വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ട്വന്റി-20യില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. 67 റണ്‍സിനാണ് ഇന്ത്യ വിന്‍ഡീസിനെ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സാണെടുത്തത്. വിന്‍ഡീസിന്റെ മറുപടി നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സില്‍ അവസാനിച്ചു. ഇതോടെ, മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യയ്ക്ക് സ്വന്തം. മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ഞായറാഴ്ച ചെന്നൈയില്‍ തുടക്കമാകും.

തുടക്കം മതല്‍ വിന്‍ഡീസ് ബോളര്‍മാര്‍ക്ക് അടിയോടടി ആയിരുന്നു. രോഹിത് ശര്‍മ (34 പന്തില്‍ 71), ലോകേഷ് രാഹുല്‍ (56 പന്തില്‍ 91), വിരാട് കോലി (29 പന്തില്‍ പുറത്താകാതെ 70) എന്നിവരുടെ മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്കെത്തിയത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസിന്റെ മൂന്നു വിക്കറ്റ് ആദ്യം തന്നെ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍, നാലാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത തിരിച്ചടിച്ച ഷിമ്രോണ്‍ ഹെറ്റ്മയര്‍ കീറോണ്‍ പൊള്ളാര്‍ഡ് സഖ്യം മത്സരത്തില്‍ വിന്‍ഡീസിന്റെ ആയുസ് നീട്ടിയെടുത്തു. ഹെറ്റ്മയര്‍ 24 പന്തില്‍ 41 റണ്‍സുമായി പുറത്തായെങ്കിലും പോരാട്ടം തുടര്‍ന്ന പൊള്ളാര്‍ഡ്, അര്‍ധസെഞ്ചുറി നേടി.

ഓപ്പണര്‍മാരായ ബ്രണ്ടന്‍ കിങ് (നാലു പന്തില്‍ അഞ്ച്), ലെന്‍ഡ്ല്‍ സിമ്മണ്‍സ് (11 പന്തില്‍ ഏഴ്), നിക്കോളാസ് പുരാന്‍ (0), ഷിമ്രോണ്‍ ഹെറ്റ്മയര്‍ (24 പന്തില്‍ 41), ജെയ്‌സന്‍ ഹോള്‍ഡര്‍ (8), ഹെയ്ഡന്‍ വാല്‍ഷ് (13 പന്തില്‍ 11), ഖാരി പിയറി (12 പന്തില്‍ ആറ്) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. കെസറിക് വില്യംസ് ഏഴു പന്തില്‍ 13 റണ്‍സോടെയും ഷെല്‍ഡണ്‍ കോട്രല്‍ നാലു പന്തില്‍ നാലു റണ്‍സോടെയും പുറത്താകാതെ നിന്നു.