ഇതെല്ലാമാണ് പൗരത്വ നിയമത്തിന്റെ ക്രൂരതകള്‍…

പൗരത്വ നിയമത്തെ കുറിച്ച് അഡ്വ. ടി കെ സുരേഷ് എഴുതുന്നു

ഇന്ത്യന്‍ പൗരത്വത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിവക്ഷിക്കുന്ന എന്തു നിര്‍ദ്ദേശവും മതേതര ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 ഉറപ്പു തരുന്ന സമത്വാവകാശത്തിന്റെ നഗ്‌നമായ ലംഘനമാണ് .

BJP സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി ബില്‍ ഭരണഘടനയുടെ അടിസ്ഥാന പ്രമാണമായ ‘മതനിരപേക്ഷരാഷ്ട്രം’ എന്ന വിശാല കാഴ്ച്ചപ്പാടിനെ ‘മതാധിഷ്ഠിതരാഷ്ട്രം’ എന്ന നിലയിലേക്ക് മാറ്റുന്നതും ഇരുളടഞ്ഞതും വിഷലിപ്തമാക്കുന്നതുമാണ്.

അഫ്ഗാനിസ്ഥാന്‍, ബംഗ്‌ളാദേശ് പാകിസ്ഥാന്‍, എന്നീ മൂന്ന് അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരില്‍
ഹിന്ദു, , ബുദ്ധ, ജൈന, സിക്ക്, പാര്‍സി, ക്രിസ്ത്യന്‍ എന്നീ
ആറ് മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് മാത്രമായി ഇന്ത്യന്‍ പൗരത്വത്തിനുള്ള അര്‍ഹത നല്‍കുന്നതിനും, എന്നാല്‍ അപ്രകാരമുള്ള മുസ്ലിം, ജൂതര്‍, എന്നീ മതവിഭാഗങ്ങളില്‍പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിനുള്ള അര്‍ഹത ഉണ്ടായിരിക്കുമെന്ന് വ്യവസ്ഥ ചെയ്തിട്ടില്ലാത്തതുമാണ് BJP നേതാവ് അമിത് ഷാ ലോകസഭയില്‍ അവതരിപ്പിച്ച പൗരത്വ ഭേദഗതിബില്‍ .
ഇതില്‍ ഏറെ വൈചിത്ര്യവും ദു:ഖകരവുമായ സംഗതി അമിത് ഷായുടെ ബില്ലില്‍ ഇപ്രകാരമുള്ള ജനതയില്‍ ഒരു മതത്തിലും ഉള്‍പ്പെടാന്‍ ആഗ്രഹിക്കാത്ത മതനിരപേക്ഷവാദികള്‍ക്കും ഇന്ത്യന്‍ പൗരത്വത്തിനുള്ള അവകാശം നിഷേധിക്കപ്പെട്ടിരിക്കുന്നു എന്നതാണ്.

അനധികൃത കുടിയേറ്റക്കാരെന്നാല്‍ മറ്റൊന്നുമല്ല..
പാകിസ്ഥാന്‍ ,അഫ്ഗാനിസ്ഥാന്‍, ബംഗ്‌ളാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ നിയമപരമായ യാത്രാ രേഖകളോടെത്തന്നെ ഇന്ത്യയിലേക്ക് വരികയോ യാത്രാ രേഖകളുടെ കാലാവധി അവസാനിച്ച ശേഷവും തിരികെ പോകാതെ ഇവിടെ തങ്ങുകയും ചെയ്യുന്നവര്‍ …
അല്ലെങ്കില്‍ പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍, ബംഗ്‌ളാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ നിയമപരമായ യാത്രാ രേഖകളില്ലാതെ ഇന്ത്യയിലേക്ക് വരികയും ഇവിടെ തങ്ങുകയും ചെയ്യുന്നവര്‍ ..
ഇവരാണ് അനധികൃത കുടിയേറ്റക്കാരായി കണക്കാക്കപ്പെടുന്നത് .

ഇവര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിനു അപേക്ഷിക്കാന്‍ അര്‍ഹതയില്ലാതെ വരികയും അവര്‍ അനധികൃത കുടിയേറ്റക്കാരായി തുടരുകയും ചെയ്തു വരുന്നു ..

ഇവര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിനു അപേക്ഷിക്കാന്‍ സാധ്യമാക്കുന്നതിനാണ് ബില്ലിലെ നിര്‍ദേശങ്ങള്‍.
പൗരത്വത്തിന് അപേക്ഷിക്കുന്നതിനാവശ്യമായ ഇന്ത്യയിലെ താമസക്കാലം നിലവിലുള്ള 11 വര്‍ഷത്തില്‍ നിന്നും 6 വര്‍ഷമായി കുറയ്ക്കാനും ബില്ലില്‍ നിര്‍ദ്ദേശമുണ്ട്.

ഇവിടെ പ്രശ്‌നമതൊന്നുമല്ല ..
കാലങ്ങളായി … യുഗങ്ങളായി …
തലമുറകളായി.. ഇന്ത്യയില്‍ അധിവസിക്കുന്ന .. ചരിത്രത്തിലില്ലാത്ത …രേഖകളിലിടം പിടിക്കാത്ത … അനേകലക്ഷം മനുഷ്യജീവികളുണ്ട്..
ഇന്ത്യന്‍ പൗരത്വത്തിനായുള്ള അപേക്ഷകരില്‍ അവരിനി മതത്തിന്റെ പേരില്‍ പട്ടിക തിരിക്കപ്പെടുമെന്നതാണ് വരാനിരിക്കുന്ന വന്‍ ദുരന്തം.

മതത്തിന്റെ പേരില്‍ മാത്രം അന്തിമ പട്ടികയില്‍ വരാത്തവര്‍
പരദേശികളായി മാറുന്നുവെന്നതാണ് മതേതര ഇന്ത്യ കാണാനിരിക്കുന്ന ദയനീയ ദൃശ്യം ..

പാക്കിസ്ഥാന്‍ വിഭജിച്ച് ബംഗ്ലാദേശ് രൂപീകരിക്കുന്ന സമയത്ത് പാക്കിസ്ഥാന്‍ പട്ടാളത്തിന്റെ ക്രൂരമായ അക്രമങ്ങളെ തുടര്‍ന്ന് ഇന്ത്യയില്‍ അഭയം തേടിയതും മറ്റുമായ പ്രത്യേക വിഭാഗത്തില്‍ പെട്ടവരായിരിക്കണം BJP സര്‍ക്കാരിന്റെ ഗൂഡലക്ഷ്യം.

ഇന്ത്യന്‍ ഭരണഘടനയുടെ പാര്‍ട്ട് II യില്‍ ആര്‍ട്ടിക്കിള്‍ 5 മുതല്‍ 11 വരെ സിറ്റിസന്‍ഷിപ്പ് അഥവാ പൗരത്വം നിര്‍വ്വചിക്കപ്പെടുകയും വിവരിക്കപ്പെടുകയും ചെയ്യുന്നു. ഭരണഘടന നിലവില്‍ വന്ന് 5 വര്‍ഷത്തിനു ശേഷം 1955ലാണ് ഇന്ത്യയില്‍ പൗരത്വനിയമം (The Citizen ship Act 1955) നിലവില്‍ വന്നത് .ഈ നിയമപ്രകാരം ജനനത്തിലൂടെയും വംശപരമ്പരയിലൂടെയും രജിസ്‌ട്രേഷനിലൂടെയും സ്വാഭാവികതയിലൂടെയും ഇന്ത്യന്‍ പൗരത്വം ലഭിക്കും.

മനുഷ്യനെ ഹിന്ദുവെന്നോ മുസ്ലീം എന്നോ , ബുദ്ധയെന്നോ കൃസ്ത്യനെന്നോ മറ്റോ വേര്‍തിരിച്ച് അടയാളപ്പെടുത്തിക്കൂടാ..

മാത്രമല്ല 1955 ലെ പൗരത്വ നിയമം എല്ലാ അനധികൃത കുടിയേറ്റങ്ങളും പൗരത്വവുമാര്‍ജ്ജിക്കുന്നതിന് തടസ്സമായിരുന്നുവെങ്കില്‍ , BJP മുന്നോട്ടു വെക്കുന്ന ഈ ഭേദഗതി നിയമം ആറ് മതവിഭാഗങ്ങളുടെ മാത്രം അനധികൃത കുടിയേറ്റം, അനധികൃതമല്ലാതാക്കി മാറ്റുന്നു എന്നത് വളരെ ഗൗരവത്തോടെ കാണേണ്ടതാണ്.
കൂടാതെ 1955 ലെ നിയമപ്രകാരം സ്വാഭാവിക പൗരത്വമാര്‍ജിക്കുന്നതിനായി 11 വര്‍ഷത്തെ ഇന്ത്യന്‍ താമസമെന്നത് നിബന്ധനയാക്കിയിരുന്നുവെങ്കില്‍ പ്രത്യേക മതവിഭാഗത്തില്‍ പെട്ടവര്‍ക്ക് മാത്രം അത് 6 വര്‍ഷമായി ചുരുക്കിയെന്നതും ഗൗരവമായി കാണേണ്ടതാണ് .

ഭരണഘടന നിലവില്‍ വരുമ്പോള്‍ അന്നത്തെ അവസ്ഥയില്‍ ആരൊക്കെ ഇന്ത്യന്‍ പൗരന്മാര്‍ ആയിരിക്കുമെന്നു മാത്രമേ പ്രഖ്യാപിച്ചിരുന്നുള്ളൂ . പൗരത്വത്തെക്കുറിച്ചുള്ള മറ്റു സംഗതികള്‍ നിശ്ചയിക്കാനുളള അധികാരം പാര്‍ലമെന്റില്‍ അന്നു മുതലേ നിക്ഷിപ്തമാണ് .

ഈ അധികാരമുപയോഗിച്ചാണ് ഇന്ത്യന്‍ പാര്‍ലിമെന്റ് 1955 ല്‍ പൗരത്വനിയമം പാസ്സാക്കുന്നത്. ഇതേ അധികാരമുപയോഗിച്ചു തന്നെയാണ് ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ഈ നിയമത്തിലെ ഭേദഗതി പാര്‍ലിമെന്റ് മുമ്പാകെ മുന്നോട്ടു വെയ്ക്കുന്നതും . എന്നാല്‍ 1955 പിന്നിട്ട് 64 വര്‍ഷം കഴിഞ്ഞ് 2019ലെത്തുമ്പോഴേയ്ക്കും വിശാലമായ മാനവീകതയില്‍ നിന്നും ഇടുങ്ങിയ മതക്കെട്ടുകളിലേക്ക് ഇന്ത്യന്‍ പൗരത്വം വലിഞ്ഞുമുറുക്കപ്പെടുന്നു.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ജനതയ്ക്ക് പൗരത്വത്തിന്റെ ജീവന്‍ പകരാനോ അഭയത്തിന്റെ ആശ്വാസം നല്‍കാനോ അല്ല BJP സര്‍ക്കാര്‍ പൗരത്വ ഭേദഗതി ബില്ലിലൂടെ ഉദ്ദേശിക്കുന്നത് എന്ന് ബുദ്ധസന്യാസിമാരുടെ ക്രൂരതയ്ക്കിരയായ
റോഹിംഗ്യന്‍ അഭയാര്‍ത്ഥികളോടുള്ള സമീപനങ്ങളില്‍ നിന്നും പകല്‍ പോലെ വ്യക്തമാണ്.

മനുഷ്യര്‍ എന്ന വാക്കിനു പകരം
പൗരത്വ ഭേദഗതി ബില്ലില്‍
അവനെ മത ഭേദങ്ങളാല്‍ വിഭജിച്ചിരിക്കുന്നു.

ഇത് ധിക്കാരമാണ്..
സഭയില്‍ തങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ടെന്ന തികഞ്ഞധിക്കാരം ..

ഇത് അതിബുദ്ധിയാണ്..
രാജ്യം സാമ്പത്തികമായി തകര്‍ന്നു തരിപ്പണമാകുമ്പോള്‍
അത് ചര്‍ച്ചക്ക് വിധേയമാക്കപ്പെടാതിരിക്കാനുള്ള
നീചമായ അതിബുദ്ധി..

ഇത് വര്‍ഗ്ഗീയതയാണ് ..
മതത്തിന്റെ പേരില്‍ പൗരത്വത്തെപ്പോലും കാവിയണിയിക്കുന്ന
കലര്‍പ്പില്ലാത്ത ഹിന്ദുവര്‍ഗ്ഗീയത..

ടി.കെ.സുരേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel