കൊച്ചി: ഷെയിന്‍ നിഗമിന്റെ വിലക്ക് സംബന്ധിച്ച് താരസംഘടനയായ അമ്മയില്‍ പൊട്ടിത്തെറി.

ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഒത്തുതീര്‍പ്പ് ശ്രമങ്ങളെച്ചൊല്ലിയാണ് അമ്മയില്‍ തര്‍ക്കം.

സംഘടനയില്‍ ചര്‍ച്ച ചെയ്യാതെ നടത്തുന്ന ഒരു ഒത്തുതീര്‍പ്പിലും സഹകരിക്കില്ലെന്നും ഏകപക്ഷീയമായ തീരുമാനങ്ങളുണ്ടായാല്‍ രാജിവയ്ക്കുമെന്നും അമ്മ നിര്‍വാഹകസമിതിയംഗം ഉണ്ണി ശിവപാല്‍ പറഞ്ഞു.

വിഷയം ഒത്തുതീര്‍പ്പാക്കി മുന്നോട്ടുപോകാന്‍ തന്നെയാണ് അമ്മയുടെ തീരുമാനം. ഷെയിനുമായി സംസാരിച്ചെങ്കിലും ചില കാര്യങ്ങളില്‍കൂടി വ്യക്തത വരുത്തിയ ശേഷം മാത്രം നിര്‍മാതാക്കളെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി സമീപിക്കാന്‍ കഴിയുകയുള്ളുവെന്ന് ഇടവേള ബാബു പറഞ്ഞു.

അതേസമയം, തന്റെ ഭാഗം വിശദീകരിച്ചു കൊണ്ട് ഷെയിന്‍ നിഗം വീണ്ടും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി.

നിര്‍മ്മാതാക്കാളുമായുള്ള ചര്‍ച്ചയില്‍ ന്യായമായ തീരുമാനം കൈക്കൊള്ളുമെന്ന് കരുതുന്നതായി ഷെയിന്‍ നിഗം പറഞ്ഞു. സിനിമ പൂര്‍ത്തിയാക്കില്ലെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും തന്റെ പേരില്‍ വ്യാജ കരാര്‍ ഉണ്ടാക്കിയതായും ഷെയിന്‍ പ്രതികരിച്ചു.

നടന്‍ സിദ്ദിഖുമായും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവുമായി ഇക്കാര്യം സംസാരിച്ചെന്നും ഷെയിന്‍ പ്രതികരിച്ചു.

ഷെയിനിന്റെ വാക്കുകള്‍: ”വധഭീഷണി മുഴക്കി ഏതെങ്കിലും ഒരു വണ്ടിവന്ന് എന്നെ ഇടിച്ചാല്‍, ഞാന്‍ മരിച്ചിട്ടുണ്ടെങ്കില്‍ എന്ത് പറയും. കള്ളുകുടിച്ച് ബോധമില്ലാതെ എല്‍എസ്ഡി അടിച്ചു വണ്ടിയിടിച്ചു മരിച്ചെന്നല്ലേ പറയൂ. വീട്ടുകാര്‍ക്ക് പോകും. ആരും പറയാനൊന്നുമുണ്ടാവില്ല. എനിക്ക് പറയാനുള്ള എല്ലാ കാര്യങ്ങളും ബാബുച്ചേട്ടനോടും സിദ്ദിഖയോടും പറഞ്ഞിട്ടുണ്ട്. അമ്മ സംഘടനയില്‍ ഞാന്‍ എന്റെ എല്ലാ വിശ്വാസവും അര്‍പ്പിക്കുന്നു. അവര്‍ വളരെ ന്യായമായ ഒരു തീരുമാനം എടുക്കുമെന്ന് തന്നെയാണ് മനസിലാക്കാന്‍ പറ്റിയത്. ലാലേട്ടന്‍ ഇന്നലെപോലും ബാബുച്ചേട്ടനുമായി ഫോണില്‍ സംസാരിച്ചിരുന്നു. എനിക്ക് ന്യായം കിട്ടുമെന്നാണ് തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. എന്നെ ബാധിക്കുന്നത് ആര്‍ക്കും പ്രശ്നമല്ലങ്കില്‍ സിനിമയെ ബാധിക്കുന്നത് എനിക്കും പ്രശ്നമല്ല.”-ഷെയിന്‍ വ്യക്തമാക്കി.