ഇന്റര്‍നെറ്റ് വിലക്കിയ അസം ജനങ്ങളോട് ശാന്തരാകാന്‍ ട്വിറ്ററിലൂടെ മോദി; കലാപത്തില്‍ മരണം 3

ദില്ലി: അസം ജനതയോട് ശാന്തരാകാന്‍ ട്വിറ്ററിലൂടെ ആഹ്വാനം ചെയ്ത് നരേന്ദ്ര മോദി.

പൗരത്വഭേദഗതി ബില്ലിനെ കുറിച്ച് ആരും ആശങ്കപ്പെടേണ്ടതില്ലെന്നായിരുന്നു ഇന്റര്‍നെറ്റിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന അസമിലെ ജനതയോട് മോദി ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചത്.

കഴിഞ്ഞദിവസം വൈകുന്നേരം 7 മണിമുതല്‍ അസമിലെ പത്ത് ജില്ലകളിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദ് ചെയ്തിരുന്നു. ലഖിംപൂര്‍, ധേമാജി, ടിന്‍സുകിയ, ദിബ്രുഗഡ്, ചരൈഡിയോ, ശിവസാഗര്‍, ജോര്‍ഹട്ട്, ഗോലഘട്ട്, കമ്രൂപ് (മെട്രോ), കമ്രുപ് എന്നിവിടങ്ങളിലെ സേവനങ്ങളാണ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. പ്രതിഷേധം കനത്ത സ്ഥലങ്ങളിലെ ഇന്റര്‍നെറ്റ് സേവനങ്ങളായിരുന്നു നിര്‍ത്തിവെച്ചത്.

‘നിങ്ങളുടെ അവകാശങ്ങളും അതുല്യമായ സ്വത്വവും മനോഹരമായ സംസ്‌കാരവും ആര്‍ക്കും അപഹരിക്കാനാവില്ല എന്ന് ഞാന്‍ ഉറപ്പ് നല്‍കുകയാണ്. അസമീസ് ജനതയുടെ രാഷ്ട്രീയപരവും, ഭാഷാപരവും സാംസ്‌കാരികപരവും ഭൂമിപരവുമായ അവകാശങ്ങള്‍ ഭരണഘടനാപരമായി സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരും ഞാനും പൂര്‍ണമായും പ്രതിജ്ഞാബദ്ധരാണ്’-എന്നായിരുന്നു നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചത്.

അസമില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ ആയിരക്കണക്കിന് ആളുകള്‍ കര്‍ഫ്യൂ അവഗണിച്ചുകൊണ്ട് തെരുവില്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

അതേസമയം, മതംനോക്കി പൗരത്വം നിശ്ചയിക്കാനുള്ള പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം വടക്കുകിഴക്കന്‍ മേഖലയില്‍ കലാപമായി. അസമില്‍ വിവിധയിടങ്ങളിലുണ്ടായ വെടിവയ്പില്‍ മൂന്നുപേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. മന്ത്രിമാരുടെ വീടുകള്‍ ജനക്കൂട്ടം ആക്രമിച്ചു. അസം, ത്രിപുര, മേഘാലയ സംസ്ഥാനങ്ങളില്‍ സ്ഥിതി അതിരൂക്ഷമായിരിക്കയാണ്. സൈന്യം രംഗത്തിറങ്ങിയിട്ടും അക്രമം വ്യാപിക്കുകയാണ്. പ്രക്ഷോഭകര്‍ കൂട്ടമായി തെരുവിലിറങ്ങിയതോടെ ജനജീവിതം സ്തംഭിച്ചു.

അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോണോവാളിന്റെയും കേന്ദ്രസഹമന്ത്രി രാമേശ്വര്‍ തേലിയുടെയും വസതികള്‍ക്ക് കല്ലെറിഞ്ഞു. അസം ഗണപരിഷത്ത് ആസ്ഥാനം ആക്രമിച്ചു. ബിജെപി എംഎല്‍എയുടെ വീടിന് തീയിട്ടു. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ ഗുവാഹത്തിയിലും അഗര്‍ത്തലയിലും നടക്കേണ്ടിയിരുന്ന രഞ്ജിട്രോഫി ക്രിക്കറ്റ് മത്സരങ്ങള്‍ മാറ്റി. ഗുവാഹത്തിയില്‍ നടക്കേണ്ടിയിരുന്ന ഐഎസ്എല്‍ ഫുട്ബോള്‍ മത്സരങ്ങളും മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News