ഷെയ്ൻ സിനിമാ വിവാദം; ഒത്തുതീർപ്പിലേക്കെന്ന് സൂചന

ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട സിനിമാ വിവാദം ഒത്തുതീർപ്പിലേക്കെന്ന് സൂചന. ഇന്നലെ നടൻ സിദ്ദീഖിന്റെ വീട്ടിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ മുടങ്ങിയ സിനിമകൾ പൂർത്തിയാക്കാൻ ഷൈൻ സന്നദ്ധത അറിയിച്ചതായി അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു. ഇനിയുള്ള ചർച്ചകളിൽ ഷെയ്ൻ നിഗത്തിന് പകരം അമ്മ സംഘടന പങ്കെടുക്കാനും ഇന്നലെ ചേർന്ന യോഗത്തിൽ തീരുമാനമായി.

വെയില് സിനിമയുമായി ബന്ധപ്പെട്ട വാക് പോരാണ് സിനിമാ രംഗത്തെ വിവാദത്തിന് വീണ്ടും വഴി വെച്ചത്. കഴിഞ്ഞ കൂടിക്കാഴ്ചയിൽ സിനിമയുമായി സഹകരിക്കാൻ തയ്യാറാണെന്ന് ഷെയ്ൻ അറിയിച്ചിരുന്നെങ്കിലും വീണ്ടും സിനിമ വിവാദത്തിലേക്ക് എത്തുകയായിരുന്നു.

15 ദിവസത്തെ ഷെയ്നിന്റെ ഡേറ്റ് ആണ് വെയില് സിനിമക്കായി കഴിഞ്ഞ യോഗത്തിലെ ധാരണ പ്രകാരം അനുവദിച്ചത്. എന്നാല് 24 ദിവസത്തെ ഡേറ്റ് സെറ്റിൽ വെച്ച് സംവിധായകൻ ആവശ്യപ്പെട്ടു. ഇതുൾപ്പെടെ ഉള്ള കാര്യങ്ങളിൽ വ്യക്തത ആവശ്യമാണെന്ന് ഇന്നലെ ചർച്ചക്ക് നേതൃത്വം നൽകിയ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

ഷെയ്ൻ നിഗത്തിനെ ഇനിയുള്ള ചർച്ചകളിൽ പങ്കെടുപ്പിക്കേണ്ട ആവശ്യമില്ല എന്നാണ് അഭിനേതാക്കളുടെ സംഘടന സ്വീകരിക്കുന്ന നിലപാട്. പകരം ഷെയ്നിന് പറയാനുള്ളത് ചർച്ചകളിൽ പങ്കെടുക്കുന്ന അമ്മ പ്രതിനിധികൾ അറിയിക്കും. അടുത്ത രണ്ട് ദിവസങ്ങൾക്കുള്ളിൽ ഫെഫ്ക ഭാരവാഹികളുമായും അതിനു ശേഷം നിർമ്മാതാക്കളുടെ സംഘടനയുമായും അമ്മ ഭാരവാഹികൾ ചർച്ച നടത്തും.

അതേ സമയം സിദ്ദീഖിന്റെ വീട്ടിൽ വെച്ച് നടന്ന അനൗദ്യോഗിക കൂടിക്കാഴ്ചയിൽ മുടങ്ങിപ്പോയ സിനിമകൾ പൂർത്തിയാക്കാൻ ഷെയ്ൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. യോഗത്തിലെ തീരുമാനം അമ്മ പ്രസിഡൻറ് ആയ മോഹൻലാലുമായി ചർച്ച ചെയ്തെന്നും പ്രശ്നം എത്രയും വേഗം ഒത്ത് തീർപ്പാക്കാൻ നിർദ്ദേശം ലഭിച്ചതായും ഇടവേള ബാബു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News