സംവിധായകനും നടനുമായ ജൂഡ് ആന്‍റണി ജോസഫും അരവിന്ദ് കുറുപ്പും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആന്‍റണി വര്‍ഗ്ഗീസ് നായകനാകുന്ന പുതിയ ചിത്രത്തിൽ അഭിനയിക്കുന്നതിന് ഒരു ഫാമിലിയെ വേണം.

നവാഗതനായ നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ഫാലിമി’ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്‍റേതായി പങ്കുവെച്ചിരിക്കുന്ന കാസ്റ്റിംഗ് കോൾ വീഡിയോ വൈറലായിരിക്കുകയാണ്.

ജാഫർ ഇടുക്കിയും ആന്‍റണി വര്‍ഗ്ഗീസുമാണ് കാസ്റ്റിംഗ് കോൾ വീഡിയോയിലുള്ളത്. ഒരു ഫാമിലി ഫോട്ടോ എടുക്കാനായി സ്റ്റുഡിയോയിലേക്ക് വരുന്നൊരാളാണ് വീഡിയോയിലുള്ളത്.

എന്നാൽ ഫോട്ടോഗ്രാഫർ ക്യാമറ സെറ്റ് ചെയ്ത് വയ്ക്കുമ്പോൾ മുമ്പിലുള്ളത് ഒരാള്‍ മാത്രം. ഫാമിലി എവിടെ എന്ന് ചോദിക്കുമ്പോള്‍ ഫോട്ടോയെടുക്കാനായി വന്നയാള്‍ ഫാമിലി വരും എന്നാണ് മറുപടി പറയുന്നത്.

ആ ഫാമിലി ആകുന്നതിനായാണ് ആളെ ആവശ്യമുള്ളത്. 45 വയസ്സിന് മുകളിലുള്ള അച്ഛനേയും 40 വയസ്സിന് മുകളിലുള്ള അമ്മയേയും 60 വയസ്സിന് മുകളിലുള്ള അപ്പൂപ്പനേയുമാണ് ആവശ്യമുള്ളത്. ചിത്രങ്ങളും പെര്‍ഫോമൻസ് വീഡിയോയും അയച്ച് തരണമെന്നും വീഡിയോയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

സിട്രസ് പ്രൊഡക്ഷൻ ഹൗസും ജൂഡ് ആന്‍റണി ജോസഫ് സിനിമാസും ചേര്‍ന്ന് അവതരിപ്പിക്കുന്ന ‘ഫാലിമി’യുടെ ഛായാഗ്രഹണം നവാഗതനായ അശ്വിന്‍ നന്ദകുമാര്‍ ആണ്.

അങ്കിത് മേനോൻ സംഗീത സംവിധാനവും ആനന്ദ് മേനോൻ ചിത്ര സംയോജനവും ദിൽജിത് എം ദാസ് കലാസംവിധാനവും വിഷ്ണു ഗോവിന്ദ് ശബ്ദലേഖനവും ഇർഷാദ് ചെറുകുന്ന് വസ്ത്രാലങ്കാരവും ജിതീഷ് പൊയ്യ ചമയവും നിര്‍വ്വഹിക്കുന്നതാണ് ചിത്രം.

ആനപ്പറമ്പിലെ വേള്‍ഡ് കപ്പിന് ശേഷം ആന്‍റണി വര്‍ഗീസ് നായകനാകുന്ന ചിത്രമാണിത്. ജല്ലിക്കട്ടാണ് താരത്തിന്‍റേതായി ഒടുവിൽ തിയേറ്ററിൽ എത്തിയ ചിത്രം. ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് 2020 റിലീസാണ്.