ദേശാഭിമാനി’യിലെ ‘നേർവ‍ഴി’ പംക്തിയിൽ കോടിയേരി എ‍ഴുതിയ ലേഖനം:

ഇന്ത്യ വളരെ പെട്ടെന്ന് ഒരു “ഭൂരിപക്ഷാധിപത്യ അക്രമാസക്തയിട’മായി മാറിക്കൊണ്ടിരിക്കുകയാണ്. നരേന്ദ്ര മോഡിയും ബിജെപിയും വീണ്ടും അധികാരത്തിൽ വന്നതോടെ ഈ പ്രവണതയ്ക്ക് ആക്കംകൂടി. എക്സിക്യൂട്ടീവും ലെജിസ്ലേച്ചറും ജുഡീഷ്യറിയുമെല്ലാം ഭൂരിപക്ഷാധിപത്യ പ്രവണതയ്ക്ക് കീഴ്പ്പെടുകയാണ്. അതിനൊത്ത് മാധ്യമങ്ങളും ചായുന്നു. ഈ അപകടകരമായ അവസ്ഥയിലാണ് പൗരത്വഭേദഗതി നിയമബിൽ പാർലമെന്റ് പാസാക്കിയിരിക്കുന്നത്.

ബില്ലിനെ അനുകൂലിച്ചവരെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പാർലമെന്റിൽ അനുമോദിച്ചു. ഇന്ത്യ നൂറ്റാണ്ടുകളായി പിന്തുടരുന്ന ഉൾക്കൊള്ളലിന്റെ തത്വങ്ങൾക്കും മാനവികമൂല്യങ്ങളിലുള്ള വിശ്വാസത്തിനും അനുസൃതമാണ് സർക്കാർ നടപടിയെന്നാണ് മോഡിയുടെ അവകാശവാദം. തെങ്ങിൽ കുലച്ചുനിൽക്കുന്നത് മാങ്ങയാണെന്ന് പറയുമ്പോഴുള്ള ഒരു അപഹാസ്യതയാണ് ഇത്. മതത്തിന്റെ അടിസ്ഥാനത്തിൽ അഭയാർഥികളെ തരംതിരിക്കുന്നതാണ് പൗരത്വ ഭേദഗതിബിൽ.

പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ ഇന്ത്യയിലേക്ക് കുടിയേറിയവരിൽ മുസ്ലിങ്ങളല്ലാത്ത എല്ലാവർക്കും പൗരത്വം നൽകുന്നതിന് പൗരത്വനിയമം ഇളവ് ചെയ്തിരിക്കുകയാണ്. ഈ ബില്ലിന്റെ പേരിൽ മുസ്ലിങ്ങൾക്ക് ഭയപ്പെടാൻ ഒന്നുമില്ലെന്നാണ് അമിത് ഷായുടെ വാദം.

അതായത് ബിൽ നിർദേശിക്കുന്നത് 2014 ഡിസംബർ 31 നു മുമ്പ് പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ജൈന, ക്രിസ്ത്യൻ സമുദായക്കാരായ അഭയാർഥികൾക്ക് നിശ്ചിതവും വ്യവസ്ഥകൾക്ക് വിധേയവുമായി പൗരത്വത്തിന് അർഹതയുണ്ട് എന്നാണ്.

നിലവിൽ 11 വർഷം തുടർച്ചയായി താമസിക്കുന്നവർക്കാണ് പൗരത്വം. അത് അഞ്ച് വർഷമാക്കി ചുരുക്കി. അയൽരാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്നവരോടുള്ള കരുണയാണ് കേന്ദ്രസർക്കാരിനെങ്കിൽ ശ്രീലങ്കയിൽ നിന്നുമെത്തിയ അഭയാർഥികളായ തമിഴർക്ക് എന്തുകൊണ്ട് പൗരത്വം നൽകുന്നില്ല എന്ന് ഡിഎംകെ അംഗങ്ങൾ ലോക്സഭയിൽ ചോദിച്ചിരുന്നു. പൗരത്വത്തിൽ മതം മാനദണ്ഡമാക്കുന്നത് ഇന്ത്യയുടെ നിയമനിർമാണ ചരിത്രത്തിലെ ആദ്യ സംഭവമാണ്.

സ്വാതന്ത്ര്യ സമ്പാദനവേളയിൽ മതാടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിച്ചതുപോലെ ഭീകരമായ ഒരു അവസ്ഥയിലേക്ക് രാജ്യത്തെ തള്ളിവിടുകയാണ് കേന്ദ്രസർക്കാർ. 1947 ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ വേളയിൽ ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിലെ മുഖപ്രസംഗത്തിൽ ത്രിവർണ പതാക ഔദ്യോഗികമായി പാറിക്കുന്നുണ്ടെങ്കിലും യഥാർഥ പതാക കാവിയാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. മൂന്നു നിറങ്ങൾ ഒരു രാഷ്ട്രത്തിന്റെ പതാകയാകുന്നത് അപഹാസ്യമാണെന്നും ഇന്ത്യയെ കെട്ടിപ്പടുത്തത് ഹിന്ദുക്കളും ഹിന്ദു ആശയങ്ങളും ഹിന്ദു സംസ്കാരവുമാണെന്നും അതുകൊണ്ട് ത്രിവർണപതാക ഹിന്ദുക്കളുടെ മാനസിക ആരോഗ്യത്തെ തകർക്കുന്നതാണെന്നും അത് രാജ്യത്തിന് പരിക്കേൽപ്പിക്കുകയാണെന്നും ആർഎസ്എസ് വ്യക്തമാക്കി.

അതായത് ബഹുസ്വരതയുടെ നിറങ്ങൾ രാജ്യപതാകയിലുണ്ടാകുന്നത് സംഘപരിവാറിന് സഹിക്കുന്നതല്ല. അക്രമാസക്ത ഹിന്ദുത്വത്തെ പകരംവയ്ക്കുകയാണ് ഇവർ. എല്ലാ മതവിശ്വാസികളെയും ഒരുമതത്തിലും വിശ്വാസമില്ലാത്തവരെയും ഉൾക്കൊള്ളുന്ന മതനിരപേക്ഷ രാജ്യം എന്ന ചരിത്രപരമായ സങ്കൽപ്പത്തെ തിരുത്തി ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുകയെന്ന ആർഎസ്എസ് അജൻഡ നടപ്പാക്കുന്നതിന്റെ ഭാഗമാണ് പൗരത്വഭേദഗതി നിയമം.

രാജ്യത്തെ വർഗീയമായി വിഭജിക്കപ്പെടാനുള്ള എല്ലാ ചുവടുവയ്പുകളും കേന്ദ്രസർക്കാർ നടത്തുകയാണ്. രണ്ട് മത വിഭാഗങ്ങൾ തമ്മിലുള്ള ശത്രുത വളർത്തലായി വർഗീയതയെ ലഘൂകരിച്ച് കാണാൻ കഴിയില്ല. അതൊരു അപകടകരമായ സാമുഹ്യരാഷ്ട്രീയ പ്രതിഭാസമാണ്. ഹിന്ദുവർഗീയ തീവ്രവാദത്തിന്റെ പ്രത്യേകത അത് യുക്തിരഹിതമാണ് എന്നതാണ്.

അതിനാലാണ് യുക്തിരഹിത ആശയങ്ങളിലൂടെ സമൂഹത്തിൽ ആധിപത്യം നേടാൻ ശ്രമിക്കുന്നത്. ഇന്ത്യക്കാരെ ഹിന്ദുത്വമെന്ന വർഗീയതയുടെ തലത്തിൽ അടിത്തറയുറപ്പിക്കാൻ നോക്കുകയാണ് സംഘപരിവാർ. ഇതിനുവേണ്ടി പാർലമെന്റിലെ ഭൂരിപക്ഷത്തെ മോഡിഭരണം ദുരുപയോഗപ്പെടുത്തുകയാണ്.

പൗരത്വബിൽ ലോകവ്യാപകമായി ഇന്ത്യയുടെ പേര് ചീത്തയാക്കിയിരിക്കുകയാണ്. മതാടിസ്ഥാനത്തിൽ പൗരത്വം നൽകുന്നത് മതനിരപേക്ഷ രാജ്യമെന്ന ഇന്ത്യയുടെ മേൽവിലാസത്തെ കളങ്കപ്പെടുത്തുകയാണ്. 370, 35 എ എന്നീ വകുപ്പുകൾ കശ്മീരിൽ ഇല്ലാതാക്കിയപ്പോൾ മോഡിയും അമിത് ഷായും പ്രഖ്യാപിച്ചത് ഒരു രാജ്യം ഒരു ഭരണഘടനയെന്നാണ്.

എന്നാൽ, പൗരത്വബില്ലിന്റെ കാര്യത്തിൽ ചില വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. അപ്പോൾ ഒരു രാജ്യം ഒരു ഭരണഘടന എന്ന പ്രഖ്യാപനം പാളി. അതിനാൽ മോഡി, അമിത് ഷാ ന്യായവാദങ്ങൾ ഇരുമ്പുലക്കയല്ലെന്ന് സാരം.

മോഡി ഭരണം വീണ്ടും വന്നപ്പോൾ രാജ്യത്ത് ഭരണകൂട പിന്തുണയോടെ ഗോരക്ഷാ ഗുണ്ടകളും സദാചാര അക്രമികളും അഴിഞ്ഞാട്ടം തീവ്രമാക്കി. മുസ്ലിങ്ങളും ദളിതരും ആക്രമിക്കപ്പെടുന്നു. ആൾക്കൂട്ട ഹിംസയ്ക്കും സ്ത്രീകളെ ബലാത്സംഗം ചെയ്ത് കത്തിച്ചുകൊല്ലുന്നതിനുമെല്ലാം ഭരണകൂടത്തിന്റെ ഒത്താശ കിട്ടുന്നു. ഈ വംശീയ മതവിദ്വേഷ അഴിഞ്ഞാട്ട മുഖം മറ്റൊരു രൂപത്തിൽ ലോക്സഭയിലും രാജ്യസഭയിലും പ്രതിഫലിക്കുകയാണ്. പൗരത്വ ഭേദഗതി ബിൽ അതാണ് തെളിയിക്കുന്നത്.

മുസ്ലിമെന്നാൽ തുല്യ നീതിക്ക് അർഹതയില്ലാത്ത വിഭാഗമാണെന്ന വിളംബരമാണ് ഇതിലൂടെ നടത്തുന്നത്. ഇത് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന കാഴ്ചപ്പാടിനെ പിച്ചിച്ചീന്തുന്നതാണ്. ഒരു മതത്തോടും സമുദായത്തോടും ഭരണകൂടം വിവേചനം കാട്ടാൻ പാടില്ലെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. രാജ്യത്തിന് സ്വാതന്ത്ര്യം നേടുന്നതിൽ രക്തവും ജീവനും അർപ്പിച്ചവരിൽ മറ്റേതൊരു ജനവിഭാഗത്തെപ്പോലെ മുസ്ലിങ്ങളും മുന്നിലായിരുന്നു. ആ ത്യാഗത്തെയും സഹനത്തെയും അവഹേളിക്കലാണ് പൗരത്വ ബിൽ.

രാജ്യം എത്രമാത്രം പ്രയാസകരമായ ഒരു ഘട്ടത്തിലൂടെയാണ് സാമ്പത്തികം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കടന്നുപോകുന്നത്. അതിനിടയിലാണ് ജനങ്ങളെ വിഭജിക്കുന്ന നിയമം കൊണ്ടുവന്നത്. ഉള്ളിക്ക് കിലോയ്ക്ക് 200 രൂപ വരെയായി വില. രണ്ട് ചാക്ക് ഉള്ളിയുടെ മേലെ ഇരിക്കുന്ന ആളെ കോടീശ്വരനെന്ന് വിശേഷിപ്പിക്കുന്ന രീതിയിലേക്ക് വിലക്കയറ്റം മാറിയിരിക്കുന്നു.

ന്യായവിലയ്ക്ക് ഉള്ളി നൽകുന്നതിനുള്ള ഭരണയിടപെടലിനെപ്പറ്റിയാണ് കേന്ദ്രസർക്കാർ ആലോചിക്കേണ്ടത്. കേന്ദ്രസർക്കാരിന്റെ പിടിപ്പുകേടു കാരണമാണ് പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും ഉള്ളി തൊട്ടാൽ പൊള്ളുന്നതായത്. പെട്രോൾ ‐ ഡീസൽവില ക്രമാതീതമായി വർധിപ്പിച്ചിരിക്കുകയാണ്. ഇതുമൂലമുള്ള വിലക്കയറ്റം വേറെ. ഇതിനുള്ള പരിഹാരമാണ് കേന്ദ്രഭരണക്കാർ തേടേണ്ടത്.

സമീപകാലത്ത് എങ്ങും ദർശിച്ചിട്ടില്ലാത്തവിധമുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് രാജ്യം. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ജിഎസ്ടി വിഹിതം നൽകിയിട്ടില്ല. ഇതിനെല്ലാമുള്ള പോംവഴി കാണേണ്ടതാണ്. അതിനൊന്നും മെനക്കെടാതെ രാജ്യത്തെ വിഭജിക്കാനും അതിന്മേൽ ചർച്ചകൾ കേന്ദ്രീകരിക്കാനും വേണ്ടിയാണ് പൗരത്വഭേദഗതി നിയമം കേന്ദ്രം കൊണ്ടുവന്നത്. 2024 ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വപട്ടിക ദേശവ്യാപകമായി നടപ്പിലാക്കുമെന്നാണ് അമിത് ഷാ പറഞ്ഞത്.

അസമിൽ നടപ്പാക്കിയ പൗരത്വപട്ടികയിലൂടെ 19 ലക്ഷത്തിലധികംപേർ രാജ്യമില്ലാത്തവരായി. പൗരത്വപട്ടിക ഇല്ലാത്തവർക്കായി പ്രത്യേകതടങ്കൽ പാളയങ്ങൾ കെട്ടിപ്പൊക്കിയിട്ടുണ്ട് കോൺസെൻട്രേഷൻ ക്യാമ്പുകൾ എന്ന പേരിൽ.

വംശീയതയുടെയും മതത്തിന്റെയും പേരിൽ രാജ്യവ്യാപകമായി കോൺസെൻട്രേഷൻ ക്യാമ്പുകൾ തുറക്കാനുള്ള ഏറ്റവും അപകടകരമായ നിയമമാണ് മോഡി സർക്കാർ കൊണ്ടുവന്നിരിക്കുന്നത്. കേന്ദ്രഭരണത്തിന്റെ ഈ കാട്ടാളനടപടിക്കെതിരെ ജനാധിപത്യത്തിലും ബഹുസ്വരതയിലും മതനിരപേക്ഷതയിലും വിശ്വാസമുള്ള ഏതൊരു ഇന്ത്യൻ പൗരനും ശബ്ദമുയർത്തണം.