ശബരിമല ദർശനത്തിന്‌ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട ഹർജികളിൽ സുപ്രീംകോടതി വിധി അനുസരിച്ച്‌ പ്രവർത്തിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ബിന്ദുഅമ്മിണി ഉൾപ്പെടെയുള്ളവർ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്‌ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സർക്കാർ നിലപാട്‌ നേരത്തെ വ്യക്തമാക്കിയതാണ്. കോടതി നിർദേശം സ്വീകരിക്കും.

കോഴിക്കോട്ട് യുഎപിഎ കേസിൽ പ്രതിചേർക്കപ്പെട്ടവർ മാവോയിസ്റ്റുകളാണ്‌. ഇവർ സിപിഐ എം പ്രവർത്തകരല്ല. ഇക്കാര്യം പരിശോധനയിൽ വ്യക്തമായിട്ടുണ്ടെന്നും -ചോദ്യത്തിന്‌ മറുപടിയായി അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിൽ കരാർവ്യവസ്ഥകൾ പാലിക്കപ്പെട്ടുവെന്ന്‌ ഉറപ്പാക്കും. പദ്ധതി സംബന്ധിച്ച്‌ വ്യത്യസ്‌ത അഭിപ്രായമുണ്ടായിട്ടും, നാടിന്റെ പദ്ധതി എന്ന നിലയിൽ എല്ലാ പിന്തുണയും നൽകി. എന്നാൽ, കരാർ പ്രകാരമുള്ള പ്രവർത്തനം നടന്നില്ല. ഇതിൽ കരാർ അനുസരിച്ചുള്ള നടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.