പ്രളയ ദുരിതത്തിനിരയായവർക്കായി നിലമ്പൂരിൽ വിതരണം ചെയ്തത് 7.40 കോടി

കവളപ്പാറയിലും നിലമ്പൂർ താലൂക്കിലും പ്രളയദുരിതത്തിനിരയായവർക്ക് 7.40 കോടി രൂപ വിതരണം ചെയ്‌തു. കവളപ്പാറ ദുരന്തത്തിൽ മരിച്ച 50 പേരുടെ അവകാശികൾക്ക്‌ നാല്‌ ലക്ഷം വീതം അടിയന്തര സഹായം നൽകി. കരുളായി, ചോക്കാട്, വണ്ടൂർ, പോരൂർ പഞ്ചായത്തുകളിലായി മരിച്ച നാലുപേരുടെയും വഴിക്കടവ് പഞ്ചായത്തിലെ രണ്ടുപേരുടെയും അവകാശികൾക്ക് നാല് ലക്ഷം രൂപവീതവും കൈമാറി.

ആകെ 54 പേരുടെ ആശ്രിതർക്ക് 2,16,00,000 രൂപ കൈമാറി. കവളപ്പാറയിലെ ഒമ്പത്‌ പേരുടെ അവകാശികൾക്ക് ധനസഹായം നൽകാൻ ബാക്കിയുണ്ട്. ഇവരുടെ ഏറ്റവും അടുത്ത ബന്ധുക്കളെ കണ്ടെത്താൻ റവന്യു വകുപ്പ് നിയമോപദേശം തേടി. ഇത് ലഭിക്കുന്ന മുറയ്ക്ക് മാറ്റിവച്ച ഒമ്പത്‌ പേരുടെ നാല്‌ ലക്ഷം രൂപവീതം കൈമാറും.

68 ക്യാമ്പുകളിലുണ്ടായിരുന്ന 5190 പേർക്ക്‌ അടിയന്തര സഹായമായി 5,19,00,000 രൂപ വിതരണം ചെയ്തു. രജിസ്റ്റർചെയ്ത ബാക്കിയുള്ളവർക്ക്‌ ഉടൻ സഹായമെത്തിക്കും. ക്യാമ്പിന് പുറത്ത് ബന്ധുവീടുകളിലും അയൽ വീടുകളിലും താമസിച്ചിരുന്നവരുടെ വിവരം റവന്യൂ വകുപ്പ് സംസ്ഥാന ദുരന്തനിവാരണ വകുപ്പിന് കൈമാറിയിട്ടുണ്ട്‌. ഡിസംബറിനകം മുഴുവൻ പേർക്കും അടിയന്തര സഹായമായി 10,000 രൂപ നൽകും.

പ്രളയക്കെടുതിയിൽ ദുരിതമനുഭവിച്ച നിലമ്പൂർ താലൂക്കിലെ മുഴുവൻ പേർക്കും ധനസഹായം ലഭ്യമാക്കുമെന്ന് റവന്യൂ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പൂർണമായും വീട് നഷ്ടപ്പെട്ടവർക്കുള്ള ആദ്യഗഡു ഈ മാസം ഉറപ്പാക്കും.

ദുരന്ത ഭീഷണി നേരിടുന്ന പോത്ത്കല്ല്, വഴിക്കടവ്, കുറുമ്പലങ്ങോട്, കാളികാവ്, കരുവാരക്കുണ്ട്, പുള്ളിപ്പാടം വില്ലേജുകളിലായി 254 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കണം. പോത്ത്കല്ല് വില്ലേജിലെ ദുരിതാശ്വാസ ക്യാമ്പിലുള്ള 23 ആദിവാസി കുടുംബങ്ങളെ അടിയന്തരമായി മാറ്റിപ്പാർപ്പിക്കും.

ഇതിനുള്ള ഭൂമി റവന്യൂവകുപ്പ് പണം നൽകി വാങ്ങാനുള്ള നടപടി പുരോ​ഗമിക്കുകയാണ്‌. കേന്ദ്രാനുമതി ലഭിച്ച 111.35 ഹെക്ടർ വനഭൂമി ആദിവാസികൾക്ക് പുനരധിവാസത്തിനായി കൈമാറാനുള്ള സർവേയും പുരോഗമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News