ഉന്നാവില്‍ കൊല്ലപ്പെട്ട യുവതിയുടെ സംസ്‌കാരം ഇന്ന്; അനാസ്ഥയ്‌ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം

ഉന്നാവ് ബലാല്‍സംഗക്കേസിലെ പ്രതികള്‍ തീ കൊളുത്തി കൊന്ന 23 കാരിയുടെ സംസ്‌കാരചടങ്ങുകള്‍ രാവിലെ 10 മണിയോടെ ഭാട്ടന്‍ ഖേഡായിലെ വീട്ടില്‍ നടക്കും. ഇന്നലെ രാത്രി 9 മണിയോടെ യുവതിയുടെ മൃതദേഹം വീട്ടില്‍ എത്തിച്ചിരുന്നു. ജില്ലാ മജിസ്ട്രേറ്റ് ദേവീന്ദര്‍ കുമാര്‍ പാണ്ടേ, ഉന്നാവ് എസ് പി വിക്രാന്ത് വീര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയത്.

റായ്ബറേലിയിലെ വിചാരണ കോടതിയിലേക്ക് പോകാന്‍ റയില്‍വേ സ്റ്റേഷനില്‍ എത്തിയ യുവതിയെ ബലാല്‍സംഗകേസിലെ പ്രതികളുള്‍പ്പെട്ട അഞ്ച് അംഗ സംഘം തട്ടിക്കൊണ്ടു പോയി മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. 90 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്ന യുവതി ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി 11.40 നാണ് ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ മരണത്തിനു കിഴടങ്ങിയത്.

അതേസമയം യുവതിയെ കൊലയ്ക്കുകൊടുത്ത പൊലീസ് അനാസ്ഥയ്‌ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ന്നു. യുവതിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ ബിജെപിയുടെ സ്ഥലംഎംപി സാക്ഷി മഹാരാജ്, മന്ത്രിമാരായ കമല്‍ റാണി വരുണ്‍ സ്വാമി, പ്രസാദ് മൗര്യ എന്നിവരെ നാട്ടുകാര്‍ വളഞ്ഞു. ”ഇപ്പോള്‍ എന്തിനെത്തി, മടങ്ങിപ്പോകൂ” എന്ന് മുദ്രാവാക്യം മുഴക്കി തടഞ്ഞുവച്ചവരെ പിരിച്ചുവിടാന്‍ പൊലീസിന് ബലംപ്രയോഗിക്കേണ്ടി വന്നു.

ദാരുണമായ പീഡനം ഏറ്റുവാങ്ങിയ യുവതി പൊലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങിയപ്പോഴൊന്നും സര്‍ക്കാര്‍ പ്രതിനിധികള്‍ തിരിഞ്ഞുനോക്കിയിരുന്നില്ല. വീണ്ടും ആക്രമിക്കപ്പെട്ട് മരണത്തിന് കീഴടങ്ങിയശേഷമാണ് എംപിയും മന്ത്രിമാരും വീട്ടിലെത്തിയത്. പ്രതിഷേധത്തെത്തുടര്‍ന്ന് ജില്ലാമജിസ്‌ട്രേറ്റിനും വീട് സന്ദര്‍ശിക്കാനായിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News