കുറ്റവാളികള്‍ക്ക് മുഖംനോക്കാതെ ശിക്ഷ; രാജ്യത്ത്‌ കേരളം ഒന്നാമത്‌

കുറ്റവാളികളെ മുഖംനോക്കാതെ കൈവിലങ്ങണിയിക്കുന്ന കേരളം, ശിക്ഷ നേടിക്കൊടുക്കുന്നതിലും രാജ്യത്ത്‌ ഒന്നാമത്‌. ലഭ്യമായ ഏറ്റവും പുതിയ കണക്ക്‌ പ്രകാരം കേരളത്തിലെ ക്രിമിനൽ കേസുകളുടെ ശിക്ഷാ നിരക്ക്‌ 82.44 ശതമാനവും മറ്റ്‌ കേസുകളിൽ 98.83 ശതമാനവുമാണ്‌. ദേശീയ ശരാശരി 42.2 ശതമാനമായിരിക്കെയാണിത്‌. അമേരിക്കയിൽപ്പോലും 82 ശതമാനമാണ്‌ ശിക്ഷാനിരക്ക്‌.

കേരളത്തിൽ 2016ൽ ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടത്‌ 84.61 ശതമാനവും മറ്റു കേസുകളിൽ 98.47 ശതമാനവുമാണ്‌. 2017ൽ ഇവ 84.37 ശതമാനവും 98.24 ശതമാനവുമാണ്‌. എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യുന്നതുമുതൽ കുറ്റപത്രം നൽകുന്നതുവരെയുള്ള പൊലീസിന്റെ ജാഗ്രതയും കോടതികളിൽ പ്രോസിക്യൂഷന്റെ പഴുതടച്ചുള്ള വാദവുമാണ്‌ ഈ നേട്ടത്തിന്‌ പിന്നിൽ.

2016ൽ രാജ്യത്ത്‌ ശിക്ഷിച്ച കേസുകൾ 32.2 ശതമാനം മാത്രമാണ്‌. 2011ൽ രാജ്യത്തെ ശിക്ഷാ നിരക്ക്‌ 27.1 ശതമാനവും 2014ൽ 28 ശതമാനവുമായിരുന്നു.മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തിൽ കേസുകളുടെ എണ്ണത്തിലും കുറവ്‌ വരുന്നുണ്ട്‌.

2016ൽ 707870 കേസുകൾ രജിസ്‌റ്റർ 2017ൽ 653500 കേസുകളായി കുറഞ്ഞു. 2018ൽ ഇത്‌ വീണ്ടും 511828 കേസുകളായി കുറഞ്ഞു. സ്‌ത്രീ സുരക്ഷയ്‌ക്കടക്കം സർക്കാർ സ്വീകരിച്ച ശക്തമായ നടപടിയാണ്‌ കേസുകളുടെ എണ്ണം കുറയാൻ കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here