
സിനിമയെ വെല്ലുന്ന തിരക്കഥ ഒരുക്കി ഭാര്യയുടെ കൊലപാതകം ഒളിപ്പിക്കാൻ ശ്രമിച്ച പ്രേംകുമാറിനെ കുടുക്കിയത് പൊലീസിനെതിരെയുള്ള നീക്കങ്ങൾ. കേസുമായി ബന്ധപ്പെട്ട് മൊഴി എടുക്കുന്നതിന് പൊലീസ് പലവട്ടം പ്രേംകുമാറിനെ വിളിപ്പിച്ചു. ഇതോടെ മുൻകൂർ ജാമ്യം തേടിയതും പൊലീസ് കംപ്ലയ്ന്റ് അതോറിറ്റിക്ക് പരാതി നൽകിയതുമാണ് അന്വേഷണം പ്രേംകുമാറിലേക്ക് കേന്ദ്രീകരിക്കാൻ കാരണം. സെപ്തംബർ 20നായിരുന്നു കൊലപാതകം. തിരുവനന്തപുരത്തെ വീടിന്റെ മുകൾനിലയിൽ താമസിച്ചിരുന്ന നേഴ്സായ സുനിത എത്തി മരണം സ്ഥിരീകരിച്ചു. എങ്കിലും ഉറപ്പുവരുത്താനായി സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് കാലിലെ ഞരമ്പും മുറിച്ചു.
മൃതദേഹം ഉപേക്ഷിക്കാൻ പോയപ്പോൾ സംശയം തോന്നാതിരിക്കാൻ കാറിന്റെ പിൻസീറ്റിൽ മൃതദേഹം സുനിത ചേർത്തുപിടിച്ചാണ് യാത്ര ചെയ്തത്. 21ന് തിരുനെൽവേലിയിലെ പൊന്തകാട്ടിൽ മൃതദേഹം തള്ളി. തിരികെ തെന്മല വഴി കേരളത്തിലേക്ക് എത്തിയ ഇവർ തെന്മലയിലെ ഒരു ഹോട്ടലിൽനിന്ന് പ്രേംകുമാറിന് കിട്ടാനുണ്ടായിരുന്ന പണവും വാങ്ങി. 22ന് രാത്രിയിൽ ഉദയംപേരൂരിൽ എത്തി വിദ്യയെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകി.
പ്രേംകുമാർ സ്റ്റേഷനിൽ എത്തി പരാതി നൽകുമ്പോൾ സുനിത കാറിൽ തന്നെ ഇരുന്നു. തുടർന്ന് ഇരുവരും തിരുവനന്തപുരത്തേക്ക് മടങ്ങി. ഇടയ്‌ക്ക് വീടുവിട്ട് പോകുന്ന സ്വഭാവമുള്ള വിദ്യയുടെ തിരോധാനം സാധാരണമെന്ന് തോന്നിക്കാൻ വിദ്യയുടെ ഫോൺ നേത്രാവതി എക്സ്പ്രസിൽ ഉപേക്ഷിച്ചു. അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം ബന്ധുക്കൾ എത്താത്തതിനെ തുടർന്ന് തിരുനെൽവേലി പൊലിസ് മറവ് ചെയ്തു.
ആയുർവേദ ചികിത്സയ്‌ക്ക് തിരുവനന്തപുരത്തായിരുന്നുവെന്ന് പറഞ്ഞ സമയത്ത് ഇയാൾ തിരുനെൽവേലിയിൽ പോയിരുന്നുവെന്ന് മൊബൈൽഫോൺ പിന്തുടർന്നപ്പോൾ പൊലീസിന് വ്യക്തമായി. അതേസമയം, വിദ്യ മംഗളൂരുവിലേക്ക് പോകുന്നതായും ഫോൺരേഖകളിൽനിന്ന് കണ്ടെത്തി. അജ്ഞാതമൃതദേഹമെന്ന നിലയിൽ തിരുനെൽവേലി പൊലീസ് മറവുചെയ്‌ത മൃതദേഹം വിദ്യയുടേതാണെന്ന് വ്യക്തമായതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.
ഇതിനിടെ പ്രേംകുമാറുമായി തെറ്റിയ സുനിത തിരുവനന്തപുരത്ത് തനിയെ താമസമാക്കി. പൊലീസ് തന്നെ സംശയിക്കുന്നുവെന്ന് തോന്നിയതോടെ മകനെ അനാഥാലയത്തിൽ എൽപ്പിച്ച ശേഷം ബംഗളൂരു വഴി വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് അറസ്റ്റ്.
തൃക്കാക്കര അസിസ്റ്റന്റ് കമീഷണർ ആർ വിശ്വനാഥ്, ക്രൈം സ്ക്വാഡ് എന്നിവയുടെ സഹായത്തോടെ ഉദയംപേരൂർ പൊലീസ് ഇൻസ്‌പെക്ടർ കെ ബാലൻ, എസ്ഐമാരായ ബാബു മാത്യു, പ്രസന്ന പൗലോസ്, സീനിയർ സിപിഒമാരായ സി വി ജോസ്, എം ജി സന്തോഷ്, സിപിഒ സജിത് പോൾ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വിദ്യ മൂന്നു മാസം മുമ്പാണ് കഞ്ഞിക്കുഴി ചാരമംഗലം സംസ്‌കൃത ഹൈസ്‌കൂളിനു സമീപമുള്ള സ്വന്തം വീടായ പോളേച്ചിറയിൽ വന്നുപോയത്. ആദ്യ വിവാഹത്തിലെ മകളുടെ വിവാഹത്തിനാണ് എത്തിയത്. ഇതിനു പിന്നാലെയാണ് ഇവർ തിരുവനന്തപുരത്ത് കൊല്ലപ്പെട്ടത്. പോളേച്ചിറ സുന്ദരാമ്മാളുടെ ആദ്യ വിവാഹത്തിലെ മകളാണ് വിദ്യ. തമ്പിയാണ് അച്ഛൻ. ചേർത്തല സ്വദേശിയെയാണ് വിദ്യ ആദ്യം വിവാഹം ചെയ്‌തത്. പക്ഷേ, അധികകാലം ആ ദാമ്പത്യം നീണ്ടുനിന്നില്ല, രണ്ടു കുട്ടികൾ ആയപ്പോൾ ആദ്യ ഭർത്താവിനെ ഉപേക്ഷിച്ചു. പിന്നീട് പ്രേംകുമാറിനെ വിവാഹം കഴിച്ചു. വീട്ടുകാരുടെ എതിർപ്പുകളെ മറികടന്ന് രജിസ്‌റ്റർ ഓഫീസിലായിരുന്നു വിവാഹം.
മകളുടെ വിവാഹത്തിന് വിദ്യ നാട്ടിലെത്തി രണ്ടാം ദിവസം പ്രേംകുമാർ എത്തിയെങ്കിലും ബന്ധുക്കൾ വീട്ടിൽ കയറ്റാൻ തയ്യാറായില്ല. തുടർന്ന് വിദ്യയും പ്രേംകുമാറും തമ്മിൽ വാക്കേറ്റമുണ്ടായി. വിദ്യക്ക് നാല് മക്കളാണുള്ളത്. ആദ്യത്തെ വിവാഹത്തിൽ രണ്ടും രണ്ടാം വിവാഹത്തിൽ രണ്ടും. ആദ്യത്തെ വിവാഹത്തിലെ മകൾ സുന്ദരമ്മാൾക്കൊപ്പമാണ് കഴിഞ്ഞിരുന്നത്.
സ്കൂളിൽ ഒമ്പതാം ക്ലാസുവരെ ഒരുമിച്ച് പഠിച്ച പ്രേംകുമാറും സുനിതയും വീണ്ടും കണ്ടുമുട്ടിയത് കഴിഞ്ഞ മെയ്യിൽ സ്കൂളിലെ പൂർവവിദ്യാർഥി സംഗമത്തിൽ. ചെറുവാരക്കോണത്തെ സ്കൂളിൽ ഒപ്പം പഠിച്ച സുനിതയെ 25 വർഷത്തിന് ശേഷം കണ്ട പ്രേംകുമാർ ഒപ്പം ജീവിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ഹൈദരാബാദിൽ ഭർത്താവിനും കുട്ടികൾക്കും ഒപ്പം കഴിഞ്ഞിരുന്ന സുനിത തുടർന്ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചു. ഇരുവരുടെയും കുടുംബ ജീവിതങ്ങളിൽ ഉണ്ടായ താളപ്പിഴകളും ഇവരുടെ അടുപ്പത്തിന് കാരണമായെന്ന് പൊലീസ് പറഞ്ഞു.
തുടർന്നാണ് പ്രേംകുമാർ പേയാട് വില്ല വാടകയ്ക്ക് എടുക്കുന്നത്. ഈ വീട്ടിലാണ് ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നത്. ഇതിനു തടസ്സമായി നിൽക്കുന്നതിനാലാണ് വിദ്യയെ കൊല്ലാൻ തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here