ബ്രിട്ടനിൽ വോട്ടെണ്ണെല്‍ ആരംഭിച്ചു; കൺസർവേറ്റീവ്‌ പാർടിക്ക്‌ മുന്നേറ്റം

ബ്രക്‌സിറ്റിനെ തുടർന്ന്‌ ബ്രിട്ടനിൽ നടത്തിയ തെരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ പുറത്തുവന്നുതുടങ്ങിയപ്പോൾ കൺസർവേറ്റീവ്‌ പാർടിക്ക്‌ മുന്നേറ്റം. ആകെയുള്ള 650 സീറ്റിൽ ഫലം പ്രഖ്യാപിച്ച 360 സീറ്റിൽ 188 ഉം കൺസർവേറ്റീവ്‌ പാർടി നേടി.ലേബർ പാർടി 125 സീറ്റ്‌ നേടി. സ്‌കോട്ടിസ്‌ നാഷ്‌ണൽ പാർടിക്ക്‌ 27 സീറ്റും ലിബറൽ ഡെമോക്രറ്റ്‌സ്‌ 6 സീറ്റും നേടി. ബ്രക്‌സിറ്റിന്‌ അനുകൂലമായാണ്‌ ജനം വിധിയെഴുതിയതെന്ന്‌ പ്രധാനമന്ത്രി ബോറിസ്‌ ജോൺസൻ പറഞ്ഞു.

രണ്ടം ലോകയുദ്ധാനന്തരകാലത്തെ ഏറ്റവും പ്രധാന തെരഞ്ഞെടുപ്പുകളിലൊന്നിനാണ്‌ ബ്രിട്ടൻ വ്യാഴാഴ്‌ച വോട്ട്‌ ചെയ്‌തത്‌. യൂറോപ്യൻ യൂണിയനിൽനിന്ന്‌ ബ്രിട്ടൻ പുറത്തുപോകുന്നതിന്റെ (ബ്രെക്‌സിറ്റ്‌) വിധി തീരുമാനിക്കുന്നതിന്‌ രണ്ടരവർഷത്തിനിടെ നടത്തിയ രണ്ടാമത്തെ ഇടക്കാല തെരഞ്ഞെടുപ്പാണിത്‌. 96 വർഷത്തിനിടെ ആദ്യമായാണ്‌ ക്രിസ്‌മസ്‌ മാസത്തിൽ തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌.

വ്യാഴാഴ്‌ച രാവിലെ ഏഴുമുതൽ രാത്രി 10 വരെ (ഇന്ത്യൻ സമയം വെള്ളിയാഴ്‌ച പുലർച്ചെ 3.30) ആയിരുന്നു പോളിങ്‌. പ്രധാനമന്ത്രി ബോറിസ്‌ ജോൺസന്റെ കൺസർവേറ്റീവ്‌ പാർടിയും സോഷ്യലിസ്റ്റ്‌ നേതാവ്‌ ജെറമി കോർബിന്റെ ലേബർ പാർടിയും തമ്മിലായിരുന്നു പ്രധാനമത്സരം. പൊതുസഭയിലെ 650 സീറ്റിലേക്ക്‌ 3322 സ്ഥാനാർഥികളാണ്‌ മത്സരിക്കുന്നത്‌.

പിൻവാങ്ങൽ കരാറുണ്ടാക്കി യൂറോപ്യൻ യൂണിയനിൽനിന്ന്‌ പുറത്തുവരും എന്നതാണ്‌ കൺസർവേറ്റീവുകളുടെ പ്രധാന മുദ്രാവാക്യം. എന്നാൽ, ഇയുവുമായി ബന്ധം സംബന്ധിച്ച്‌ വീണ്ടും ഹിതപരിശോധന നടത്തുമെന്നാണ്‌ ലേബർ നിലപാട്‌.

2015ൽ നടന്ന ഹിതപരിശോധനയിൽ 51 ശതമാനം പേർ ഇയു വിട്ടുപോകുന്നതിന്‌ വോട്ട്‌ ചെയ്‌തിരുന്നു. രണ്ടുവർഷം കഴിഞ്ഞിട്ടും ഇത്‌ നടപ്പാക്കാൻ കഴിയാതെ വന്നപ്പോഴാണ്‌ 2017ൽ ഇടക്കാല തെരഞ്ഞെടുപ്പ്‌ നടത്തേണ്ടിവന്നത്‌.

തെരേസ മേയ്‌ പുതിയ സർക്കാരുണ്ടാക്കി ഏറെ ശ്രമിച്ചിട്ടും ബ്രെക്‌സിറ്റ്‌ കരാറിൽ ധാരണയിലെത്താൻ കഴിയാഞ്ഞതിനാൽ അവർ രാജിവച്ചപ്പോഴാണ്‌ ആറ്‌ മാസംമുമ്പ്‌ ബോറിസ്‌ ജോൺസൻ പ്രധാനമന്ത്രിയായത്‌. 2017ൽ 12 ഇന്ത്യൻ വംശജർ എംപിമാരായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here