‘നിങ്ങളുടെ വാഹനത്തിനു സമീപം ഒരു വെളുത്ത വാന്‍ ഉണ്ടെങ്കില്‍ അത് അപകടകരമാണ്. ആ വാഹനടുത്തേക്ക് പോവുകയോ നിങ്ങളുടെ വാഹനത്തിനു സമീപം പോകാനോ ശ്രമിക്കരുത്.’ ബാള്‍ട്ടിമോര്‍ മേയര്‍ ബെര്‍ണാള്‍ഡ് ജാക്ക് യങ് യുഎസ് ടെലിവിഷന് അനുവദിച്ച ഒരു അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളാണിത്.

യുഎസില്‍ ഭീതിപരത്തിക്കൊണ്ട് വെളുത്ത വാനുകള്‍ യുവതികളെ പിന്തുരുകയും നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നുമുള്ള വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത്തരത്തില്‍ നഗരങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വെളുത്ത വാന്‍ സോഷ്യല്‍ മാഡിയയില്‍ പലരും പങ്കുവെച്ചതോടെ അത് യു എസ് അധികൃതരേയും വെട്ടിലാക്കി.

‘ഇത്തരം വാഹനങ്ങളില്‍ വരുന്നവര്‍ മനുഷ്യക്കടത്ത് സംഘത്തിലെ കണ്ണികളാണെന്നും യുവതികളെയും കുട്ടികളെയും പലസ്ഥലങ്ങളില്‍നിന്ന് തട്ടിയെടുത്തതായും ആളുകള്‍ പറയുന്നു. പല കൊലപാതകങ്ങള്‍ക്കും പിന്നില്‍ ഇവരാണെന്ന് വിശ്വസിക്കുന്നവരുണ്ട്.

മനുഷ്യശരീര ഭാഗങ്ങള്‍ ഇവര്‍ മാഫിയ സംഘത്തിന് വില്‍ക്കുന്നതായി സമൂഹ മാധ്യമങ്ങളില്‍ നിറംപിടിപ്പിച്ച വാര്‍ത്തകള്‍ പ്രചരിക്കുന്നു. സൂക്ഷിച്ചാല്‍ നന്ന്.’ ഇന്റര്‍വ്യൂവില്‍ ബാള്‍ട്ടിമോര്‍ മേയറാണ് ഇങ്ങനെ തുറന്നു പറഞ്ഞിരിക്കുന്നത്.

ഡബിള്‍ ലോക്കുള്ള ഇത്തരം വാനുകളെ കുറിച്ചുള്ള ആശങ്ക നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. തിരക്കേറിയ നഗരങ്ങളിലും വിജനമായ റോഡുകളിലും കാത്ത് നിന്ന വെളുത്ത നിറമുള്ള വാനുകളെ കുറിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ വ്യാപകമായതോടെ വെളുത്ത വാനുകള്‍ ഉപയോഗിക്കുന്നവരെ ജനം കയ്യേറ്റംചെയ്യുന്ന സ്ഥിതി വരെയുണ്ടായി. ഈ അവസരത്തിലായിരുന്നു ബാള്‍ട്ടിമോര്‍ മേയര്‍ മുന്നറിയിപ്പുമായി മുന്നോട്ടു വന്നത്.

എന്നാല്‍ ബാള്‍ട്ടിമോര്‍ പൊലീസിനോട് ഇക്കാര്യം സംസാരിച്ചിരുന്നില്ലെന്നും ജനം ഭയചകിതരായി നില്‍ക്കുന്ന വേളയില്‍ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുക മാത്രമാണ് ഉദ്ദേശിച്ചതെന്നും ബാള്‍ട്ടിമോര്‍ മേയര്‍ പിന്നീട് മാധ്യമങ്ങളോട് വിശദീകരിച്ചു.

നഗരങ്ങളിലും വിജനവഴികളും ഇരകളെ കാത്തിരിക്കുന്ന വെളുത്ത വാനുകളെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞതെന്നും ഇത്തരത്തില്‍ ഒരു പരാതി പോലും ലഭിച്ചിട്ടില്ലെന്നും ബാള്‍ട്ടിമോര്‍ പൊലീസ് വക്താവും മാധ്യമങ്ങളോട് പറഞ്ഞു.