ജീവന്‍പണയം വെച്ച് പമ്പ നീന്തി കടന്ന് അയ്യപ്പന് നിറപുത്തിരിക്കുള്ള നെല്‍കതിര്‍ എത്തിച്ച യുവാക്കള്‍ക്ക് ദേവസ്വം ബോര്‍ഡ് ജോലി നല്‍കി

2018 ലെ മഹാപ്രളയത്തില്‍ ജീവന്‍പണയം വെച്ച് പമ്പ നീന്തി കടന്ന് അയ്യപ്പന് നിറപുത്തിരിക്കുള്ള നെല്‍കതിര്‍ എത്തിച്ച രണ്ടു യുവാക്കള്‍ക്കും ദേവസ്വം ബോര്‍ഡ് താല്‍ക്കാലിക ജോലി നല്‍കി. പ്ലാപ്പള്ളി സ്വദേശികളായ ബിനുവിനും ജോബിക്കുമാണ് ദിവസ വേതനത്തില്‍ നിയമിച്ചു കൊണ്ടുള്ള കത്ത് നല്‍കിയത്.

അയ്യപ്പനുള്ള നിറപുത്തിരി പൂജ മുടങ്ങാതിരിക്കാന്‍ ജീവത്യാഗം ചെയ്യാന്‍ തയ്യാറായ യുവാക്കള്‍ തൊഴില്‍ രഹിതരായി കഴിയുന്നുവെന്ന കൈരളി വാര്‍ത്തയെ തുടര്‍ന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി.

ദിവസകൂലിക്ക് നിയോഗിച്ചുകൊണ്ടുള്ള ചെയര്‍മാന്റെ കത്ത് യുവാക്കള്‍ക്ക് കൈമാറി. ഇവര്‍ ഇരുവരും മണ്ഡലകാലത്ത് ശബരീശ സന്നിധിയില്‍ സേവനം അനുഷ്ഠിക്കും. ഉടന്‍ ഇവര്‍ ജോലിയില്‍ പ്രവേശിക്കും. പ്രളയ കാലത്ത് അയ്യപ്പന് നിറപുത്തരിക്കായുള്ള നെല്‍കതിര്‍ തങ്ങളുടെ ജീവനെക്കാള്‍ വലുതെന്ന് കരുതിയാണ് അവര്‍ ജീവന്‍ പണയം വെച്ച് പമ്പയാര്‍ നീന്തിക്കടന്നത്.

കഴിഞ്ഞ ദേവസ്വം ബോര്‍ഡ് ഇവരെ ആദരിക്കുകയും ചെയ്തിരുന്നു. വിശ്വാസികളെന്നു പറഞ്ഞ് നാമജപവുമായി അക്രമം കാട്ടിയ ഒരാള്‍ പോലും നെല്‍കതിര്‍ പമ്പയില്‍ എത്തിക്കാന്‍ തയ്യാറാകാതിരുന്നപ്പോഴാണ് സി.ഐ.ടി.യു.തൊഴിലാളികളായ ബിനുവും ജോബിയും തങ്ങളുടെ അയ്യപ്പ ഭക്തി പ്രകടിപ്പിച്ചത്.

ഇവരുടെ താല്‍ക്കാലിക നിയമനം ഹൈക്കോടതിയെ ബോര്‍ഡ് അറിയിക്കും. നിലക്കല്‍ അട്ടത്തോട് സ്വദേശികളാണ് ബിനുവും ജോബിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News