പൗരത്വ ഭേദഗതി ബിൽ രാജ്യസഭയില്‍; സഭയില്‍ പ്രതിപക്ഷ പ്രതിഷേധം രൂക്ഷം

മതപരമായ വിവേചനത്തിനും ഭിന്നിപ്പിനും വഴിയൊരുക്കുന്ന പൗരത്വനിയമ ഭേദഗതി ബില്ലിനെതിരെ രാജ്യമാകെ പ്രതിഷേധം അലയടിക്കുന്നതിനിടെ ബില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു. ബില്ലിനെതിരെ സഭയില്‍ ശക്തമായ പ്രതിപക്ഷ പ്രതിഷേധമാണ് ഉയരുന്നത്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപകമായ പ്രതിഷേധമാണ്‌ ഉയരുന്നത്. ലോക്‌സഭയിലേതുപോലെ മൃഗീയ ഭൂരിപക്ഷമില്ലെങ്കിലും ബിൽ പാസാക്കാനാവശ്യമായ അംഗസംഖ്യ രാജ്യസഭയിലും ഭരണകക്ഷിക്കുണ്ട്‌. ലോക്‌സഭയിൽ ബില്ലിനെ പിന്തുണച്ച ശിവസേന രാജ്യസഭയിൽ എതിർത്ത്‌ വോട്ടുചെയ്യുമെന്ന്‌ വ്യക്തമാക്കിയത്‌ സർക്കാരിന്‌ ക്ഷീണമായി. ശിവസേനയ്‌ക്ക്‌ മൂന്നംഗങ്ങളുണ്ട്‌.

നിലവിൽ രാജ്യസഭയിൽ 240 അംഗങ്ങളാണുള്ളത്‌. 124 പേരുടെ പിന്തുണ സർക്കാർ പ്രതീക്ഷിക്കുന്നു. അംഗങ്ങൾ ഉന്നയിച്ച പല ചോദ്യത്തിനും മറുപടി ലഭിക്കാതെ രാജ്യസഭയിൽ പിന്തുണയ്‌ക്കില്ലെന്ന്‌ ഉദ്ധവ്‌- താക്കറെയുടെ ഓഫീസ്‌ വ്യക്തമാക്കി. ലോക്‌സഭയിൽ ബില്ലിനെ പിന്തുണച്ചതിനെതിരെ എൻസിപിയും കോൺഗ്രസും രംഗത്തുവന്നതോടെയാണ്‌ ശിവസേനയുടെ നിലപാടുമാറ്റം.

അസമിൽ തുടർച്ചയായ രണ്ടാം ദിവസവും ബന്ദായിരുന്നു. അരുണാചൽപ്രദേശ്‌, മിസോറം, മണിപ്പുർ എന്നിവിടങ്ങളിലും ബന്ദ്‌ പൂർണമായി.

അവസരം മുതലെടുക്കാൻ തീവ്രവാദസംഘടനകളും ശ്രമിക്കുന്നു. പാർലമെന്റ്‌ വളപ്പിൽ ഗാന്ധി പ്രതിമയ്‌ക്കുമുന്നിൽ രാവിലെ ഇടത്‌ എംപിമാർ ധർണ നടത്തി. സിപിഐ എം ഡൽഹി സംസ്ഥാനകമ്മിറ്റി ജന്തർ മന്ദറിൽ സംഘടിപ്പിച്ച പ്രതിഷേധം പൊളിറ്റ്‌ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ട്‌ ഉദ്‌ഘാടനംചെയ്‌തു.

വൈകിട്ട്‌ വിവിധ സംഘടനകൾ ജന്തർ മന്ദറിൽ ബില്ലിന്റെ പകർപ്പ്‌ കത്തിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള സംഘടനകൾ ഡൽഹിയിൽ പ്രതിഷേധം ഉയർത്തി. രാജ്യത്തിന്റെ മറ്റ്‌ ഭാഗങ്ങളിലും പ്രതിഷേധം ഉയർന്നു.

നിയമ ഭേദഗതിയിലെ വ്യവസ്ഥകൾ ഏറ്റവുമധികം ബാധിക്കുന്ന അസമിൽ ജനജീവിതം പൂർണമായി സ്‌തംഭിച്ചു. രണ്ട്‌ ദിവസമായി ഗതാഗതം നിലച്ചു.റോഡുകളിൽ തീയിട്ടും മറ്റും ദേശീയപാത ഉൾപ്പെടെ റോഡുകളിൽ ഗതാഗതം തടസ്സപ്പെടുത്തി. വിവിധ നഗരങ്ങളിൽ സ്‌ത്രീകൾ ഉൾപ്പെടെ പതിനായിരങ്ങൾ പങ്കെടുത്ത റാലികൾ നടന്നു. നോർത്ത്‌ ഈസ്‌റ്റ്‌ സ്‌റ്റുഡന്റ്‌സ്‌ ഓർഗനൈസേഷൻ (എൻഇഎസ്‌ഒ) ആഹ്വാനപ്രകാരമാണ്‌ ചൊവ്വാഴ്‌ച ബന്ദാചരിച്ചത്‌.

ഓൾ അസം സ്‌റ്റുഡന്റ്‌സ്‌ യൂണിയൻ അടക്കം 16 സംഘടന 12 മണിക്കൂർ പണിമുടക്ക്‌ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി സർബാനന്ദ സോനോവാളിനെ രണ്ടിടത്ത്‌ കരിങ്കൊടി കാണിച്ചു. ഗുഹാവത്തി, തേസ്‌പുർ, കോട്ടൺ സർവകലാശാലകളിൽ വിദ്യാർഥികൾ പ്രതിഷേധിച്ചു. ബിൽ അസമിന്റെ തനിമ നഷ്ടപ്പെടുത്തുമെന്നും അസ്ഥിരത സൃഷ്ടിക്കുമെന്നും പ്രക്ഷോഭകർ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News