രതിരോധമെന്ന് പ്രതികരണം; ഒടുക്കം ഇടപെട്ട് ഹൈക്കോടതി

ഹൈദരാബാദ്‌: വെറ്ററിനറി ഡോക്ടറെ കൂട്ട ബലാത്സംഗംചെയ്ത് കൊന്ന്‌ കത്തിച്ച കേസിലെ നാല് പ്രതികളെയും പൊലീസ് വെടിവച്ചുകൊന്നു.

തെളിവെടുപ്പിന്റെ ഭാഗമായി സംഭവസ്ഥലത്ത്‌ കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടെ പ്രതികൾ ആയുധങ്ങൾ തട്ടിപ്പറിച്ച്‌ പൊലീസിനെ ആക്രമിച്ച്‌ രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ്‌ വെടിവച്ചതെന്നാണ്‌ പൊലീസ്‌ ഭാഷ്യം.

ഡോക്ടർ കൊല്ലപ്പെട്ട സ്ഥലത്ത്‌ വെള്ളിയാഴ്ച രാവിലെ ആറരയോടെയായിരുന്നു വെടിവയ്‌പ്‌. ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന ജോല്ലു ശിവ (20), ജോല്ലു നവീൻകുമാർ (20), മുഹമ്മദ്‌ ആരിഫ്‌ (26), ചിന്തകുന്ത ചന്നകേശവുലു (20) എന്നിവരാണ് മരിച്ചത്‌. പുലർച്ചെ 5.45ന്‌ ആരംഭിച്ച ഏറ്റുമുട്ടൽ 6.30 വരെ നീണ്ടതായി പൊലീസ്‌ പറഞ്ഞു.

നവംബർ 29 ന്‌ റിമാൻഡിലായ പ്രതികളെ തെളിവെടുപ്പിനായി ബുധനാഴ്‌ചയാണ്‌ പൊലീസിന്‌ കൈമാറാൻ ഷദ്‌നഗർ കോടതി ഉത്തരവിട്ടത്‌.

വ്യാഴാഴ്‌ച പൊലീസ്‌ കസ്‌റ്റഡിയിൽ വാങ്ങി. തെളിവെടുപ്പിനെത്തിക്കുമ്പോൾ ഉദ്യോഗസ്ഥരുൾപ്പെടെ പത്ത്‌ പൊലീസുകാരാണ്‌ പ്രതികൾക്കൊപ്പം ഉണ്ടായിരുന്നത്‌.

രണ്ടുപേർക്ക്‌ ആക്രമണത്തിൽ പരിക്കേറ്റു. ഇവർ ചികിത്സയിലാണ്‌. പ്രതികൾ കൊല്ലപ്പെട്ടതിൽ റിപ്പോർട്ട്‌ സമർപ്പിക്കാൻ കേന്ദ്രം തെലങ്കാന സർക്കാരിനോട്‌ ആവശ്യപ്പെട്ടു. – മൃതദേഹങ്ങൾ കുടുംബങ്ങൾക്ക്‌ കൈമാറും.

ഡോക്ടറുടെ കൊലപാതകത്തെ തുടർന്ന്‌ തെലങ്കാനയിൽ പടർന്ന പ്രതിഷേധം ചന്ദ്രശേഖർ റാവു സർക്കാരിനെ പിടിച്ചുലച്ച സമയത്താണ്‌ ദുരൂഹമായ ഏറ്റുമുട്ടൽക്കൊലപാതകം നടന്നത്‌.

സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ ഉയർന്നു. ദേശീയ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്ത്‌ അന്വേഷണത്തിന്‌ പ്രത്യേകസംഘത്തെ നിയോഗിച്ചു.

ഹൈക്കോടതി ഇടപെട്ടു

തിങ്കളാഴ്‌ചവരെ മൃതദേഹങ്ങൾ സൂക്ഷിക്കണമെന്നും പോസ്‌റ്റ്‌മോർട്ടം നടപടി വീഡിയോയിൽ പകർത്തണമെന്നും തെലങ്കാന ഹൈേക്കാടതി നിർദേശിച്ചു. മെഹബൂബ നഗർ ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ മേൽനോട്ടത്തിലായിരിക്കണം പോസ്‌റ്റുമോർട്ടം.

പ്രതിരോധമെന്ന്‌ പൊലീസ്‌

ഹൈദരാബാദ്‌: നിയമം അതിന്റെ കട‌മ നിർവഹിച്ചെന്ന് സൈബറാബാദ്‌ സിറ്റി പൊലീസ്‌ കമീഷണർ വി സി സജ്ജനാർ. പ്രതികൾ തെളിവെടുപ്പിനിടെ കൊലപ്പെട്ടതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പീഡനവും കൊലപാതകവും നടന്ന സ്ഥലത്ത്‌ വെള്ളിയാഴ്‌ച പുലർച്ചെ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ പ്രതികൾ പൊലീസിനെതിരെ തിരിയുകയായിരുന്നു. വടിയും കല്ലും ഉപയോ​ഗിച്ച് പൊലീസിനെ ആക്രമിച്ചു. പൊലീസിൽനിന്ന്‌ തോക്ക് തട്ടിയെടുത്ത് വെടിവച്ചു.

പ്രധാന പ്രതി മുഹമ്മദ്‌ ആരിഫാണ്‌ ആദ്യം വെടിയുതിർത്തത്‌. പ്രതിരോധിക്കാനായി തിരിച്ച് വെടിവച്ചപ്പോഴാണ് പ്രതികൾ കൊല്ലപ്പെട്ടതെന്നും കമീഷണർ പറഞ്ഞു.

ഡോക്ടറെ കൊന്നത്‌ 27ന്‌

നവംബർ 27നാണ്‌ വെറ്ററിനറി ഡോക്ടറായ ഇരുപത്തിയേഴുകാരിയെ പീഡിപ്പിച്ചുകൊന്നശേഷം പെട്രോൾ ഒഴിച്ചു കത്തിച്ചത്‌. വൈകീട്ട്‌ ആറരയോടെ ഡോക്ടർ ഷംഷാബാദ് ടോൾ പ്ലാസയിൽ ഇരുചക്രവാഹനം നിർത്തി പോകുന്നത് കണ്ട പ്രതികൾ ടയർ പഞ്ചറാക്കി.

രാത്രി ഒമ്പതോടെ യുവതി തിരിച്ചെത്തി. പ്രതികളിലൊരാൾ സഹായിക്കാനെന്ന പേരിലെത്തി. തുടർന്ന്‌ സംഘം ബലമായി പിടിച്ച് കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തി പെട്രോളൊഴിച്ച്‌ കത്തിച്ചു.

കത്തിക്കരിഞ്ഞ ശരീരം 28 ന്‌ രാവിലെ ദേശീയ പാതയ്‌ക്ക്‌ സമീപം കലുങ്കിനടിയിൽ കണ്ടെത്തി. 29ന്‌ നാല് പ്രതികളെയും അറസ്റ്റ് ചെയ്തു.

30ന്‌ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡുചെയ്‌തു. നാലിന്‌ കൂടുതൽ തെളിവെടുപ്പിനായി കോടതി പൊലീസിന്‌ കൈമാറാൻ ഉത്തരവിട്ടു.

വ്യാഴാഴ്‌ച രാവിലെ ജയിലിൽ നിന്ന്‌ പ്രതികളെ ഏറ്റുവാങ്ങിയ പൊലീസ്‌ വെള്ളിയാഴ്‌ച പുലർച്ചെ ഡോക്ടർ മരിച്ച സ്ഥലത്ത്‌ തെളിവെടുപ്പിനെത്തിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here