പൗരത്വനിയമ ഭേദഗതി; പ്രതിഷേധം കത്തുന്നു; നിയന്ത്രണമേറ്റെടുത്ത് സൈന്യം

പൗരത്വനിയമ ഭേദഗതിക്കെതിരെ രോഷം കത്തിയാളുന്ന വടക്കുകിഴക്കന്‍ മേഖലയില്‍ പ്രക്ഷോഭകരെ നേരിടാൻ കേന്ദ്രം സൈന്യത്തെ വിന്യസിച്ചു. കശ്‌മീരിൽനിന്ന്‌ ഉൾപ്പെടെ 5,000 അർധസൈനികരെ വ്യോമമാർഗം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ എത്തിച്ചു.

ത്രിപുരയിൽ പ്രക്ഷോഭമേഖലകളുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. അസമിൽ സൈന്യത്തെ ഒരുക്കിനിർത്തിയിരിക്കയാണ്‌. കൂടുതൽ പ്രദേശങ്ങളിലേക്ക്‌ സൈന്യത്തെ വിന്യസിക്കാനും നടപടി തുടങ്ങി.

അസം തലസ്ഥാനമായ ഗുവാഹത്തിയിൽ അനിശ്ചിതകാലത്തേയ്‌ക്ക്‌ നിശാനിയമം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സർബാനന്ദ്‌ സോനോവാളിനെ വിമാനത്താവളത്തിൽ പ്രതിഷേധകാർ തടഞ്ഞു. അസമിലും ത്രിപുരയിലും മൊബൈൽ ഇന്റർനെറ്റ് നിരോധനം നീട്ടി. വടക്കുകിഴക്കൻ മേഖലയിലേക്കുള്ള 14 ട്രെയിന്‍ റദ്ദാക്കി. മിസോറാം, മണിപ്പുർ തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തിപ്പെടുകയാണ്‌..

ത്രിപുരയിൽ പൊലീസ്‌, ത്രിപുര സ്‌റ്റേറ്റ്‌ റൈഫിൾസ്‌, അസം റൈഫിൾസ്‌ എന്നിവയെ വിന്യസിച്ചിട്ടും സംഘർഷം വ്യാപകമായതോടെയാണ്‌ സൈനികത്തെ ഇറക്കിയത്‌. പല ഭാഗങ്ങളിലും പ്രക്ഷോഭകരും പൊലീസും ഏറ്റുമുട്ടി. ത്രിപുരയിൽ പൊലീസിനിടയിലും അതൃപ്‌തി പടരുന്നുണ്ടെന്നാണ്‌ റിപ്പോർട്ട്‌. ബിജെപി സംസ്ഥാനഘടകത്തിനകത്തും പ്രതിഷേധമുണ്ട്‌. സഖ്യകക്ഷിയായി ഐപിഎഫ്‌ടി പ്രത്യക്ഷ പ്രക്ഷോഭത്തിലാണ്‌.

അസമിൽ ബുധനാഴ്‌ച ബന്ദിന്‌ ആഹ്വാനം ഇല്ലായിരുന്നെങ്കിലും പതിനായിരങ്ങൾ വിവിധയിടങ്ങളിൽ പ്രതിഷേധവുമായി തെരുവിലിറങ്ങി. പ്രൊഫഷണൽ കോളേജ്‌ വിദ്യാർഥികളടക്കം ആയിരങ്ങൾ ഗുവാഹത്തി–ഷില്ലോങ്‌ റോഡ്‌ ഉപരോധിച്ചു. പലയിടത്തും വാഹനങ്ങൾക്കും വസ്‌തുവകകൾക്കും തീവച്ചു. ഗുവാഹത്തിയിൽ റോഡ്‌ ഡിവൈഡറുകൾ നശിപ്പിച്ച്‌ തീയിട്ടു. പ്രക്ഷോഭകരും പൊലീസും ഏറ്റുമുട്ടി.

പൊലീസ്‌ കണ്ണീർവാതകവും ഗ്രേനേഡും പ്രയോഗിച്ചു. ദിസ്‌പുർ, ഹതിഗാവ്‌, ഗണേശ്‌പുരി എന്നിവിടങ്ങളിൽ കല്ലേറ്‌ നടത്തിയവർക്കുനേരെ ലാത്തിച്ചാർജ്‌ നടത്തി. ലക്ഷ്‌മിപുർ, ദെമാജി, തിൻസുകിയ, ദിബ്രുഗഡ്‌, ഷരൈദോ, ജോർഹത്‌, ഗൊലാഗത്‌, കാംരൂപ്‌(മെട്രോ), കാംരൂപ്‌ എന്നീ ജില്ലകൾ സംഘർഷബാധിതമാണ്‌. ഗുവാഹത്തി, ദിബ്രുഗഡ്‌ സർവകലാശാലകളുടെ പരീക്ഷകൾ 16 വരെ നിർത്തിവച്ചു.

ഏതു സാഹചര്യവും നേരിടാൻ സൈന്യം സജ്ജമാണെന്ന്‌ കരസേനാ വക്താവ്‌ ലഫ്‌. കേണൽ പി ഖോങ്‌സായ്‌ അറിയിച്ചു. ഫീൽഡ്‌ കമാൻഡർമാരും കരസേന ആസ്ഥാനവും സ്ഥിതിഗതി സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണെന്ന്‌ അദ്ദേഹം പറഞ്ഞു. അസമിൽ മൂന്നുപതിറ്റാണ്ടിനുശേഷമാണ്‌ തുടർച്ചയായി അക്രമാസക്ത പ്രതിഷേധം അലയടിക്കുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News