ജോൺ അബ്രഹാം ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ആദ്യപതിപ്പിന് നാളെ തുടക്കം

ജോൺ അബ്രഹാം ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ആദ്യപതിപ്പിന് നാളെ കോഴിക്കോട് തുടക്കമാവും. വിദേശ രാജ്യങ്ങളിൽ നിന്നടക്കം 122 സിനിമകൾ 3 ദിവസത്തെ മേളയിൽ പ്രദർശിപ്പിക്കും.

33 വർഷത്തിനിപ്പുറം ജോൺ എബ്രഹാമിന് സിനിമാ പ്രവർത്തകർ നൽകുന്ന ആദരമാണ് രാജ്യാന്തര ഹ്രസ്വ ചലച്ചിത്ര മേള. 40 വിദേശ രാജ്യങ്ങളിൽ നിന്നടക്കം 122 സിനിമകൾ നാളെ മുതൽ 3 ദിവസങ്ങളിലായി കോഴിക്കോട് നടക്കുന്ന മേളയിൽ പ്രദർശിപ്പിക്കും.

മികച്ച സിനിമയ്ക്ക് 1 ലക്ഷം രൂപയാണ് പുരസ്ക്കാരത്തുക. മികച്ച അഭിനേതാവ്, സംവിധായകൻ എന്നിവർക്ക് 25000 രൂപ വീതം നൽകും. വോട്ടർ എക്സ് ആപ് ഉപയോഗിച്ച് പ്രേക്ഷകർ തന്നെയാണ് പുരസ്ക്കാര ജേതാക്കളെ തെരഞ്ഞെടുക്കുക. വ്യക്തിഗത ജൂറിയില്ല എന്നതാണ് മേളയുടെ ഒരു പ്രത്യേകതയെന്ന് ചെയർമാൻ ജോയ് മാത്യു പറഞ്ഞു.

ഈസ്റ്റ്ഹിൽ കൃഷ്ണമേനോൻ മ്യൂസിയമാണ് മേളയുടെ വേദി. ഡെലിഗേറ്റ് പാസിന് 300 രൂപയാണ്, കുട്ടികൾക്ക് 100 രൂപയും. 13 ന് സംവിധായകൻ രഞ്ജിത്ത് മേള ഉദ്ഘാനം ചെയ്യും. ഉടലാഴത്തിലൂടെ വീണ്ടും സിനിമയിലെത്തിയ മണി മുഖ്യാതിഥിയാവും.
സിനിമാ പ്രവർത്തകരുമായുള്ള സംവാദം, ചർച്ച, പുസ്തക പ്രകാശനം എന്നിവയും മേളയുടെ ഭാഗമായി 3 ദിവസങ്ങളിൽ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here