ഉന്നാവ് യുവതിയുടെ മൃതദേഹം വീട്ടിലെത്തിച്ചു; സംഘര്‍ഷാവസ്ഥ, ജനക്കൂട്ടം മജിസ്‌ട്രേറ്റിനെ തടഞ്ഞു

പീഡിപ്പിച്ച പ്രതികള്‍ ജാമ്യത്തിലിറങ്ങിയ ശേഷം തീ കൊളുത്തി കൊന്ന യുവതിയുടെ മൃതദേഹം ഉത്തര്‍പ്രദേശിലെ ഉന്നാവിലെ വീട്ടിലെത്തിച്ചു. ഇന്നലെ അര്‍ധരാത്രിയോടെ ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വച്ച് മരണപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം ഇന്ന് രാവിലെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം റോഡ് മാര്‍ഗ്ഗം യുപിയിലെ ഉന്നാവില്‍ എത്തിക്കുകയായിരുന്നു.

കനത്ത പൊലീസ് സുരക്ഷയില്‍ ആംബുലന്‍സില്‍ കൊണ്ടു വന്ന മൃതദേഹം ഗ്രാമത്തിലെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് എത്തിച്ചിട്ടുണ്ട്. നാളെ രാവിലെ സംസ്‌കാരം നടത്താനാണ് ബന്ധുക്കളുടെ തീരുമാനം.

അതേസമയം പെണ്‍കുട്ടിയുടെ മരണത്തില്‍ ക്ഷുഭിതരായ ജനക്കൂട്ടം വീട്ടിലേക്കെത്തിയ ജില്ലാ മജിസ്‌ട്രേറ്റിനെ വഴിയില്‍ തടഞ്ഞത് സ്ഥലത്ത് സംഘര്‍ഷാവസ്ഥയ്കക്ക് കാരണമായി. യുപി സര്‍ക്കാരിലെ പല മന്ത്രിമാരും ഉദ്യോഗസ്ഥരും നേരത്തെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് എത്തിയെങ്കിലും എല്ലാവര്‍ക്കുമെതിരെ കനത്ത പ്രതിഷേധമാണ് വീട്ടില്‍ നിന്നുമുണ്ടായത്.

ഉത്തര്‍പ്രദേശ് ഭരിക്കുന്ന യോഗി സര്‍ക്കാരിനെതിരെ ആള്‍ക്കൂട്ടം മുദ്രാവാക്യം വിളിച്ചു. സംഘര്‍ഷ സാധ്യത മുന്‍കൂട്ടി കണ്ട് വന്‍തോതിലുള്ള പൊലീസ് സന്നാഹമാണ് ഗ്രാമത്തിലൊരുക്കിയത്.

മകള്‍ക്ക് നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പലതവണ പൊലീസ് സ്റ്റേഷനുകളില്‍ പോയി പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ പൊലീസുകാര്‍ തങ്ങള്‍ ആട്ടിയോടിക്കുകയായിരുന്നുവെന്നും കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

തൊണ്ണൂറ് ശതമാനത്തിലേറെ പൊള്ളലേറ്റ 23-കാരിയായ പെണ്‍കുട്ടി രക്ഷപ്പെടാന്‍ സാധത്യ കുറവാണെന്ന വിവരം ഡോക്ടര്‍മാര്‍ നേരത്തെ തന്നെ പെണ്‍കുട്ടിയുടെ കുടുംബത്തെ അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News