
ദില്ലി: ഉന്നാവില്‍ കൂട്ടബലാത്സംഗക്കേസ് പ്രതികള്‍ ഇരയെ തീകൊളുത്തി കൊന്ന സംഭവത്തില്‍ ജനകീയരോഷത്തിന്റെ ചൂടറിഞ്ഞ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.
യുവതിയെ കൊലയ്ക്കുകൊടുത്ത പൊലീസ് അനാസ്ഥയ്‌ക്കെതിരെ രാജ്യവ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പ്രതികള്‍ മേല്‍ജാതിക്കാരും ഉന്നതനേതാക്കളുമാണെങ്കില്‍ മുട്ടിടിക്കുന്ന യുപി പൊലീസ് രാജ്യത്തിന് തീരാകളങ്കമായി. നീതി നിഷേധിക്കപ്പെട്ടെന്നും യുപി പൊലീസ് നിഷ്‌ക്രിയമാണെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു.
യുവതിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ ബിജെപിയുടെ സ്ഥലംഎംപി സാക്ഷി മഹാരാജ്, മന്ത്രിമാരായ കമല്‍ റാണി വരുണ്‍ സ്വാമി, പ്രസാദ് മൗര്യ എന്നിവരെ നാട്ടുകാര്‍ വളഞ്ഞു. ”ഇപ്പോള്‍ എന്തിനെത്തി, മടങ്ങിപ്പോകൂ” എന്ന് മുദ്രാവാക്യം മുഴക്കി തടഞ്ഞുവച്ചവരെ പിരിച്ചുവിടാന്‍ പൊലീസ് ബലംപ്രയോഗിച്ചു.
ദാരുണമായ പീഡനം ഏറ്റുവാങ്ങിയ യുവതി പൊലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങിയപ്പോഴൊന്നും സര്‍ക്കാര്‍ പ്രതിനിധികള്‍ തിരിഞ്ഞുനോക്കിയില്ല. വീണ്ടും ആക്രമിക്കപ്പെട്ട് മരണത്തിന് കീഴടങ്ങിയശേഷമാണ് എംപിയും മന്ത്രിമാരും വീട്ടിലെത്തിയത്. പ്രതിഷേധത്തെത്തുടര്‍ന്ന് ജില്ലാ മജിസ്‌ട്രേറ്റിനും വീട് സന്ദര്‍ശിക്കാനായില്ല. രാത്രി ഒമ്പതോടെ മൃതദേഹം യുവതിയുടെ ജന്മഗ്രാമത്തിലെത്തിച്ചു.
സംഭവത്തില്‍ യുപി സര്‍ക്കാരാണ് പ്രതിയെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം നടന്നു.
യോഗി സര്‍ക്കാര്‍ അധികാരം ഒഴിയണമെന്നാവശ്യപ്പെട്ട് സമാജ്വാദി പാര്‍ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് നിയമസഭാ മന്ദിരത്തിനുമുന്നില്‍ ധര്‍ണ നടത്തി. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കഗാന്ധി യുവതിയുടെ വീട് സന്ദര്‍ശിച്ചു. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും പ്രതിഷേധം കത്തിപ്പടരുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here