സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ക്ഷേമപ്രവർത്തനങ്ങളെ പ്രതിസന്ധി ബാധിക്കില്ല; ധനമന്ത്രി തോമസ് ഐസക്

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് ധനമന്ത്രി തോമസ് ഐസക്. ജി എസ് ടി നഷ്ടപരിഹാരം നൽകാൻ കേന്ദ്രം ഇനിയും തയ്യാറായില്ലെങ്കിൽ പ്രതിസന്ധി ഇനിയും മൂർച്ഛിക്കും. കേന്ദ്രം സംസ്ഥാനത്തിനുള്ള വായ്പ വെട്ടിക്കുറച്ചതും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു.

എന്നാൽ പെൻഷൻ ഉൾപ്പെടെയുള്ള ക്ഷേമപ്രവർത്തനങ്ങളെ പ്രതിസന്ധി ബാധിക്കില്ല. ചില വികസന സ്കീമുകൾ തൽകാലത്തെയ്ക്ക് മാറ്റി വയ്ക്കും. കിഫ്ബി പ്രവർത്തനങ്ങളെ പ്രതിസന്ധി ബാധിച്ചിട്ടില്ല. കേന്ദ്ര നിലപാടിനെതിരെ ഒരുമിച്ച് സമരം ചെയ്യാൻ പ്രതിപക്ഷവും സഹകരിക്കണമെന്നും ഐസക് ആവശ്യപ്പെട്ടു.

ചരക്ക് സേവന നികുതിയുടെ നഷ്ടപരിഹാര തുക നൽകാൻ കേന്ദ്രം തയ്യാറാകാത്തതാണ് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി മൂർച്ഛിക്കാൻ കാരണമായത്. ഓഗസ്റ്റ് – സെപ്തംബർ മാസത്തെ നഷ്ടപരിഹാരമായ 1600 കോടി രൂപയ്ക്ക് പുറമെ ഒക്ടോബർ – നവംബർ മാസത്തെ 1600 കോടിയും ചേർത്ത് 3200 കോടിയാണ് കേന്ദ്രം സംസ്ഥാനത്തിന് നഷ്ടപരിഹാം നൽകാനുള്ളത്. കേന്ദ്രം സംസ്ഥാനത്തിനുള്ള വായ്പ വെട്ടിക്കുറച്ചതും പ്രതിസന്ധിയുടെ ആക്കം കൂട്ടിയതായും ധനമന്ത്രി തോമസ് ഐസക് കൈരളി ന്യൂസിനോട് പറഞ്ഞു.

വർഷാവസാനവും സാമ്പത്തിക വർഷത്തിന്‍റെ അവസാന പാദത്തിലുമെത്തി നിൽക്കുന്ന ഇൗ മാസത്തിൽ സംസ്ഥാനത്തിന് ചിലവുകൾ ഇരട്ടിയാണ്. എന്നാൽ പ്രതിസന്ധി ക്ഷേമ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും ഐസക് വ്യക്തമാക്കുന്നു.

ജി എസ് ടി നഷ്ടപരിഹാരം നൽകാൻ അടുത്ത കൗൺസിലിലും കേന്ദ്രം നടപടി സ്വീകരിച്ചില്ലെങ്കിൽ മറ്റ് സംസ്ഥാനങ്ങളെയും കൂട്ടി സുപ്രീംകോടതിയെ സമീപിക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നും ഐസക് പറയുന്നു. കേന്ദ്രത്തിന്‍റെ ഇൗ നിലപാടിനെതിരെ ഒരുമിച്ച് സമരം ചെയ്യാൻ പ്രതിപക്ഷവും തയ്യാറാകണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here