ബംഗളൂരു: ഇന്ത്യൻ ദേശീയ ടീമിൽ അംഗമായതിനുശേഷം രാജ്യാന്തര ട്വന്റി20യിൽ തുടർച്ചയായി അഞ്ചു മത്സരങ്ങളിൽ കളത്തിലിറങ്ങാനാകാതെ കാത്തിരിപ്പു തുടരുന്ന മലയാളി താരം സഞ്ജു സാംസണ് കരിയറിലാദ്യമായി ഏകദിന ടീമിലേക്ക് ക്ഷണം കിട്ടുമോ?

വിവിധ ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലും സഞ്ജു ഇടംപിടിച്ചേക്കും. ഓപ്പണർ ശിഖർ ധവാന്റെ പരുക്കു ഭേദമാകാത്ത സാഹചര്യത്തിലാണിത്.

ഇക്കുറി പക്ഷേ, സഞ്ജുവിനു മുന്നിൽ മത്സരം കടുത്തതാണ്. ടെസ്റ്റിൽ മികച്ച ഫോമിലുള്ള കർണാടക താരം മായങ്ക് അഗർവാൾ, ബംഗ്ലദേശിനെതിരായ ഏകദിന പരമ്പരയിൽ ടീമിലുണ്ടായിട്ടും അവസരം ലഭിക്കാതെ പോയ യുവതാരം പഞ്ചാബ് താരം ശുഭ്മാൻ ഗിൽ,

ഉത്തേജക വിവാദത്തെ തുടർന്ന് വിലക്കിനുശേഷം കളത്തിലേക്ക് തിരികെയെത്തി ഫോം പ്രകടമാക്കിയ മുംബൈ താരം പൃഥ്വി ഷാ തുടങ്ങിയവരുടെ പേരുകളും ധവാന്റെ പകരക്കാരനാകാനുള്ള ചർച്ചകളിൽ സജീവമാണ്. സഞ്ജു ടീമിനൊപ്പം തുടരുന്ന കാര്യത്തിൽ സിലക്ടർമാർക്ക് എതിർപ്പില്ലെങ്കിലും, ധവാനു പകരം മറ്റൊരു ഓപ്പണറെ പരീക്ഷിക്കണോ എന്ന കാര്യത്തിലാണ് ചർച്ചകൾ.

വെസ്റ്റിൻഡീസിനെതിരായ ട്വന്റി20, ഏകദിന ടീമുകളിൽ സിലക്ടർമാർ ശിഖർ ധവാനെയും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ഇടയ്ക്ക് ഫോം നഷ്ടമായതിനെ തുടർന്ന് ആഭ്യന്തര ക്രിക്കറ്റിലേക്കു മടങ്ങിയ ധവാന്, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഡൽഹിക്കായി കളിക്കുമ്പോഴാണ് പരുക്കേറ്റത്.

ഇടതു കാൽമുട്ടിലായിരുന്നു പരുക്ക്. ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിൽ അവസരം ലഭിക്കാതെ ടീമിനു പുറത്തായ സഞ്ജു സാംസണ് വീണ്ടും ടീമിലേക്ക് വിളിയെത്തിയത് ഈ സാഹചര്യത്തിലാണ്.