വ്യവസായ നിക്ഷേപം പ്രേത്സാഹിപ്പിക്കും; തടസ്സങ്ങള്‍ നീക്കും: മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: വ്യവസായ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ അതിന്റെ അന്തഃസത്ത പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട് നടപ്പാക്കുന്നത് ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരിന്റെ നയങ്ങള്‍ക്കും കാഴ്ചപ്പാടിനും അനുസൃതമായി ചില സ്ഥലങ്ങളില്‍ ക്രിയാത്മകമായ സമീപനം ഉണ്ടാകുന്നില്ല എന്ന പരാതി പരിഹരിക്കും. അനാവശ്യമായ തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ ആരെയും അനുവദിക്കില്ല.

വ്യവസായ വാണിജ്യരംഗത്തെ പ്രമുഖരുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. യോഗത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ സെക്രട്ടറി സജ്ജയ് ഗാര്‍ഗ് എന്നിവരും പങ്കെടുത്തു.

വി.കെ.മാത്യൂസ് (ഐ.ബി.എസ്) മോഡറേറ്ററായിരുന്നു. കേരളത്തിന്റെ ഭാവി വികസനത്തില്‍ പ്രധാനമായ മേഖലയാണ് ടൂറിസമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രകൃതി ഭംഗികൊണ്ട് അനുഗൃഹീതമായ കേരളത്തിന്റെ സാധ്യതകള്‍ മുഴുവന്‍ നാം ഉപയോഗിച്ചിട്ടില്ല. ഒരാള്‍ക്ക് ഒരു ടൂറിസ്റ്റ് എന്നതായിരിക്കണം ലക്ഷ്യം. ടൂറിസം മേഖലയും സര്‍ക്കാരും നല്ല സഹകരണത്തോടെയാണ് ഇപ്പോള്‍ മുന്നോട്ടു പോകുന്നത്. ഈ സഹകരണം ശക്തിപ്പെടുത്തണം.

നഗരങ്ങളില്‍ കാലഹരണപ്പെട്ട മാസ്റ്റര്‍ പ്ലാനാണ് ഉള്ളതെന്ന പരാതി ശരിയാണ്. ഈപ്രശ്നം പരിഹരിക്കും. തീരദേശ പരിപാലന നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഇളവുകള്‍ കേരളത്തില്‍ ബാധകമാക്കുന്നതിന് നടപടി സ്വീകരിച്ചുവരികയാണ്.

മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ കാലതാമസം നേരിടുന്നുണ്ടെന്ന പരാതി പരിഹരിക്കും. ജനുവരി 9, 10 തീയതികളില്‍ കൊച്ചിയില്‍ നടക്കുന്ന ആഗോള നിക്ഷേപ സംഗമം (അസന്‍ഡ് 2020) വ്യവസായ പ്രോത്സാഹനത്തിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളുടെ ഭാഗമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിക്ഷേപകര്‍ സംഗമത്തിന് എത്തുന്നുണ്ട്.

ജനുവരി 1 മുതല്‍ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തു ന്നതുകൊണ്ട് പ്ലാസ്റ്റിക് ഉപയോഗിക്കുന്ന ചെറുകിട വ്യവസായങ്ങള്‍ നേരിട്ടേക്കാവുന്ന പ്രയാസങ്ങള്‍ ചില വ്യവസായികള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി ഇക്കാര്യം പരിശോധിക്കാമെന്ന് അദ്ദേഹം മറുപടി നല്‍കി.

സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സജ്ജമാക്കണം, ടൂറിസം കേന്ദ്രങ്ങളില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനം കാര്യക്ഷ മമായി നടപ്പാക്കണം, നഗരങ്ങളില്‍ ഭൂവിനിയോഗത്തിന് പ്രായോഗികമായ നയം വേണം, ടൂറിസം വ്യവസായമായി കണക്കാക്കണം, വ്യവസായമേഖലയുടെ പ്രശ്നങ്ങള്‍ അപ്പപ്പോള്‍ പരിഹരിക്കുന്നതിന് ഉന്നതതലത്തില്‍ ടാസ്‌ക് ഫോഴ്സ് രൂപീകരിക്കണം, കെട്ടിടനിര്‍മ്മാണ ചട്ടം പരിഷ്‌കരിച്ചപ്പോള്‍ ഉണ്ടായ അപാകതകള്‍ പരിഹരിക്കണം, വ്യവസായങ്ങള്‍ക്ക് വിവേചനരഹിതമായി പഞ്ചായത്തുകള്‍ സ്റ്റോപ്പ് മെമ്മോ നല്‍കുന്ന രീതി അവസാനിപ്പിക്കണം.

നിര്‍മ്മാണ മേഖലയ്ക്ക് ആവശ്യമായ മണലും മറ്റു സാധനങ്ങളും ലഭ്യമാക്കണം, വ്യവസായ പാര്‍ക്കുകളില്‍ പ്രവര്‍ത്തനരഹിതമായ യൂണിറ്റുകള്‍ക്ക് പകരം വ്യവസായങ്ങള്‍ കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ യോഗത്തില്‍ ഉന്നയിക്കപ്പെട്ടു. പുതിയ നിയമ നിര്‍മാണം ഉള്‍പ്പെടെ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ എടുത്ത നടപടികളെ വ്യവസായികള്‍ അഭിനന്ദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here