കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്നും കേരളത്തില്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളായ തുല്യതയെയും മതനിരപേക്ഷതയെയും അട്ടിമറിക്കുന്ന ഒരു നിയമത്തിനും കേരളത്തില്‍ സ്ഥാനമുണ്ടാകില്ല. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കും. ഈ കരിനിയമത്തെ സാധ്യമായ എല്ലാ വേദിയിലും സംസ്ഥാന സര്‍ക്കാര്‍ ചോദ്യം ചെയ്യുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തില്‍ മതാടിസ്ഥാനത്തിലുള്ള ഒരു വേര്‍തിരിവും അനുവദിക്കില്ല. എല്ലാ മതത്തില്‍പ്പെട്ടവര്‍ക്കും ഒരു മതത്തിലുംപെടാത്തവര്‍ക്കും ഇന്ത്യന്‍ പൗരനായി ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ട്. ഭരണഘടനാദത്തമായ ഈ അവകാശം എല്ലാവര്‍ക്കും ലഭ്യമാക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ നയം.
മതനിരപേക്ഷതയാണ് ഭരണഘടനയുടെ അടിത്തറയെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ചിട്ടുണ്ട്. പൗരത്വഭേദഗതി നിയമത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിക്കുന്നത് മതത്തിന്റെമാത്രം അടിസ്ഥാനത്തിലുള്ള വേര്‍തിരിവാണ്. അതുകൊണ്ടുതന്നെ പൗരത്വ ഭേദഗതി നിയമം ജുഡീഷ്യല്‍ പരിശോധനയില്‍ നിലനില്‍ക്കില്ല.
നിയമത്തിനെതിരെ രാജ്യത്താകെ പ്രതിഷേധവും രോഷവും ഉയരുന്നുണ്ട്. പ്രതിഷേധം സ്വാഭാവികമാണ്. എന്നാല്‍, അതിരുവിടരുത്. സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള ഗുരുതരപ്രശ്നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് വര്‍ഗീയശക്തികള്‍ സമൂഹത്തെ ഭിന്നിപ്പിക്കുന്നത്.
അധികാരത്തിന്റെ മുഷ്‌ക് ഉപയോഗിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഭരണഘടനാവിരുദ്ധമായ നിയമങ്ങള്‍ പാസാക്കുന്നത്. നീചമായ രാഷ്ട്രീയലക്ഷ്യങ്ങളാണ് അതിനു പിന്നില്‍. സമഗ്രാധിപത്യം സ്ഥാപിച്ച് ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള ഗൂഢാലോചനയാണിത്.
മതാടിസ്ഥാനത്തിലുള്ള രാഷ്ട്രമായി ഇന്ത്യയെ വിഭജിക്കുകയെന്നത് സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും മോഹമാണ്. പൗരത്വ ഭേദഗതി നിയമത്തിലൂടെ ഈ മോഹം യാഥാര്‍ഥ്യമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get real time update about this post categories directly on your device, subscribe now.