‘ഏറ്റുമുട്ടൽ’ നാടകം’ അന്വേഷിക്കണം; ഹർജി സുപ്രീംകോടതിയിൽ

ഹൈദരാബാദ്‌ ‘ഏറ്റുമുട്ടൽക്കൊല’ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപ്പര്യഹർജി. ആഭ്യന്തരമന്ത്രാലയം, തെലങ്കാന ചീഫ്‌സെക്രട്ടറി, ഡിജിപി, സൈബറാബാദ്‌ പൊലീസ്‌ കമീഷണർ വി സി സജ്ജനാർ എന്നിവരാണ്‌ എതിർകക്ഷികൾ.

‘ഏറ്റുമുട്ടൽ’ രേഖകൾ ഹാജരാക്കാൻ തെലങ്കാന സർക്കാരിനോട് നിര്‍ദേശിക്കണമെന്നും സംഭവവുമായി ബന്ധമുള്ള ഉദ്യോഗസ്ഥരെക്കുറിച്ച് സിബിഐ അടക്കമുള്ള ഏജന്‍സികളെക്കൊണ്ട് അന്വേഷിക്കണമെന്നും അഭിഭാഷകരായ ജി എസ്‌ മണിയും പ്രദീപ്‌ കുമാർ യാദവും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

ബലാത്സംഗക്കൊല നടന്ന ദിവസം നിഷ്‌ക്രിയരായ പൊലീസ്‌ 24 മണിക്കൂറിനുള്ളിൽ നാല്‌ പ്രതികളെയും അറസ്‌റ്റ്‌ ചെയ്‌ത്‌ വെള്ളിയാഴ്‌ച അവരെ ‘ഏറ്റുമുട്ടലിൽ’ വകവരുത്തിയെന്ന വാദം അവിശ്വസനീയമാണ്‌. വീഴ്‌ച മറച്ചുവയ്‌ക്കാനും പൊതുജനശ്രദ്ധ തിരിക്കാനുമാണ് ‘ഏറ്റുമുട്ടൽ’ നാടകം.

കൊലപാതകങ്ങൾക്കുശേഷം ജനങ്ങൾ പൊലീസിന്‌ പൂച്ചെണ്ട്‌ നൽകാനും മധുരപലഹാരങ്ങൾ വിതരണംചെയ്യാനുമുള്ള നെട്ടോട്ടത്തിലാണ്‌. വിഷയത്തിൽ അടിയന്തരമായി ഇടപെടേണ്ടതുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News