കുട്ടികള്‍ മണ്ണു തിന്നിട്ടില്ല; വാര്‍ത്ത തെറ്റിദ്ധാരണ മൂലം ഉണ്ടായതാണെന്ന് ശിശുക്ഷേമസമിതി

കൈതമുക്ക് സംഭവത്തില്‍ കുട്ടികള്‍ മണ്ണു തിന്നു എന്ന വാര്‍ത്ത തെറ്റിദ്ധാരണ മൂലം ഉണ്ടായതാണെന്ന് ശിശുക്ഷേമസമിതി. ബാലാവകാശ കമ്മീഷന്‍ കണ്ടെത്തലുകള്‍ അംഗീകരിക്കുന്നതായും വിഷയം വളച്ചൊടിച്ച് സര്‍ക്കാരിനെതിരെ ഉപയോഗിക്കരുതെന്നും ശിശുക്ഷേമസമിതി.

തിരുവനന്തപുരം കൈതമുക്കില്‍ കുട്ടികള്‍ മണ്ണ് തിന്നു എന്ന വാര്‍ത്ത തെറ്റിധാരണയില്‍ നിന്ന് ഉണ്ടായതാണെന്ന വിശദീകരണമാണ് സംസ്ഥാന ശിശുക്ഷേമ സമിതി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചത്. ഈ വിഷയത്തില്‍ അന്വേഷണം നടത്തിയ ബാലവകാശ കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്ന നിഗമനങ്ങള്‍ ശിശുക്ഷേമ സമിതി അംഗീകരിക്കുന്നതായും ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി എസ്.പി ദീപക്ക് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ഈ വിഷയം നിരന്തരം വളച്ചൊടിച്ച് സര്‍ക്കാരിനെതിരെ ഉപയോഗിക്കുന്നതില്‍ ശിശുക്ഷേമ സമിതി കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തി.

സംസ്ഥാനത്തെ ശിശുക്കളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അന്തിമ അഭിപ്രായം പറയേണ്ടത് ബാലവകാശ കമ്മീഷന്‍ ആണ് .ശിശുക്ഷേമ സമിതിയുടെ ടോള്‍ ഫ്രീ നമ്പരില്‍ വന്ന വന്ന പരാതിയില്‍ പ്രഥമിക അന്വേഷണം നടത്തി ,തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്ക് പരാതി കൈമാറുകയായിരുന്നു. ശിശുക്ഷേമ സമിതിയുടെ പ്രഥമിക റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. ഈ കാര്യത്തില്‍ ഒരു ഏജന്‍സിയുമായും ശിശുക്ഷേമ സമിതി തര്‍ക്കത്തിനോ മല്‍സരത്തിനോ ഇല്ല .

ബാലവകാശ കമ്മീഷന്‍ യഥാര്‍ത്ഥ കണ്ടത്തല്‍ നടത്തിയ സാഹചര്യത്തില്‍ മണ്ണ് തിന്നലുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിന്ന് മാധ്യമങ്ങള്‍ പിന്മാറണം എന്നും സംസ്ഥാനത്തെ അപകീര്‍ത്തി പെടുത്തരുതെന്നും ശിശു ക്ഷേമസമിതി സെക്രട്ടറി എസ്.പി ദീപക്ക് വാര്‍ത്താകുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News