യൂത്ത് കോൺഗ്രസ് പുന: സംഘടന വൈകുന്നതിതിരെ പ്രവർത്തകർക്കിടയിൽ അതൃപ്തി പരസ്യ പ്രതികരണത്തിലേക്ക് കടക്കുകയാണ്. ഇത് സൂചിപ്പിക്കുന്ന ഫെയ്സ് ബുക്ക് പോസ്റ്റ് ആണ് പാലക്കാട് കെ.എസ് യു ജില്ലാ പ്രസിഡന്റ് എ.കെ ഷാനിബ് കുറിച്ചിരിക്കുന്നത് .

രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികളാകെ പൗരത്വബില്ലിനെക്കുറിച്ച് ആശങ്കപ്പെടുമ്പോൾ ഞാൻ കൂടി അംഗമായ യൂത്ത് കോൺഗ്രസിൽ സംഘടനാ അംഗത്വത്തെക്കുറിച്ചുള്ള ചർച്ചയിൽ തന്നെ കുരുങ്ങിക്കിടക്കുകയാണ്.
കഴിഞ്ഞ വർഷം ഡിസംബർ നാലിന് അവസാനിച്ചതാണ് അംഗത്വ വിതരണം.അന്ന് തന്നെ നിയമവിരുദ്ധമായാണ് അംഗത്വ വിതരണം നടത്തിയത്.

35 വയസ്സ് പ്രായപരിധി നിശ്ചയിക്കപ്പെട്ടിരിക്കേയാണ് 36 വയസ്സു പൂർത്തിയായവർക്ക് പോലും മെംബർഷിപ്പ് സ്വീകരിക്കാൻ കഴിയുമെന്ന വ്യവസ്ഥ അതിൽ കൂട്ടിച്ചേർത്തത്.

അർഹതപ്പെട്ട അംഗീകാരം പുന:സംഘടന വൈകിയതുകൊണ്ട് ആർക്കും നിഷേധിക്കപ്പെടരുത് എന്നത് കൊണ്ടാണ് അത് നിയമവിരുദ്ധമായിരുന്നിട്ടും പുന:സംഘടന നടക്കട്ടെ എന്ന പൊതുവികാരത്തോടൊപ്പം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഐക്യപ്പെട്ടത്.

(എന്നാൽ കെ.എസ്.യു.പുന:സംഘടനയുടെ സമയത്ത് അക്കാര്യം ആരും ചർച്ച ചെയ്തത് പോലുമില്ലെന്നുള്ളത് മറ്റൊരു സത്യം. അന്ന് കമ്മിറ്റിയിലുണ്ടായിരുന്ന പലരും മാസങ്ങളുടെ വ്യത്യാസത്തിലാണ് പുറത്താക്കപ്പെട്ടത്.
യൂത്ത് കോൺഗ്രസ് മെംബർഷിപ് പൂർത്തിയാക്കി ഒരു വർഷം കഴിഞ്ഞിട്ടും പുതിയൊരു കമ്മിറ്റിയുണ്ടാക്കാൻ ഇത് വരേയുമായിട്ടില്ല.

കഴിഞ്ഞ ആഴ്ചയാണ് പത്ത് പേരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. എന്തായിരുന്നു ആ ലിസ്റ്റിന്റെ മാനദണ്ഡം?
കൊച്ചിയിൽ വച്ച് രണ്ട് തവണ നടത്തിയ അഭിമുഖ പരീക്ഷയുടെ ഫലമെന്തായിരുന്നു?

ഞാനടക്കം പഴയ കെ.എസ്.യു.ജില്ലാ പ്രസിഡണ്ടുമാരേയും സംസ്ഥാന ഭാരവാഹികളേയും കൊച്ചിയിലേക്ക് വിളിച്ചു വരുത്തിയത്, ഞങ്ങളുടെ ബയോഡാറ്റ വാങ്ങിയത്, നടത്തിയ പരിപാടികളുടെ ഫോട്ടോയെടുത്ത് കൂട്ടിക്കെട്ടി കൊണ്ട് വന്ന് സമർപ്പിച്ചത്…. എന്തിനായിരുന്നു?

ജനാധിപത്യ സംഘടനയ്ക്കകത്ത് ഇതൊക്കെ ഭൂഷണമാണോ എന്ന തോന്നലുള്ളപ്പോൾ തന്നെ ആ സംവിധാനത്തോട് സഹകരിക്കാൻ തീരുമാനിച്ചത് അച്ചടക്കമുള്ള സംഘടനാ പ്രവർത്തകനാകാൻ ആഗ്രഹമുള്ളത് കൊണ്ടാണ്.

അത് കൊണ്ട് മാത്രമാണ് എന്തൊരു പ്രഹസനമാണ് സഹോ എന്ന് ഞങ്ങളാരും ചോദിക്കാതിരുന്നത്.
സംഘടനയ്ക്കകത്തെ കൊള്ളരുതായ്മകൾക്കെതിരെ ശബ്ദിക്കാതെ നാം എങ്ങിനെയാണ് സമൂഹത്തിന് വേണ്ടി നിലകൊള്ളേണ്ടത്.

ബി.ജെ.പി.സർക്കാരിന്റെ ജനാധിപത്യവിരുദ്ധ നിലപാടുകൾക്കെതിരെ തെരുവിലിറങ്ങേണ്ട സമയത്താണ് ഒരു മഹാപ്രസ്ഥാനത്തെ വ്യക്തിതാൽപര്യങ്ങളുടെയും താൻപോരിമയുടെയും പേരിൽ നാവുകൾക്ക് പൂട്ടിട്ട് അഭിപ്രായങ്ങൾക്ക് വിലങ്ങ് വച്ച് അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കളിക്കുന്നത്.

അതിപ്രധാനമായ പ്രത്യേകരാഷ്ട്രീയ സാഹചര്യത്തെ സുഡാപ്പികളും മറ്റു മതസംഘടനകളും മുതലെടുപ്പ് നടത്താൻ തെരുവിലിറങ്ങുമ്പോൾ…ഇത് രാജ്യത്തിന്റെ പൊതു പ്രശ്നമാണ്, നാം ഒരുമിച്ച് നിന്നാണ് മുദ്രാവാക്യം വിളിക്കേണ്ടത് എന്ന് പറയേണ്ടത് കോൺഗ്രസാണ്.

ഒരു വിഭാഗത്തെ മാത്രം ലക്ഷ്യം വച്ച് ഭരണകൂടം നീങ്ങിയാൽ അത് രാജ്യത്തിന്റെ മതേതരത്വത്തിനും ജനാധിപത്യത്തിനുമാണ് വെല്ലുവിളിയാകുന്നത്. പ്രതിരോധം തീർക്കേണ്ടത് ഒരു വിഭാഗത്തിന്റെ മാത്രം കൂട്ടായ്മകളിലൂടെയല്ല, എല്ലാവരും ചേർന്നാണ്.

അതിന് നേതൃത്വം കൊടുക്കാൻ കഴിയുന്നത് കോൺഗ്രസിനാണ്.അതിന്റെ യുവജന സംഘടന വന്ധ്യംകരിക്കപ്പെടുമ്പോൾ കടുത്ത നിരാശയാണ് തോന്നുന്നത്.

പാർട്ടിക്ക് ദോഷമാകരുതേ എന്ന് കരുതി എത്രയാണെന്ന് വച്ചിട്ടാണ് മൗനം പാലിക്കുന്നത്? എതിരാളികൾക്ക് വടികൊടുക്കരുതെന്ന ചിന്തയിൽ എത്ര കാലം കണ്ണടയ്ക്കാനാകും?