ഇന്ത്യ വിടേണ്ടി വന്നാൽ ആശ്രയം മരണം മാത്രം; ഇവർ ചോദിക്കുന്നു.. ‘ഞങ്ങൾ എങ്ങോട്ട്‌ പോകണം?’

പൗരത്വ ബിൽ പാസാക്കിയതോടെ ഭീതിയുടെ മുൾമുനയിൽ വയനാട്ടിലെ റോഹിൻഗ്യൻ കുടുംബങ്ങൾ. നാല്‌ വർഷമായി വയനാട്ടിൽ കഴിയുന്ന രണ്ട്‌ കുടുംബങ്ങളാണ്‌ പലായന ഭീതി നേരിടുന്നത്‌. ഇന്ത്യയിൽനിന്നും പോകേണ്ടി വന്നാൽ മരണമല്ലാതെ മറ്റുവഴിയില്ലെന്ന്‌ ഇവർ വിലപിക്കുന്നു.

മ്യാൻമറിൽനിന്നും 2013ൽ ഇന്ത്യയിലെത്തിയ അമാനുള്ളയുടെയും മുഹമ്മദ്‌ ഇല്യാസിന്റെയും കുടുംബങ്ങളാണ്‌ പകച്ചുനിൽക്കുന്നത്‌. അറുപത്തിമൂന്നുകാരനായ അമീനുള്ള ഭാര്യയും അഞ്ച്‌ മക്കളോടുമൊപ്പമാണ്‌ വയനാട്ടിൽ കഴിയുന്നത്‌. ഇരുപത്തിയാറുകാരനായ ഇല്യാസിനൊപ്പം ഭാര്യ ഗുൽബഹാറും ഒന്നരവയസ്സുകാരി മകൾ ഫാത്തിമയും സഹോദരൻ മുഹമ്മദ്‌ സുബൈറുമുണ്ട്‌ . ഭാര്യ പൂർണ ഗർഭിണിയാണ്‌. കൽപ്പറ്റ മുട്ടിലിൽ വാടക ക്വാർട്ടേഴ്‌സുകളിലാണ്‌ ഇവർ കഴിയുന്നത്‌.

യുഎൻ അഭയാർഥി പട്ടികയിൽ ഉൾപ്പെട്ടവരും യുഎൻ തിരിച്ചറിയൽ രേഖ(യുഎൻഎച്ച്‌സിആർ) ഉള്ളവരുമായതിനാലാണ്‌ അഭയം നൽകിയതെന്ന്‌ ജില്ലാ പൊലീസ്‌ അധികൃതർ വ്യക്തമാക്കി. പൗരത്വനിയമ ഭേദഗതിയിലൂടെ അതിർത്തി രാജ്യങ്ങളിൽനിന്നുള്ള മുസ്ലിം കുടിയേറ്റക്കാർക്ക്‌ ഇന്ത്യൻ പൗരത്വം ലഭിക്കില്ല. ഇതാണ്‌ ഇവരുടെ ആശങ്ക.

കൂലിപ്പണിയെടുത്താണ്‌ ഇല്യാസ്‌ കുടുംബം പുലർത്തുന്നത്‌. അമീനുള്ളയും ഭാര്യ ഫുൽസാനയും രോഗബാധിതരാണ്‌. ജോലിയെടുക്കാൻ കഴിയില്ല. മറ്റുള്ളവരുടെ സഹായത്താലാണ്‌ ജീവിതം. മൂന്ന്‌ മക്കൾ വയനാട്ടിലെതന്നെ അനാഥാലയത്തിലാണ്‌. രണ്ട്‌ പെൺമക്കൾ കൂടെയുണ്ട്‌.

2012ൽ മ്യാൻമറിൽനിന്നും ഇവർ 2013ൽ ഡൽഹിയിലെത്തി. ഇവിടെനിന്നും തമിഴ്‌നാട്ടിലെ റോഹിൻഗ്യൻ അഭയാർഥി ക്യാമ്പിൽ. തമിഴ്‌നാട്ടിൽനിന്നും വയനാട്‌ മുസ്ലിം അനാഥാലയം അധികൃതരാണ്‌ അഭയമൊരുക്കി ജില്ലയിലെത്തിച്ചത്‌. 2015 ഒക്ടോബറിൽ വയനാട്ടിൽ എത്തി. അഞ്ച്‌ കുടുംബങ്ങളാണ്‌ വന്നത്‌.

മൂന്ന്‌ കുടുംബങ്ങൾ തിരികെ തമിഴ്‌നാട്ടിലേക്ക്‌ പോയി. അനാഥാലയം അധികൃതർ ഇപ്പോൾ കൈയൊഴിഞ്ഞ അവസ്ഥയാണ്‌. ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പിലുള്ള ഉപ്പയേയും ഉമ്മയേയും സഹോദരങ്ങളെയും ഇല്യാസ്‌ കണ്ടിട്ട്‌ ഒമ്പതുവർഷമായി. ‘ഇനി ഇവരെ കാണാനാവുമോയെന്നുപോലും അറിയില്ല. ഭാര്യയും മകളുമായി എവിടേക്ക്‌ പോകാനാണ്‌’ പറയുമ്പോൾ ഈ യുവാവിന്റെ കണ്ണ്‌ നിറഞ്ഞൊഴുകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News