കോട്ടയം കാഞ്ഞിരപ്പള്ളിയിൽ എട്ടാംക്ലാസുകാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

കാഞ്ഞിരപ്പള്ളി കരിമ്പുകയം സ്വദേശി അരുൺ സുരേഷിനെ ഇന്നു പുലർച്ചെ ആനക്കല്ലിൽ നിന്നാണ് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്. മറ്റൊരു മോഷണക്കേസിലും പ്രതിയാണ് അരുൺ സുരേഷ്.

കുടിവെള്ളം ചോദിച്ച് വീട്ടിലെത്തിയ ഇയാളാണ് അതിക്രമിച്ച് കയറി 12 വയസുകാരിയെ ബലാത്സംഗത്തിനിരയാക്കിയതെന്ന് പോലീസ് പറഞ്ഞു.

വ്യാഴാഴ്ച്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. കുട്ടി സ്കൂൾ വിട്ടു വന്ന സമയം തക്കം പാർത്തിരുന്ന അക്രമി കുടിവെള്ളം ചോദിച്ചെത്തുകയായിരുന്നു.

തുടർന്ന് വീട്ടിലേക്ക് അതിക്രമിച്ച് കയറി കുട്ടിയെ ശാരീരികമായി ഉപദ്രവിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു.

പെൺകുട്ടി അമ്മയെ ഫോണിൽ വിളിച്ച് വിവരമറിയിച്ചതിനെ തുടർന്ന് വ്യാഴാഴ്ച്ച രാത്രി 9 മണിയോടെ വീട്ടുകാർ പോലീസിൽ പരാതി നൽകിയത്.

പോലീസ് നൽകിയ ഫോട്ടോകൾ പരിശോധിച്ചാണ് പീഡനത്തിനിരയായ കുട്ടി പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാൾ പലപ്പോഴും വീടിന്റെ പരിസരത്തുകൂടി ബൈക്കിൽ പോകുന്നത് കണ്ടിട്ടുണ്ടെന്ന് പെൺക്കുട്ടി മൊഴി നൽകി.

ബലാത്സംഗത്തിന് 376 വകുപ്പ് പ്രകാരവും പോക്സോ നിയമപ്രകാരവുമാണ് കേസെടുത്തത്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.