മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ പ്രോമോ സോങ് വൈറല്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘മാമാങ്കം’ ഡിസംബര്‍ 12നു റിലീസിങ്ങിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു. കൂടാതെ ചിത്രത്തിന്റെ പ്രോമോ സോങ് ഇപ്പോള്‍ യൂട്യൂബില്‍ വൈറാലായി കൊണ്ടിരിക്കുകയാണ്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും ചരിത്ര കഥാപാത്രമായി എത്തുന്ന സിനിമയ്ക്കായി വലിയ ആകാംക്ഷയോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. മെഗാ താരത്തിന്റെ കരിയറിലെ എറ്റവും വലിയ ചിത്രം കൂടിയാണ് മാമാങ്കം.

ചരിത്ര പശ്ചാത്തലത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന സിനിമ എം പദ്മകുമാറാണ് സംവിധാനം ചെയ്യുന്നത്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ തിരുനാവായ മണപ്പുറത്ത് വെച്ച് നടക്കാറുളള മാമാങ്കം പ്രമേയമാക്കി കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തില്‍ ചാവേറായിട്ടാണ് മെഗാസ്റ്റാര്‍ എത്തുന്നതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മമ്മൂക്കയ്ക്കൊപ്പം പ്രാധാന്യമുളള വേഷത്തിലാണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദനും എത്തുന്നത്. ഇവര്‍ക്കൊപ്പം അനു സിത്താര, പ്രാചി ടെഹ്ലാന്‍, കനിഹ തുടങ്ങിയവര്‍ നായികമാരായി എത്തുന്നു.

സിദ്ദിഖ്, മാസ്റ്റര്‍ അച്ചുതന്‍, സുദേവ് നായര്‍, മോഹന്‍ ശര്‍മ്മ, മണിക്കുട്ടന്‍, ഇടവേള ബാബു, സുരേഷ് കൃഷ്ണ, സുനില്‍ സുഖദ, മേഘനാഥന്‍, മണികണ്ഠന്‍ ആചാരി, അബു സലിം, ബൈജു എഴുപുന്ന, സുധീര്‍ സുകുമാരന്‍, നന്ദന്‍ ഉണ്ണി, ജയന്‍ ചേര്‍ത്തല, ബൈജു എഴുപുന്ന, തരുണ്‍ അറോറ, ഇനിയ, കവിയൂര്‍ പൊന്നമ്മ, മാല പാര്‍വതി, വത്സല മേനോന്‍,നിലമ്പൂര്‍ ആയിഷ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ശങ്കര്‍ രാമകൃഷ്ണന്റെ അവലംബിത തിരക്കഥയിലാണ് മാമാങ്കം അണിയിച്ചൊരുക്കുന്നത്.

കേരളത്തിനൊപ്പം ലോകമെമ്പാടുമായുളള തിയ്യേറ്ററുകളിലേക്കും മാമാങ്കം റിലീസിംഗിനുള്ള ഒരുക്കത്തിലാണ് . 55 കോടിയിലേറെ രൂപ ചെലവിട്ട് പ്രവാസി മലയാളിയായ വേണു കുന്നപ്പള്ളി കാവ്യ ഫിലിം കമ്പനിയുടെ ബാനറിലാണ് ‘മാമാങ്കം’ നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ക്യാമറ മനോജ് പിള്ളയാണ്. റഫീഖ് അഹമ്മദും അജയ് ഗോപാലും എഴുതിയ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത് എം. ജയചന്ദ്രനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here