കര്‍ണാടക ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ തുടരുന്നു; ബിജെപിക്ക് 12 ഇടത്ത് ലീഡ്

ബംഗളൂരു: കർണാടകയിൽ 15 നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന ഘട്ടത്തോടടുക്കുകയാണ്. രാവിലെ ഏട്ടിനാണ് വോട്ടെണ്ണൽ ആരംഭിച്ചത്.

12 ഇടത്ത്‌ ബിജെപിയാണ്‌ ലീഡ്‌ ചെയ്യുന്നത്‌. കോൺഗ്രസിൽനിന്ന്‌ കൂറുമാറി ബിജെപിയിലെത്തിയ സ്‌ഥാനാർത്ഥികളാണ്‌ മുന്നിട്ട്‌ നിൽക്കുന്നത്‌.

കോൺഗ്രസും ജെഡിഎസും വിട്ട് ബിജെപിയില്‍ ചേര്‍ന്നവരെയാണ് 13 മണ്ഡലങ്ങളിൽ ബിജെപി സ്‌ഥാനാർത്ഥിയാക്കിയിരുന്നത്‌.

കോൺഗ്രസ്‌ 2 സീറ്റിലും ജെഡിഎസും ഒരു സീറ്റിലും ലീഡ്‌ ചെയ്യുന്നു. ഒരുസീറ്റിൽ സ്വതന്ത്ര സ്‌ഥാനാർത്ഥിയാണ്‌ മുന്നിൽ.

ഹുൻസൂറിലും ശിവാജി നഗറിലുമാണ്‌ കോൺഗ്രസ്‌ സ്‌ഥാനാർത്ഥികൾ മുന്നിട്ട്‌ നിൽക്കുന്നത്‌.ഹീരേകെരൂർ, റാണാബെന്നൂർ, യെല്ലപ്പുര,ചിക്കബെല്ലാപ്പുര, വിജയനഗര, മഹാലക്ഷ്‌മി ലേ ഔട്ട്‌, ഗോകസ്‌, അത്താനി എന്നിവിടങ്ങളിലാണ്‌ ബിജെപി മുന്നിലുള്ളത്‌.

15 കോൺഗ്രസ്‌, -ജെഡിഎസ്‌ എംഎൽഎമാർ അയോഗ്യരായതോടെയാണ്‌ കർണാടകത്തിൽ ഉപതെരഞ്ഞെടുപ്പ്‌ വേണ്ടി വന്നത്‌. വ്യാഴാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിൽ 67.91 ശതമാനം പേർ വോട്ട്‌ രേഖപ്പെടുത്തി.

കുതിരക്കച്ചവടത്തിലൂടെ അധികാരത്തിലേറിയ യെദ്യൂരപ്പ സർക്കാരിന്റെ ഭാവി നിശ്‌ചയിക്കുന്നത്‌ ഈ ഉപതെരഞ്ഞെടുപ്പുഫലമാണ്‌. ബിജെപിക്ക്‌ ഭരണം നിലനിർത്താൻ ഏഴുസീറ്റുകളിലെ ജയം അനിവാര്യമാണ്‌.

കർണാടകയിൽ ആകെ സീറ്റ്‌ 222ആണ്‌. ബിജെപിക്ക്‌ 118, കോൺഗ്രസ്‌ 68, ജെഡിഎസ്‌ 34. മറ്റുള്ളവർ 2 എന്നിങ്ങനെയാണ്‌ നിലവിലെ കക്ഷിനില.

ബിജെപിക്ക് പന്ത്രണ്ട് സീറ്റുവരെയാണ് പ്രവചിച്ച എക്സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കിയ ആത്മവിശ്വാസത്തിലാണ് യെദ്യൂരപ്പ നേതൃത്വം നല്‍കുന്ന ബിജെപി.

നിലവില്‍ 207 അംഗങ്ങളുള്ള കര്‍ണാടക നിയമസഭയില്‍ ഒരു സ്വതന്ത്രനടക്കം 106 പേരുടെ പിന്തുണ മാത്രമാണ് യെദ്യൂരപ്പയ്ക്കുള്ളത്.

105 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടതെന്നിരിക്കെ ഒറ്റസീറ്റിന്റെ ഭൂരിപക്ഷത്തിലാണ് യെദ്യൂരപ്പ ഭരണത്തിലേറിയത്.

224 അംഗങ്ങളുണ്ടായിരുന്ന കര്‍ണാടക നിയമസഭയില്‍, കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസ്സില്‍ നിന്നുമായി 17 എംഎല്‍എമാര്‍ രാജിവച്ച് മറുകണ്ടം ചാടിയതോടെയാണ് എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാര്‍ തകര്‍ന്ന് വീണത്. തുടര്‍ന്ന് മറുകണ്ടം ചാടിയ എംഎല്‍എമാരെ സ്പീക്കര്‍ കെ ആര്‍ രമേശ് കുമാര്‍ അയോഗ്യരാക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here