
രാജ്യത്തെ ജനാധിപത്യ പ്രതിരോധ ശ്രമങ്ങളുമായി യോജിച്ച് പോകാന്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിന് കഴിയണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പഠനവും പോരാട്ടവും ഒന്നിഞ്ഞു കൊണ്ടു പോകാന്‍ സാധിക്കണമെന്നും വിദ്യാര്‍ഥികളോട് മനസ്സ് തുറന്ന് യെച്ചൂരി പറഞ്ഞു. എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ കെ വി തോമസ് വിദ്യാധനം ട്രസ്റ്റ് സംഘടിപ്പിച്ച ‘മീറ്റ് ദ ലീഡേഴ്സ്’ പരിപാടിയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. വിവിധ കോളേജുകളിലെ വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കി യെച്ചൂരി സദസ്സിന്റെ മനം കവര്‍ന്നു.
ദേശീയ പൗരത്വ രജിസ്റ്റര്‍, പൗരത്വ ബില്‍, യുഎപിഎ, കമ്യൂണിസം, ശബരിമല, വയനാട്ടിലെ സ്‌കൂള്‍ കുട്ടി പാമ്പു കടിയേറ്റ് മരിച്ച സംഭവം, മാവോയിസ്റ്റുകള്‍ക്ക് നേരെ നടന്ന വെടിവെയ്പ്പ്, ജമ്മു കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തുടങ്ങി രാജ്യം ഇന്ന് ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ വിദ്യാര്‍ഥികള്‍ ചോദ്യരൂപത്തില്‍ അവതരിപ്പിച്ചു. ഉത്തരങ്ങളിലൂടെ ഇന്ത്യ നേരിടുന്ന യഥാര്‍ഥ പ്രശ്‌നങ്ങള്‍ യെച്ചൂരി വിദ്യാര്‍ഥികളുമായി പങ്കു വച്ചു.
നീതി ലഭിക്കാന്‍ കാലതാമസം നേരിടുന്ന സാഹചര്യം ഇന്ത്യയിലുള്ളതു കൊണ്ടാണ് പലരും ഹൈദരാബാദ് പൊലീസ് വെടിവെയ്പ്പിനെ വാഴ്ത്തുന്നതെന്ന് യെച്ചൂരി പറഞ്ഞു. നീതി വൈകുന്നത് നീതി നിഷേധത്തിന് തുല്യമാണ്. നീതിയെന്നത് പ്രതികാരമോ വിപ്ലവമോ അല്ല. അതിവേഗ കോടതികള്‍ തുടങ്ങാനുള്ള നിയമം പാര്‍ലമെന്റ് പാസ്സാക്കിയിട്ടുണ്ട്. പക്ഷേ ഇത്തരം ബലാത്സംഗ കേസുകളില്‍ എണ്‍പതു ശതമാനത്തിലും പ്രാരംഭ വിചാരണ പോലും പൂര്‍ത്തിയായിട്ടില്ല. താലിബാന്‍ മാതൃകയില്‍ നീതി നടപ്പാക്കുന്നതിനെ ന്യായീകരിക്കാനാവില്ലെന്നും യെച്ചൂരി പറഞ്ഞു.
സര്‍ക്കാരിനെതിരെ ശബ്ദിക്കുന്ന യുവജനങ്ങളെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ അടച്ചു പൂട്ടാനാണ് അവര്‍ നോക്കുന്നത്. അതിന്റെ ഉദാഹരണമാണ് ജെഎന്‍യുവെന്നും യെച്ചൂരി ഓര്‍മിപ്പിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്‍പനയ്ക്ക് എതിരെ നടക്കുന്ന ജനകീയ സമരങ്ങള്‍ അടക്കമുള്ളവയ്ക്ക് ഒപ്പമാണ് കമ്യൂണിസം. ഇന്ത്യയുടെ ഭാവിയെക്കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാടുള്ളവരാണ് കമ്മ്യൂണിസ്റ്റുകാരെന്നും യെച്ചൂരി പറഞ്ഞു.
ദീപിക അസോസിയേറ്റ് എഡിറ്റര്‍ ജോര്‍ജ് കള്ളിവയലില്‍ മോഡറേറ്ററായി. പ്രൊഫ. കെ വി തോമസ് സ്വാഗതം പറഞ്ഞു. അഡ്വ. കെ എല്‍ ജോസഫ്, സെന്റ് തെരേസാസ് കോജേള് ഡയറക്ടര്‍ സിസ്റ്റര്‍ വിനീത എന്നിവര്‍ സംസാരിച്ചു. ട്രസ്റ്റിന്റെ മൊമെന്റൊ കെ വി തോമസ് യെച്ചൂരിയ്ക്ക് സമ്മാനിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here