ശ്രീഹരിക്കോട്ട: ബഹിരാകാശത്ത് ചരിത്രനേട്ടവുമായി ഐഎസ്ആര്‍ഒ. പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (പിഎസ്എല്‍വി) അന്‍പതാമത് വിക്ഷേപണവും വിജയകരം. ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ്-2 ബിആര്‍ ഒന്നിനെയും വിദേശ രാജ്യങ്ങളുടെ ഒന്‍പത് ഉപഗ്രഹങ്ങളെയും വഹിച്ചാണ് പിഎസ്എല്‍വിയുടെ ക്യുഎല്‍ പതിപ്പ് ഭ്രമണപഥത്തിലേക്കുയര്‍ന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് വൈകിട്ട് 3.25 നായിരുന്നു വിക്ഷേപണം.

റഡാര്‍ ഇമേജിങ് നിരീക്ഷണ ഉപഗ്രഹമാണ് റിസാറ്റ് 2- ബി ആര്‍. കൃഷി, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ, വനനിരീക്ഷണം തുടങ്ങിയവയ്ക്ക് ഉപയോഗിക്കാവുന്നതാണിത്. ജപ്പാന്‍, ഇറ്റലി, ഇസ്രായേല്‍ രാജ്യങ്ങളുടെ ഓരോ ഉപഗ്രഹങ്ങളും അമേരിക്കയുടെ ആറ് ഉപഗ്രഹങ്ങളും പിഎസ്എല്‍വി വഹിക്കുന്നുണ്ട്.

1993ലാണ് പി.എസ്.എല്‍.വി റോക്കറ്റിന്റെ ആദ്യ വിക്ഷേപണം. ഇതുവരെയുള്ള ദൗത്യങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് പരാജയപ്പെട്ടത്. 55ലധികം ഇന്ത്യന്‍ ഉപഗ്രഹങ്ങളും, 20 രാജ്യങ്ങളില്‍ നിന്നുള്ള 310 ഉപഗ്രഹങ്ങളും പിഎസ്എല്‍വി ഇതുവരെ ഭ്രമണപഥത്തിലെത്തിച്ചു. സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ (എസ്ഡിഎസ്സി) നിന്നുള്ള 75-ാമത്തെ വിക്ഷേപണ ദൗത്യമായിരുന്നു ബുധനാഴ്ചത്തേത്.