തദ്ദേശ ഭരണസ്ഥാപന തെരഞ്ഞെടുപ്പിനുള്ള കരട്‌ വോട്ടർപട്ടിക ജനുവരിയിൽ. പേര്‌ ചേർക്കലിനും തിരുത്തലുകൾക്കും രണ്ടു മാസം സമയം നൽകും.

2015ൽ വാർഡ്‌ അടിസ്ഥാനത്തിൽ തയ്യാറാക്കിയ സ്വന്തം വോട്ടർപട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷൻ കുറ്റമറ്റ രീതിയിൽ പുതുക്കിയാണ്‌ പ്രസിദ്ധീകരിക്കുക.

2019ലെ ഇന്ത്യൻ തെരഞ്ഞെടുപ്പ്‌ കമീഷന്റെ പട്ടിക അടിസ്ഥാനമാക്കി തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടർപട്ടിക തയ്യാറാക്കണമെന്ന ആവശ്യത്തിൽ കഴമ്പില്ലെന്നും ഇത്‌ പ്രായോഗികമല്ലെന്നും സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷൻ വ്യക്തമാക്കി.

ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടർപട്ടിക തദ്ദേശ വാർഡ്‌ അടിസ്ഥാനത്തിൽ ഉള്ളതല്ല. ഇത്‌ വാർഡ്‌ അടിസ്ഥാനത്തിലാക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ച്‌ ഫീൽഡ്‌ വർക്ക്‌ ഉൾപ്പെടെ വലിയ പ്രയത്നം വേണ്ടിവരും.

2015ൽ ഇത്തരത്തിൽ വിശദമായ സർവേ നടത്തിയാണ്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷന്റെ വോട്ടർപട്ടികയെ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷൻ വാർഡ്‌ അടിസ്ഥാനത്തിലാക്കിയത്‌.

ഇതിൽ കൂട്ടിച്ചേർക്കലുകളും ആവശ്യമായ തിരുത്തലുകളും വരുത്തേണ്ട ആവശ്യമേ ഉള്ളൂവെന്ന്‌ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണർ വി ഭാസ്‌കരൻ ദേശാഭിമാനിയോട്‌ പറഞ്ഞു.

വാർഡുകളുടെ വിഭജനം ആവശ്യമായി വന്നാലും ഈ പട്ടിക അനായാസം വിഭജിക്കാം. ഇതിനു പകരം കേന്ദ്ര കമീഷന്റെ വോട്ടർപട്ടിക ഒന്നടങ്കം വീണ്ടും വാർഡ്‌ അടിസ്ഥാനത്തിലാക്കുന്നത്‌ അനാവശ്യമായ ജോലിയാകും.

കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വോട്ട്‌ ചെയ്‌തു എന്നു കരുതി തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടർപട്ടികയിൽ പേര്‌ ഉണ്ടാകണമെന്നില്ല.

ഇക്കാര്യം വിശദമായി പരിശോധിക്കാനും പുതിയ വോട്ടർമാരെ ചേർക്കാനും രണ്ടു മാസം അനുവദിക്കും. ആവശ്യമെങ്കിൽ സമയം ദീർഘിപ്പിക്കുമെന്നും കമീഷൻ വ്യക്തമാക്കി.

ലോക്‌സഭയുടെ വോട്ടർപട്ടിക മതിയെന്ന്‌ കോൺഗ്രസ്‌

തിരുവനന്തപുരം

തദ്ദേശസ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടർപട്ടിക ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർക്ക്‌ കോൺഗ്രസ്‌ നിവേദനം നൽകി. കെപിസിസി ജനറൽ സെക്രട്ടറിമാരായ തമ്പാനൂർ രവി, ശൂരനാട് രാജശേഖരൻ എന്നിവരാണ്‌ നിവേദനം നൽകിയത്‌.