
ബിപിസിഎല്‍ അടക്കം പൊതുമേഖലാ സ്ഥാപനങ്ങളെ വില്‍ക്കാനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം അലയടിക്കുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കൊച്ചി റിഫൈനറിക്ക് മുന്നില്‍ നടക്കുന്ന സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ സ്വത്ത് മുഴുവന്‍ സമ്പന്നര്‍ക്ക് വില്‍ക്കുന്ന നിലപാടാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്. ജയ്ഹിന്ദ് എന്ന മുദ്രാവാക്യം മോദി സര്‍ക്കാര്‍ ജിയോ ഹിന്ദ് എന്നാക്കി മാറ്റിയെന്നും അദ്ദേഹം പരിഹസിച്ചു.
ബിപിസിഎല്‍ വില്‍ക്കാനുളള മോദിസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കൊച്ചി റിഫൈനറിയില്‍ നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എത്തിയത്. രാജ്യത്തിന്റെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളെയും വില്‍ക്കാനാണ് മോദി സര്‍ക്കാരിന്റെ നീക്കം. ബിപിസിഎല്ലിനെതിരായ സമരം ഏതറ്റം വരെയും പോകാന്‍ സിപിഐഎം സജ്ജമാണെന്നും യെച്ചൂരി പ്രഖ്യാപിച്ചു.
രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെയും മതനിരപേക്ഷതയെയും തകര്‍ക്കാനുളള ആര്‍എസ്എസ് അജണ്ടയാണ് ബിജെപി നടപ്പാക്കുന്നത്.
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി രാജീവ്, സിഐടിയു എറണാകുളം ജില്ലാ പ്രസിഡന്റ് പി ആര്‍ മുരളീധരന്‍, ജോണ്‍ ഫെര്‍ണാണ്ടസ്, കെ ചന്ദ്രന്‍പിളള ഉള്‍പ്പെടെ നിരവധി പേര്‍ പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here