24ാം കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരശീല വീ‍ഴും. സമാപനസമ്മേളനം വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രശസ്ത അർജന്‍റീനിയൻ സംവിധായകനായ ഫെര്‍ണാണ്ടോ സൊളാനസിനെ ആജീവനാന്ത സംഭാവനക്കുള്ള പുരസ്‌ക്കാരം നൽകി ആദരിക്കും. സമാപന സമ്മേളനത്തിന് ശേഷം മേളയിൽ സുവര്‍ണ്ണചകോരം നേടുന്ന ചിത്രം പ്രദർശിപ്പിക്കും.

എട്ട് രാപ്പകലുകള്‍ നീണ്ട ലോക സിനിമക്കാഴ്ചകളുടെ ഉത്സവത്തിനാണ് ഇന്ന് അനന്തപുരിയിൽ കൊടിയിറങ്ങുന്നത്. വിവിധ മേളകളിൽ പ്രേക്ഷക പ്രീതി നേടിയവ ഉൾപ്പടെ 186 സിനിമകളാണ് മേളയിൽ പ്രദർശിപ്പിച്ചത്.

മികവുറ്റ ഒരു പിടി സിനിമകൾ തന്നെയായിരുന്നു ഇത്തവണ മേളയുടെ മുഖം. മത്സരവിഭാഗത്തിൽ ജെല്ലിക്കെട്ട്, വൃത്താകൃതിയിലുള്ള ചതുരം എന്നീ മലയാള ചിത്രങ്ങളും പ്രത്യേക ശ്രദ്ധ ആകർഷിച്ചു.

വൈകീട്ട് നിശാഗന്ധിയിൽ നടക്കുന്ന സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അർജന്‍റീനിയൻ സംവിധായകനായ ഫെര്‍ണാണ്ടോ സൊളാനസിന് ആജീവനാന്ത സംഭാവനക്കുള്ള പുരസ്‌ക്കാരം നൽകി ചടങ്ങിൽ ആദരിക്കും.

തുടർന്ന് ചലച്ചിത്രമേളയുടെ 2020 ലെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ വരവറിയിച്ച് ചലച്ചിത്രതാരം റീമാ കല്ലിങ്ങലിന്‍റെ നേതൃത്വത്തിൽ കണ്ടംപററി ഡാൻസ് അരങ്ങേറും. സമാപന സമ്മേളനത്തിന് ശേഷം മത്സരവിഭാഗത്തിൽ സുവര്‍ണ്ണചകോരത്തിന് അര്‍ഹമാകുന്ന ചിത്രം പ്രദർശിപ്പിക്കും.

മേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തിരഞ്ഞെടുക്കാനുള്ള വോട്ടിങ് തുടരുകയാണ്. അക്കാദമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്‌ വഴിയും എസ്.എം.എസ്.വഴിയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും ഡെലിഗേറ്റുകൾക്ക് വോട്ട് ചെയ്യാം. വൈകിട്ട് 5.45 വരെയാണ് പ്രേക്ഷക ചിത്രം തെരഞ്ഞെടുക്കാനുള്ള അവസരം.