ഇന്ത്യൻ ഭരണഘടനയെ ഇത്‌ തകർക്കും; പൗരത്വ ഭേദഗതി ബിൽ പാസായാൽ അമിത്‌ ഷായ്‌ക്കും കൂട്ടർക്കും ഉപരോധം ഏർപ്പെടുത്തണമെന്ന്‌ യുഎസ്‌ കമീഷൻ

പൗരത്വ നിയമഭേദഗതി ബിൽ പാർലമെന്റ്‌ പാസാക്കിയാൽ ആഭ്യന്തരമന്ത്രി അമിത്‌ ഷായ്‌ക്കും മറ്റ്‌ പ്രധാന നേതാക്കൾക്കും ഉപരോധം ഏർപ്പെടുത്തണമെന്ന്‌ രാജ്യാന്തര മതസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള യുഎസ്‌ കമീഷൻ. തെറ്റായ ദിശയിലുള്ള അപകടകരമായ വ്യതിയാനമാണ്‌ ഈ നിയമം.

മതനിരപേക്ഷതയും ബഹുസ്വരതയും വഴി സമ്പന്നമായ ഇന്ത്യാചരിത്രത്തെയും മതവിശ്വാസത്തിന്‌ അതീതമായി നിയമത്തിനുമുന്നിൽ എല്ലാവർക്കും തുല്യത ഉറപ്പാക്കുന്ന ഇന്ത്യൻ ഭരണഘടനയെയും ഇത്‌ തകർക്കും– യുഎസ്‌ സിഐആർഎഫ്‌ എന്നറിയപ്പെടുന്ന കമീഷൻ പ്രസ്‌താവനയിൽ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയും ദേശീയപൗരത്വ രജിസ്‌റ്ററും കോടിക്കണക്കിനു മുസ്ലിങ്ങളുടെ നിയമപരമായ അവകാശങ്ങൾ ഇല്ലാതാക്കും. ഇന്ത്യൻ പൗരത്വം മതപരമായ പരിശോധനയുടെ അടിസ്ഥാനത്തിലാക്കുകയാണ്‌ സർക്കാർ. കോടിക്കണക്കിന്‌ മുസ്ലിങ്ങൾക്ക്‌ പൗരത്വം നഷ്ടപ്പെടും–കമീഷൻ മുന്നറിയിപ്പ്‌ നൽകി.

വിദേശരാജ്യങ്ങളിൽ മതസ്വാതന്ത്ര്യത്തിനെതിരെ നടക്കുന്ന നീക്കങ്ങൾ പരിശോധിച്ച്‌ റിപ്പോർട്ട്‌ നൽകാൻ അമേരിക്കൻ കോൺഗ്രസ്‌ സ്ഥാപിച്ച ഫെഡറൽ ഏജൻസിയാണ്‌ യുഎസ്‌സിഐആർഎഫ്‌. അമേരിക്കൻ സർക്കാരിന്റെ നയരൂപീകരണത്തിൽ ഈ ഏജൻസിയുടെ റിപ്പോർട്ടുകൾക്ക്‌ നിർണായക സ്ഥാനമുണ്ട്‌.

മതാടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുന്നത്‌ ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങൾക്ക്‌ വിരുദ്ധമാണെന്ന്‌ അമേരിക്കൻ കോൺഗ്രസിന്റെ വിദേശകാര്യസമിതിയും വ്യക്തമാക്കി. മതപരമായ ബഹുസ്വരത ഇന്ത്യയും അമേരിക്കയും പങ്കിടുന്ന മൂല്യങ്ങളുടെ അടിസ്ഥാനമാണ്‌. രാജ്യസഭയിൽ ബിൽ പാസാകില്ലെന്ന്‌ പ്രതീക്ഷിക്കുന്നതായി സമിതി അധ്യക്ഷനും ഡെമോക്രാറ്റിക്‌ പാർടി നേതാവുമായ ബ്രാഡ്‌ ഷെർമാൻ പറഞ്ഞു.

അതേസമയം, യുഎസ്‌ കമീഷന്റെ പ്രസ്‌താവന ശരിയല്ലെന്ന്‌ വിദേശകാര്യ വക്താവ്‌ രവീഷ്‌കുമാർ പ്രതികരിച്ചു. ചില അയൽ രാജ്യങ്ങളിലെ പീഡനത്തെതുടർന്ന്‌ ഇന്ത്യയിൽ അഭയം തേടിയവരുടെ മനുഷ്യാവകാശങ്ങൾക്ക്‌ അർഹമായ പരിഗണന നൽകുന്ന ഈ നീക്കത്തെ സ്വാഗതം ചെയ്യുകയാണ്‌ വേണ്ടത്– അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News