”ഉന്നാവ് യുവതിയെ കൊന്നത് യുപി സര്‍ക്കാര്‍; സംരക്ഷിക്കാന്‍ സര്‍ക്കാരിനായില്ല; പ്രതികള്‍ പുറത്തെത്തിയത് സര്‍ക്കാരിന്റെ ഒത്താശയോടെ”; പ്രതിഷേധം ശക്തം, തൂക്കിലേറ്റണമെന്ന് യുവതിയുടെ കുടുംബം; 11 മാസത്തിനുള്ളില്‍ യുപിയില്‍ 86 ബലാത്സംഗ കേസുകള്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ തീകൊളുത്തി കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു.

അഞ്ച് പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്ന് കൊല്ലപ്പെട്ട് യുവതിയുടെ കുടുംബം ആവശ്യപ്പെട്ടു.

”എന്റെ സഹോദരി ഇപ്പോള്‍ ഞങ്ങള്‍ക്ക് ഒപ്പമില്ല. എന്റെ ഒരേയൊരു ആവശ്യം ആ അഞ്ച് പ്രതികള്‍ക്കും വധശിക്ഷ നല്‍കണം എന്ന് മാത്രമാണ്”. യുവതിയുടെ സഹോദരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഉന്നാവ് പെണ്‍കുട്ടിയെ കൊന്നത് ഉത്തര്‍പ്രദേശ് സര്‍ക്കാരാണെന്ന് ബൃന്ദ കാരാട്ട് കുറ്റപ്പെടുത്തി. ഇരയായ പെണ്‍കുട്ടിയെ സംരക്ഷിക്കാന്‍ സര്‍ക്കാരിനായില്ലെന്നും പ്രതികള്‍ ജയിലിന് പുറത്തെത്തിയത് സര്‍ക്കാരിന്റെ ഒത്താശയോടെയാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

കേസിലെ പ്രതികളെ ഒരു മാസത്തിനുള്ളില്‍ തൂക്കിക്കൊല്ലണമെന്ന് ദില്ലി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ആവശ്യപ്പെട്ടു.

പീഡനത്തിനിരയായ 23കാരിയാണ് വെള്ളിയാഴ്ച അര്‍ധരാത്രി 11.40ഓടെ മരിച്ചത്. രാത്രി 11.10ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

കഴിഞ്ഞ മാര്‍ച്ചിലാണ് യുവതി ബലാത്സംഗത്തിന് ഇരയായത്.

കേസിന്റെ വാദത്തിന് കോടതിയിലേക്ക് പോകവെ വ്യാഴാഴ്ച രാവിലെ പത്തോടെ പ്രതികള്‍ ഉള്‍പ്പെട്ട സംഘം തീകൊളുത്തിയ യുവതി ഡല്‍ഹിയില്‍ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 90 ശതമാനം പൊള്ളലേറ്റിരുന്നു.

മര്‍ദിച്ചവശയാക്കി കുത്തിവീഴ്ത്തിയ ശേഷമാണ് തീകൊളുത്തിയത്. ജാമ്യത്തില്‍ ഇറങ്ങിയ മുഖ്യപ്രതി ശിവം ത്രിവേദിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു.

അതേസമയം, കൊല്ലപ്പെട്ട യുവതിയുടെ പോസ്റ്റ്‌മോര്‍ട്ടം തുടരുകയാണ്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള വിദഗ്ദ്ധ ഡോക്ടറടക്കം മൂന്ന് പേരാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ പരിശോധന നടത്തിയത്.

ഇതിനിടെ, കഴിഞ്ഞ 11 മാസത്തിനുള്ളില്‍ യുപിയില്‍ 86 ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

ഉന്നാവിലെ യുവതി മരിച്ച ശേഷവും കൂട്ടബലാത്സംഗ കേസ് റിപ്പോര്‍ട്ട് ചെയ്തു. ബുലന്ദ് ഷഹറില്‍ 14കാരിയെയാണ് മൂന്നംഗ സംഘം കൂട്ടബലാല്‍സംഗം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News