രാജ്യാന്തര ചലച്ചിത്ര മേള അവസാനിക്കാന്‍ ഒരു ദിനം കൂടി ശേഷിക്കെ മികച്ച ചിത്രങ്ങള്‍ കണ്ടു തീര്‍ക്കാനുള്ള ഓട്ടത്തിലാണ് സിനിമാ പ്രേമികള്‍. വ്യത്യസ്ത പാക്കേജുകള്‍ക്കൊപ്പം മത്സര – ലോക സിനിമാ വിഭാഗത്തിലെ ചിത്രങ്ങളുടെ മികവാണ് മേളയുടെ മുഖമായത്.

24ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള അടയാളപ്പെടുത്തുക ഒരു പിടി മികച്ച ചിത്രങ്ങളിലൂടെ തന്നെയാകും. അത് തന്നെയാണ് ഓരോ തീയറ്ററുകളിലെയും നിറഞ്ഞ സദസ് വ്യക്തമാക്കുന്നത്. മേള അവസാനിക്കാന്‍ ഒരു ദിനം കൂടി ബാക്കി നില്‍ക്കെ മികച്ച ചിത്രങ്ങള്‍ കണ്ടു തീര്‍ക്കാനുള്ള ഓട്ടത്തിലാണ് സിനിമാ പ്രേമികള്‍.

മത്സര – ലോക സിനിമാ വിഭാഗത്തിലെ ചിത്രങ്ങള്‍ നിറഞ്ഞ കയ്യടിയാണ് നേടിയത്. ലോക സിനിമയില്‍ ആദ്യ പ്രദര്‍ശനത്തില്‍ പ്രേക്ഷക പ്രീതി നേടിയ ബോങ് ജൂണ്‍ ഹോയുടെ പാരസൈറ്റ് അവസാന പ്രദര്‍ശനത്തിലും കയ്യടി നേടി.

38 സിനിമകളുടെ അവസാന പ്രദര്‍ശനമാണ് ഇന്ന് നടക്കുന്നത്. ഇന്ന് പ്രദര്‍ശിപ്പിച്ച ഏഴ് മത്സര ചിത്രങ്ങളില്‍ ഇന്ത്യന്‍ ചിത്രം ലിഹാഫയുടെ ആദ്യ പ്രദര്‍ശന മികച്ച അഭിപ്രായം നേടി.

സ്ത്രീ സംവിധായകരുടെ ചിത്രങ്ങള്‍, മലയാളം സിനിമ, ഇന്ത്യന്‍ സിനിമ എന്നിവയെല്ലാം മേളയുടെ മാറ്റ് കൂട്ടുന്നതായിരുന്നു.