ജ്വലിക്കുന്ന ഓർമകളിൽ ജനനായകൻ; ഇ കെ നായനാരുടെ നൂറാം ജന്മദിനം ഇന്ന്

ജ്വലിക്കുന്ന ഓർമകളുമായി ഇന്ന് ജനനായകൻ ഇ കെ നായനാരുടെ നൂറാം ജന്മദിനം.സിപിഐ എം നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെയാണ് നായനാരുടെ നൂറാം ജന്മദിനം ആചരിക്കുന്നത്. കമ്യൂണിസ്റ്റുകാർക്കും മതേതര വിശ്വാസികൾക്കും പതറാതെ മുന്നോട്ടു പോകാനുള്ള കരുത്താണ് ഇ കെ നായനാരുടെ ഓർമ്മകൾ.

മലയാളികളുടെ മനസ്സിലെ സ്നേഹവും ആദരവുമായിരുന്നു സഖാവ് ഇ കെ നായനാർ.കാലമെത്രകഴിഞ്ഞാലും ജന മനസ്സുകളിൽ നിന്നും മായാത്ത കനലോർമ്മ.1919 ഡിസംബർ 9 ന് കണ്ണൂർ കല്യാശ്ശേരിയിൽ മൊറാഴയിൽ ഗോവിന്ദൻനമ്പ്യാരുടെയും ഏറമ്പാല നാരായണിയമ്മയുടെയും മൂന്നു മക്കളിൽ രണ്ടാമനായാണ് ഏറമ്പാല കൃഷ്ണൻ നായനാർ എന്ന ഇ കെ നായനാരുടെ ജനനം.

സ്വാതന്ത്ര്യ സമര തീചൂളയിൽ ഉരുകി തെളിഞ്ഞ ഇ കെ നായനാർ പിന്നീട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ മുൻ നിര നേതാവും കേരളം കണ്ട ഏറ്റവും മികച്ച ഭരണാധികാരിയുമായി. രാഷ്ട്രീയ എതിരാളികൾ പോലും നായനാർ എന്ന ജന നേതാവിനെ മനസ്സ് കൊണ്ട് അംഗീകരിച്ചു.കർഷകരുടെയും തൊഴിലാളികളുടെയും ജീവിതം പുതുക്കി പണിയുന്നതിനായിരുന്നു മുഖ്യമന്ത്രിയായിരുന്ന കാലത്ത് നായനാർ ശ്രദ്ധ നൽകിയത്.

2004 മെയ് 19 ന്‌ നായനാരുടെ വിയോഗം അറിഞ്ഞത് മുതൽ മെയ് 21 ന്‌ പയ്യാമ്പലത്ത് ചിത എരിഞ്ഞടങ്ങും വരെ കേരളം ഒന്നടങ്കം കണ്ണീർവാർത്തു.കേരളം ഇ കെ നായനാരെ എത്രയധികം സ്നേഹിച്ചിരുന്നു എന്നതിന് തെളിവായിരുന്നു ഇന്നുവരെ മറ്റൊരു നേതാവിനും ലഭിക്കാത്ത വികാരനിർഭരമായ ആ യാത്രയയപ്പ്. ഓരോ മലയാളിയുടെ മനസ്സിലും സഖാവ് ഇ കെ നായനാരുടെ ഓർമ്മകൾ നൂറാം ജന്മദിനത്തിലും ജ്വലിച്ചു നിൽക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel