പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കാനുള്ള നീക്കത്തിനെതിരെ സിഐടിയു; പാലക്കാട് ദേശരക്ഷാ മാർച്ച് നടത്തും

കേന്ദ്ര പൊതുമേഖല സ്ഥാപനമായ ബെമലുൾപ്പെടെ വിറ്റഴിക്കാനുള്ള നീക്കത്തിനെതിരെ സിഐടിയു. നാളെ സിഐടിയുവിന്റെ നേതൃത്വത്തിൽ പാലക്കാട് ദേശരക്ഷാ മാർച്ച് നടത്തും.

പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കാനുള്ള മോദി സർക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമുയർത്തിക്കൊണ്ടുവരാനാണ് സിഐടിയു വിന്റെ തീരുമാനം. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻറിൽ നിന്നാരംഭിച്ച് രക്തസാക്ഷി മണ്ഡപത്തിന് സമീപം മാർച്ച് സമാപിക്കും.

തുടർന്ന് നടക്കുന്ന പൊതുസമ്മേളനം സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും. പ്രതിരോധ മേഖലയിലെ പ്രധാന സ്ഥാപനത്തെ കുത്തക കമ്പനികൾക്ക് കൈമാറാനുള്ള നീക്കം അനുവദിക്കില്ലെന്നും ജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധമുയർത്തിക്കൊണ്ടു വരുമെന്നും സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ പറഞ്ഞു.

സാമൂഹ്യ-സാംസ്ക്കാരിക രംഗത്തെ പ്രമുഖർ ദേശ രക്ഷാമാർച്ചിൽ അണിനിരക്കും. ബെമലിൽ രാജ്യത്തെ 8 യൂനിറ്റിന് കീഴിൽ കേന്ദ്ര സർക്കാരിനുള്ള 54 ശതമാനം ഓഹരി മുഴുവൻ സ്വകാര്യ കമ്പനികൾക്ക് കൈമാറാനാണ് നീക്കം. പ്രതിരോധ മേഖലയിൽ sട്രാ ട്രെക്കും, മെട്രോ കോച്ചുകളും നിർമിക്കുന്ന രാജ്യത്തെ ഏക സ്ഥാപനമായ ബെമൽ വർഷങ്ങളായി ലാഭകരമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ്.

ഇന്ത്യൻ റെയിൽവേക്കായി റെയിൽവേ കോച്ചുകളും , ഇന്ത്യൻ സൈന്യത്തിനായി സർവ്വത്ര ബ്രിഡ്ജ് വാഹനവും നിർമിച്ച് അടുത്തിടെ ബെമൽ കൈമാറിയിരുന്നു. സ്വകാര്യവത്ക്കരണ നീക്കത്തിനെതിരെ ബെമൽ എംപ്ലോയീസ് കോ- ഓർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിലും രാജ്യവ്യാപകമായി പ്രതിഷേധം നടക്കുന്നുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News