ജപ്പാന്‍-കൊറിയ സന്ദര്‍ശനങ്ങള്‍ വിജയകരം; വിമര്‍ശനങ്ങളില്‍ ക‍ഴമ്പില്ല; യുവാക്കളെ മുന്‍നിര്‍ത്തി വ്യവസായവും നിക്ഷേപങ്ങളും സംസ്ഥാനത്തേക്കെത്തിക്കാന്‍ ക‍ഴിഞ്ഞു

തിരുവനന്തപുരം: വികനസനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക്‌ കടക്കുന്ന സംസ്ഥാനത്തിന്റെ നേട്ടങ്ങൾക്ക്‌ കുതിപ്പേകുന്ന സന്ദർശനമായിരുന്നു ജപ്പാനിലേതും കൊറിയയിലേതുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സന്ദർശനത്തന്റെ നേട്ടങ്ങൾ മാധ്യമങ്ങളോട്‌ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം, ഐടി, ഭക്ഷ്യസംസ്‌കരണം, മത്സ്യബന്ധനം, മാലിന്യ സംസ്‌കരണം, നൈപുണ്യവികസനം, ദുരന്തനിവാരണം തുടങ്ങിയ രംഗങ്ങളിൽ ഗുണകരമാകാവുന്ന സന്ദർശനമാണ്‌ പൂർത്തിയാക്കിയത്‌.

കേരളത്തിന്റെ യുവതയെ മുന്നിൽക്കണ്ടുള്ള യാത്രയായിരുന്നു. ഓരോ കൂടിക്കാഴ്‌ചയും യുവജനങ്ങൾക്ക്‌ പ്രയോജനപ്പെടും എന്ന്‌ ഉറപ്പാക്കാനായി. അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ഉന്നത വിദ്യാഭ്യാസം, ആധുനിക കാലത്തിന്‌ അനുയോജ്യമായ നൈപുണ്യവികസനം എന്നിവ ഉറപ്പുവരുത്താനായി.

ജപ്പാനിലെ ചില കമ്പനികൾ ഇപ്പോൾ തന്നെ കേരളത്തിൽ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്‌. അവർക്ക്‌ കേരളത്തെക്കുറിച്ച്‌ വലിയ മതിപ്പാണ്‌.

ഈ അനുകൂലാവസ്ഥ കൂടുതൽ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുക എന്നതാണ്‌ സന്ദർശനത്തിലൂടെ ശ്രമിച്ചത്‌. ചെറുകിട വ്യവസായങ്ങളിലും സാങ്കേതിക വിദ്യയിൽ അധിഷ്ടിതമായ നൂതന വ്യവസായങ്ങളുടെ കാര്യത്തിലും ജപ്പാൻ മുന്നിലാണ്‌.

ഇവ കേരളത്തിന്‌ അനുയോജ്യമാണ്‌. ഇത്‌ പരമാവധി കേരളത്തിലേക്ക്‌ ആകാർഷിക്കാനാണ്‌ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

200 കോടി രൂപയുടെ നിക്ഷേപം കേരളത്തിലേക്ക്‌ ഉറപ്പിക്കാനായി. ജപ്പാനിൽ നിന്ന്‌ മാത്രം നൂറ്‌ കണക്കിന്‌ കോടിയുടെ നിക്ഷേപം കേരളത്തിലേക്കെത്തും.

കേരളത്തിൽ നാല്‌ പതിറ്റാണ്ട്‌ കാലം പ്രവർത്തന പരിചയമുള്ള നീറ്റാ ജെലാറ്റിൻ പ്രവർത്തനങ്ങൾ വിപുലപ്പെടുത്താൻ 200 കോടിയുടെ നിക്ഷേപം നടത്തും. ഇത്‌ കേരളത്തിലെ മാറിയ നിക്ഷേപ സൗഹൃദ സാഹചര്യത്തിനുള്ള അംഗീകാരമാണ്‌.

തെർമോ കോർപറേഷൻ, തിരുവനന്തപുരത്തുള്ള തെർമോ പെൻബോളിൻ 105 കോടിയുടെ നിക്ഷേപം നടത്തും. ലോകത്തിനാവശ്യമായ ബ്ലഡ്‌ ബാഗ്‌കളുടെ 10ശതമാനം കേരളത്തിൽ ഉൽപാദിപ്പിക്കാനാവും.

തോഷിബയുമായി ലിഥിയം ടൈറ്റാനിയം ഓക്‌സൈഡ്‌ ബാറ്ററിയുടെ സാങ്കേതികവിദ്യ കൈമാറ്റത്തിന്‌ താൽപര്യപത്രം ഒപ്പുവച്ചു.

2022 ഓടെ കേരളത്തിൽ 10ലക്ഷം വൈദ്യുത വാഹനങ്ങൾ നിരത്തിലിറക്കാനാണ്‌ ലക്ഷ്യം വയ്‌ക്കുന്നത്‌. ഇതിൽ എൽടിഒ ബാറ്ററി ഉപയോഗിക്കാം.

എൽഡിഎഫിന്റെ പ്രകടനപത്രികയിൽ കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട്‌ നടപ്പാക്കാനുദ്ദേശിക്കുന്ന കാര്യങ്ങൾ അക്കമിട്ട്‌ രേഖപ്പെടുത്തിയിരുന്നു. അവയിൽ ബഹുഭൂരിഭാഗവും നടപ്പാക്കാനായി.

നാടിന്റെ ഭാവിക്ക്‌ യോജിച്ച അടിസ്ഥാന സൗകര്യവികസനത്തിന്‌ ഉതകുംവിധത്തിൽ നിക്ഷേപങ്ങളെയും ആധുനിക വ്യവസായങ്ങളെയും ആകർഷിക്കൽ, കേരളത്തിൽ തന്നെ ഉൽപാദ്നം വർധിപ്പിക്കൽ, വിഭവങ്ങളുടെ നീതിയുക്തമായ വിതരണം ഇവയെല്ലാം പ്രകടന പത്രികയിൽ പറഞ്ഞു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്‌ പല മേഖലകളിലും നേട്ടങ്ങളുണ്ടാക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.

അടിസ്ഥാന സൗകര്യവികസനം, വിദ്യാഭ്യാസം, ആരോഗ്യം, പുത്തൻ വ്യവസായങ്ങൾ, ഇത്തരം കാര്യങ്ങളിൽ നമുക്ക്‌ വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക്‌ കടക്കേണ്ടതായിട്ടുണ്ട്‌. ആ ഉദ്ദേശത്തോടെയാണ്‌ ജപ്പാനും കൊറിയയും സന്ദർശിച്ചത്‌.

വിജയകരമായ സന്ദർശനമായിരുന്നു ഇത്‌. ഉൽപാദനം വർധിപ്പിക്കുകയും നീതിയുക്തമായി വിതരണം നടക്കുകയും ചെയ്‌താൽ മാത്രമേ ജനങ്ങളുടെ ജീവിതത്തെ ഗുണപരമായി മുന്നോട്ട്‌ നയിക്കാനാവു.

ഇതിന്‌ ശാസ്ത്ര സാങ്കേതിക രംഗത്ത്‌ മാനവരാശി ആർജിച്ച വിജ്ഞാനങ്ങളാകെ നാടിന്റെ സവിശേഷതയ്‌ക്കനുസരിച്ച്‌ ഉപയോഗപ്പെടുത്താനാവണം.

അങ്ങനെ വന്നാൽ ഉൽപാദന രംഗത്ത്‌ വലിയ മാറ്റമുണ്ടാക്കാനാവും. ജപ്പാൻ, കൊറിയ പോലുള്ള രാജ്യങ്ങൾ ഈ രീതിയിൽ വലിയ അളവിൽ മുന്നോട്ട്‌ പോയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News