‘സമീര്‍’ ഒരു ‘ദോളീവുഡ്’ വിശേഷം

ഹൗസ്ഫുള്ളാകുന്ന ചില ഹിറ്റ് ചിത്രങ്ങള്‍ പണ്ട് തിയേറ്ററിന്റെ മുന്‍നിരയിലിരുന്നു കാണേണ്ടി വന്നിട്ടുണ്ട് അതില്‍ ഓര്‍മ്മയില്‍ വേഗം വരുന്ന രണ്ടു ചിത്രങ്ങള്‍ തൊണ്ണൂറിനു മുമ്പുള്ള ‘ഡാന്‍സ് ഡാന്‍സും’, ഭരതന്റെ ‘ഇത്തിരിപ്പൂവേ ചുവന്ന പൂവേ ‘യുമാണ്… മെഗാസ്റ്റാറുകളായ മിഥുന്‍ ചക്രവര്‍ത്തിയും മമ്മൂട്ടിയും റഹ്മാനും ശോഭനയും മന്ദാകിനിയുമൊന്നുമില്ലെങ്കിലും അനുഗ്രഹീതരായ കുറച്ചു കലാകാരന്മാരുടെയൊപ്പം കഴിഞ്ഞ ദിവസം ഷാര്‍ജ്ജയിലെ ഓസ്‌ക്കാര്‍ തിയേറ്ററില്‍ അങ്ങനെയൊരു നിറഞ്ഞ സദസ്സില്‍ മുന്‍ നിരയിലിരുന്ന് ഒരു ചിത്രത്തിന്റെ പ്രിവ്യൂകാണാനിടയായി -‘സമീര്‍”.

ചിത്രത്തിന്റെ നിര്‍മാണവിശേഷങ്ങള്‍ നേരത്തെ മുതല്‍ക്കേ കേള്‍ക്കുന്നുണ്ടായിരുന്നു തക്കാളിത്തോട്ടത്തിലെ വിശേഷങ്ങളെന്നോ സ്വയ്ഹാനിലെ പൂച്ചക്കുട്ടിയെന്നോ ഒക്കെയുള്ള പേരുകളും കേട്ടിരുന്നു, പിന്നീട് ‘സമീര്‍ ‘ എന്നു പേരില്‍ വിവരങ്ങള്‍ വന്നു തുടങ്ങിയപ്പോള്‍ ഒരു പക്ഷേ വടക്കന്‍ കേരളം മാത്രം ലക്ഷ്യമിട്ട് നിര്‍മ്മിച്ച ഒരു ചിത്രമെന്ന മുന്‍ധാരണയോടെയാണ് ഈ ചിത്രത്തെ സമീപിച്ചത്…..

പക്ഷേ….

ഒറ്റവരിയില്‍ പറഞ്ഞാല്‍, ‘സമീര്‍’ പ്രവാസ പശ്ചാത്തലം വേണ്ടവണ്ണം ഉപയോഗിച്ച് ഭാഷകളെയും ദേശങ്ങളേയും മറികടന്ന് ഇമോഷന്‍സിന് പ്രാധാന്യം നല്കി നിര്‍മ്മിക്കപ്പെട്ട ഒരു മനോഹര ചിത്രമാണ്.

ഗള്‍ഫ് പ്രവാസിയുടെ ഹൃദയസ്വരമാണ് ഇവിടെ പ്രക്ഷേപണം ചെയ്യപ്പെടുന്ന റേഡിയോ എന്ന സംസ്‌ക്കാരം, അതില്‍ തുടങ്ങി റേഡിയോ ഒരു കഥാപാത്രമായി മുന്നേറിയ ചിത്രം ഫാന്റസിയേയും പ്രകൃതിയേയുമൊക്കെ വളരെ ചാരുതയോടെ ഇഴചേര്‍ത്ത് റഷീദ് പാറയ്ക്കലും രൂപേഷ് തിക്കൊടിയും സംഘവും അസാമാന്യ കൈയ്യടക്കത്തോടെയാണ് ഈ ചലച്ചിത്ര വിരുന്ന് നല്കിയത്.

പ്രവാസികളുടെ ഇടയില്‍ നിന്നും ധാരാളം സാഹിത്യ കൃതികള്‍ മുമ്പ് പുറത്തുവന്നിട്ടുണ്ട് പക്ഷേ ‘ആടുജീവിതം’ വന്നതിനു ശേഷമാണ് ഒരു പ്രവാസ സാഹിത്യ കൃതി വളരെയേറെ ചര്‍ച്ചയായത്. അതുപോലെയാണ് ഇതുവരെ വന്ന പ്രവാസ ചലച്ചിത്രനിര്‍മ്മിതികളില്‍ നിന്നൊക്കെ വ്യത്യസ്തമായി ‘സമീര്‍’ എന്ന ചലച്ചിത്രവും പുതിയൊരു വിജയഗാഥ രചിക്കുവാനും ലോകമാകെ ചര്‍ച്ചയാകുവാനും പോകുന്നത്..

താഴെയുള്ള പോസ്റ്ററുകളില്‍ നിന്നും ഒരു പക്ഷേ ‘സമീര്‍’ എന്ന ചലച്ചിത്രത്തിന്റെ കഥ ഏറെക്കുറെ മനസ്സിലാക്കുവാന്‍ സാധിച്ചേക്കാം. പക്ഷേ അതാസ്വദിച്ച് അനുഭവേദ്യമാക്കാന്‍ ഈ ചലച്ചിത്രം കാണുക തന്നെ വേണം. മണലും മഴയും ഉള്‍പ്പെടെ പ്രകൃതി പോലും ഈ ചിത്രത്തിന്റെ വിജയത്തിനായി ആത്മാര്‍ത്ഥമായി ഇടപെട്ടതുപോലെ ..

ചിത്രത്തിലെ അഭിനേതാക്കളുള്‍പ്പെടെ എല്ലാവരും അഭിനന്ദനമര്‍ഹിക്കുന്നു പ്രത്യേകിച്ചും സംവിധായകന്‍ റഷീദ് പാറയ്ക്കല്‍, ഡി.ഒ.പി. രൂപേഷ് തിക്കൊടി, ഡ്രോണ്‍ ക്യാമറാമാന്‍, കലാസംവിധായകനായ നിസ്സാര്‍ ഇബ്രാഹിം, അഭിനേതാക്കളായ ബഷീര്‍ സില്‍സില, മൊയ്തീന്‍കോയ, അഷ്‌റഫ് കിരാലൂര്‍, രാജു തോമസ്, മഹബൂബ് വടക്കാംചേരി, ഷാജഹാന്‍ ഒറ്റത്തൈയ്യില്‍,നായകന്‍ ആനന്ദ് റോഷന്‍, അനഘ സജീവ് ,മറ്റു സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചര്‍, മാമുക്കോയ, നായകന്റെ സുഹൃത്ത് വേഷം അവതരിപ്പിച്ചയാള്‍, പിന്നെയും പേരറിയാത്ത പലരും.പിന്നെ സംഗീത സംവിധായന്‍, വിദ്യാധരന്‍ മാഷുള്‍പ്പെടെയുള്ള ഗായകര്‍ ഒക്കെ … ഗാനങ്ങളൊക്കെ വളരെ ഹൃദ്യമാണ് .

ഇനി ഇതിന്റെ അണിയറക്കാരോട് ഒരഭ്യര്‍ത്ഥനയുണ്ട് സാധാരണ ചില നല്ല ചിത്രങ്ങള്‍ക്കുള്ള വിധിയാവരുത് – ഇത് പെട്ടിയിലടച്ച് സൂക്ഷിക്കരുത് എന്നര്‍ത്ഥം, ‘ സമീര്‍ ‘ ലോകമാകെയുള്ള പ്രേക്ഷകരിലേക്കെത്തിക്കണം ഇതവരെ കാണിക്കണം, ചര്‍ച്ചയാക്കണം.കാരണം ഇനിയും ഈ വഴിയിലൂടെ പുറകേ വരുന്നവരും വരാനാഗ്രഹിക്കുന്നവരും ധാരാളമുണ്ട് അവര്‍ക്കൊക്കെ മാതൃകയാവാനും പ്രചോദനമേകാനുമായി അതത്യാവശ്യമാണ്…

പിന്നെ, സബ്‌ടൈറ്റിലുകളില്ലാതെ ബംഗാളി ഭാഷയും മറ്റും സാധാരണ മലയാളി പ്രേക്ഷകര്‍ക്ക് മനസ്സിലായി എന്നത് സിനിമയുടെ വിജയമാണ് എന്നംഗീകരിച്ചേ മതിയാവൂ, തീര്‍ച്ചയായും മലയാളം ഡയലോഗ് സബ്‌ടൈറ്റിലില്ലാതെ മറ്റു ഭാഷക്കാര്‍ക്കും മനസ്സിലാകും എന്നത് അണിയറ പ്രവര്‍ത്തകരുടെ ഈ സിനിമയോടുള്ള ആത്മവിശ്വാസമാണ് – അഭിനന്ദനാര്‍ഹം, പക്ഷേ വലിയ ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവലുകള്‍ക്കൊക്കെ ഈ ചിത്രമൊരു പക്ഷേയെത്തിയാല്‍ (അതിനുള്ള സാധ്യതകളൊക്കെ കാണുന്നുണ്ട് ) ടെക്‌നിക്കലി സബ്‌ടൈറ്റിലില്ല എന്ന കാരണത്താല്‍ മാത്രം ഈ ചിത്രം മാറ്റിവയ്ക്കപ്പെട്ടാല്‍ അതൊരു സങ്കടകരമായ കാര്യവുമാകും..

അറബിയിലെ ‘സമീര്‍ ‘ എന്ന പദത്തേക്കാള്‍ ‘സമീര്‍ ‘ എന്ന സംസ്‌കൃത പദത്തിന്റെ അര്‍ത്ഥമാണ് ചിത്രം അന്വര്‍ത്ഥമാക്കിയത് , ഡിസംബറില്‍ ഒരുപക്ഷേ പ്രേക്ഷകരെ തഴുകാനെത്തുന്ന ഈ ‘മന്ദമാരുതന്‍ ‘ കേരളത്തെ ‘മഴ ചാറുമിടവഴിയിലൂടെയൊക്കെ’കുളിരണിയിക്കും എന്നതില്‍ തര്‍ക്കമൊന്നുമില്ല.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News