ഉദയംപേരൂര്‍ കൊലക്കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനും വേണ്ടി ഒരാ‍ഴ്ച്ചത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെടുക.അതേ സമയം കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുന്നത് സംബന്ധിച്ച് അന്വേഷണ സംഘം ഇന്ന് ഫോറന്‍സിക് വിദഗ്ധരുടെ അഭിപ്രായം തേടും.

തിരുവനന്തപുരം പേയാടിലെ വില്ലയില്‍ വെച്ച് യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് പ്രേംകുമാര്‍,കാമുകി സുനിതാ ബേബി എന്നിവരെ ഇന്നലെ ഉദയംപേരൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.തൃപ്പൂണിത്തുറ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്ത പ്രതികളെ കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ടാണ് അന്വേഷണ സംഘം ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കുന്നത്.കൊലപാതകം തിരുവനന്തപുരത്തും പിന്നീട് പ്രതികള്‍ മൃതദേഹം ഉപേക്ഷിച്ചത് തിരുനല്‍വേലിയിലുമാണ്.

മൃതദേഹം എങ്ങനെ ഉപേക്ഷിക്കണം എന്നത് സംബന്ധിച്ച് മറ്റൊരാളുടെ സഹായവും പ്രതികള്‍ക്ക് ലഭിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.ഈ സാഹചര്യത്തില്‍ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുകയും തിരുവനന്തപുരത്തും തിരുനല്‍വേലിയിലുമുള്‍പ്പടെ പ്രതികളെയും കൊണ്ടു ചെന്ന് തെളിവെടുപ്പ് നടത്തുകയും വേണം.അതിനാല്‍ പ്രതികളെ ഒരാ‍ഴ്ച്ചത്തേക്ക് കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നാണ് അന്വേഷണ സംഘം കോടതിയില്‍ ആ‍‍വശ്യപ്പെടുക.

കാമുകിയായ സുനിതയോടൊത്ത് ജീവിക്കണമെന്ന ആഗ്രഹത്തെതുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തിയെന്നാണ് പ്രേകുമാറിന്‍റെ മൊ‍ഴി.കാമുകിയുടെ അറിവോടെയാണ് സംഭവം നടന്നതെന്ന് വ്യക്തമായതിനെത്തുടര്‍ന്നാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്.മൃതദേഹം ഒളിപ്പിക്കാന്‍ ഇവര്‍ക്ക് സഹായം ചെയ്ത സുഹൃത്തിനെക്കുറിച്ച് സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടൊ എന്നത് സംബന്ധിച്ചും പോലീസ് വിശദമായി ചോദ്യം ചെയ്യും.കേസില്‍ തെളിവ് ശേഖരണത്തിന്‍റെ ഭാഗമായി തിരുനല്‍വേലിയില്‍ സംസ്ക്കരിച്ച യുവതിയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുന്നതിനെക്കുറിച്ചും പോലീസ് ആലോചിക്കുന്നുണ്ട്.ഇക്കാര്യത്തില്‍ ഫോറന്‍സിക്ക് വിദഗ്ധരില്‍ നിന്ന് അഭിപ്രായം തേടും.